അമ്മ എല്ലാം ശരിയാക്കി, മണിക്കൂറുകള്‍ക്കകം – Shalom Times Shalom Times |
Welcome to Shalom Times

അമ്മ എല്ലാം ശരിയാക്കി, മണിക്കൂറുകള്‍ക്കകം

2009-ലാണ് വിവാഹം കഴിഞ്ഞ് ഞാനും ഭാര്യയും എന്റെ ജോലിസ്ഥലത്തേക്ക് പോയത്. അവിടെച്ചെന്ന് ഒരു മാസം കഴിഞ്ഞ് ഭാര്യയ്ക്കും ജോലി ലഭിച്ചു. അങ്ങനെ അവിടെ ശാന്തമായി കഴിയുകയായിരുന്നു. പക്ഷേ ഒരു ദിവസം ഞങ്ങള്‍ ജോലി കഴിഞ്ഞ് മടങ്ങിവന്നപ്പോള്‍ വീടിന്റെ വാതിലില്‍ ബാങ്കിന്റെ ജപ്തിനോട്ടീസ്!
ഉടനെ ഞാന്‍ വീട് ശരിയാക്കിത്തന്ന ബ്രോക്കറെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു: ”നിങ്ങള്‍ താമസിക്കുന്ന വീടിന് ലോണ്‍ ഉണ്ട്. വീടിന്റെ ഉടമ വളരെ ദൂരെയുള്ള ആളാണ്.

നിങ്ങള്‍ തരുന്ന വീട്ടുവാടക സ്ഥിരമായി ബാങ്കില്‍ അടയ്ക്കാന്‍ വേറെ ഒരു വ്യക്തിയെ ഏല്പിച്ചിരുന്നു. ആ വ്യക്തി നാളുകളായി ബാങ്കില്‍ അടയ്ക്കാത്തതുകൊണ്ടാണ് ജപ്തി വന്നിരിക്കുന്നത്.” ഇതൊന്നുംകൂടാതെ ഞങ്ങളെ ഏറെ വിഷമത്തിലാക്കുന്ന ഒരു കാര്യംകൂടി അദ്ദേഹം അറിയിച്ചു, ”ഒരു മാസത്തിനുള്ളില്‍ നിങ്ങള്‍ ആ വീട്ടില്‍നിന്ന് താമസം മാറണം!”

”എത്ര കഷ്ടപ്പെട്ടാണ് ദൈവമേ ഈ വീടുതന്നെ കിട്ടിയത്?” ഭാര്യ ആത്മഗതം ചെയ്തു. അടുത്ത ദിവസം അതാ എന്റെ വീട്ടില്‍നിന്ന് പപ്പാ വിളിച്ചു പറയുന്നു, ”ഞങ്ങള്‍ നിങ്ങളുടെ അടുത്തേക്ക് വരാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്!” ഞാന്‍ നോക്കിയപ്പോള്‍ മാതാപിതാക്കള്‍ എത്തുന്ന ദിവസവും വീട് മാറേണ്ട അവസാന ദിവസവും ഒന്നാണ്. അതുകൂടി ശ്രദ്ധിച്ചപ്പോള്‍ ആകെ അസ്വസ്ഥതയായി. ഞങ്ങള്‍ രണ്ടുപേരും പരിചയമുള്ള എല്ലാവരോടും വീട് അന്വേഷിച്ചു. മൂന്നാഴ്ചയോളം അന്വേഷിച്ചിട്ടും കിട്ടിയില്ല, ആകെ സങ്കടം. ഇനി ഒരാഴ്ചമാത്രമേയുള്ളൂ വീടിന് കാലാവധി.

എന്തായാലും അതിനുശേഷം വന്ന ഞായറാഴ്ച പതിവുപോലെ ദൈവാലയത്തില്‍ പോയി. അന്ന് അവിടത്തെ ഇടവകദൈവാലയത്തില്‍ വാര്‍ഷിക ധ്യാനത്തിന്റെ അവസാന ദിവസമായിരുന്നു. ഞങ്ങള്‍ ആ ദിവസത്തെ ധ്യാനമേ കൂടിയുള്ളൂ. തിരിച്ചുവന്നതിനുശേഷം ഒരു അങ്കിള്‍ പറഞ്ഞതിന്‍പ്രകാരം ഒരു വീട് കാണാന്‍ പോകണം. അങ്കിള്‍ ആ വീട് കിട്ടുമെന്ന് ഉറപ്പ് തന്നിട്ടുണ്ട്. ആ ഉറപ്പില്‍ ഞങ്ങള്‍ സമാധാനിച്ചിരിക്കുകയായിരുന്നു. എന്നാല്‍ വിളിച്ചപ്പോള്‍ അങ്കിള്‍ പറഞ്ഞു, ”എടാ ആ വീട് കിട്ടില്ല.” അത് കേട്ടപ്പോള്‍ത്തന്നെ ധ്യാനംകൂടിയ എല്ലാ സന്തോഷവും പോയി. ആകെ നിരാശപ്പെട്ട് ഞങ്ങള്‍ തളര്‍ന്നിരുന്നു.

അന്നത്തെ ധ്യാനപ്രസംഗം മാതാവിനെക്കുറിച്ചായിരുന്നു. എത്രയും ദയയുള്ള മാതാവേ എന്ന പ്രാര്‍ത്ഥനയില്‍ ‘നിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചവരില്‍ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്നു നീ ഓര്‍ക്കണമേ’ എന്ന് നമ്മള്‍ പ്രാര്‍ത്ഥിക്കാറുണ്ടല്ലോ. അതുകൊണ്ട് മാതാവിനോട് മാധ്യസ്ഥ്യം അപേക്ഷിച്ചാല്‍ ഉപേക്ഷിക്കില്ല, ഏത് പ്രതിസന്ധിഘട്ടത്തിലും നിങ്ങള്‍ മാതാവിനോട് ശക്തമായി മാധ്യസ്ഥ്യം അപേക്ഷിക്കണം. ധ്യാനഗുരു പറഞ്ഞ ഈ ഭാഗം ഞങ്ങളുടെ ഹൃദയത്തില്‍ ആഴ്ന്നിറങ്ങിയിരുന്നു. ഉടനെതന്നെ ഭാര്യയുടെ താല്പര്യപ്രകാരം മാതാവിന്റെ രൂപത്തിനുമുന്നില്‍ മുട്ടുകുത്തി വീട് ലഭിക്കാന്‍ വേണ്ടി ഞങ്ങള്‍ കരഞ്ഞ് ജപമാല ചൊല്ലി. ഈ സാഹചര്യത്തില്‍ മാതാവ് ഞങ്ങളെ കൈവിടില്ല എന്നുള്ള വിശ്വാസത്തില്‍നിന്നുള്ള നിലവിളിയായിരുന്നു.

പിന്നീട് ഞാന്‍ ശാന്തമായി കിടന്നു. വൈകുന്നേരം വീണ്ടും വീട് അന്വേഷിക്കാന്‍ ഇറങ്ങി. അങ്ങനെ നടക്കുമ്പോള്‍ ആദ്യം കണ്ട ഒരു ചെറിയ കടയിലെ വ്യക്തിയോട് അന്വേഷിക്കാന്‍ തോന്നി. ഞാന്‍ അവിടെച്ചെന്ന് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു, ”ഇവിടെ അടുത്തുതന്നെ ഒരു വീട് ഉണ്ട്. ഇന്ന് ഒരു വീടിന്റെ കാര്യം ഒരാള്‍ എന്നോട് പറഞ്ഞു. അവര്‍ക്ക് ഉടനെ താമസക്കാരെ വേണമെന്ന്!” അവര്‍ കൊടുത്തിരുന്ന ഫോണ്‍ നമ്പറില്‍ അയാള്‍ വിളിച്ച് സംസാരിച്ചു. വീട് ഏര്‍പ്പാടാക്കി. മൂന്ന് ആഴ്ച പലരിലൂടെ അന്വേഷിച്ചിട്ട് നടക്കാത്ത കാര്യം മാതാവിനോടുള്ള മാധ്യസ്ഥ്യം വഴി ഏതാനും മണിക്കൂറുകള്‍ക്കകം നടന്നു.

എന്തെന്നില്ലാത്ത സന്തോഷം തോന്നി, മാതാവ് ഇത്രയും പെട്ടെന്ന് ഞങ്ങളുടെ ജീവിതത്തില്‍ ഇടപെട്ടതിന്. ഉടനെതന്നെ പറഞ്ഞ വീട് പോയി കാണുകയും ഇഷ്ടപ്പെടുകയും ചെയ്തു. അടുത്ത ദിവസം വാടകച്ചീട്ട് എഴുതാനും സാധിച്ചു. സന്ധ്യാപ്രാര്‍ത്ഥനയില്‍ ജപമാല ചൊല്ലിയെന്ന് പറഞ്ഞാലും ജപമാല പ്രാര്‍ത്ഥനയ്ക്ക് ഇത്രയും ശക്തിയുണ്ടെന്നും മാതാവ് ഇത്രയും വേഗത്തില്‍ ഇടപെടുമെന്നും അന്നാണ് അത്രയും ബോധ്യം വന്നത്. ആദ്യം താമസിച്ചിരുന്ന വീടിനെക്കാള്‍ നല്ലതും വാടക കുറവും ഉള്ള വീട് ആയിരുന്നു അത്. നാട്ടില്‍നിന്ന് മാതാപിതാക്കള്‍ വരുന്ന അന്നുതന്നെ ഞങ്ങള്‍ക്ക് പുതിയ വീട്ടിലേക്ക് താമസം മാറാന്‍ സാധിച്ചു.

ഈ സംഭവത്തിനുശേഷം എനിക്ക് ജപമാല പ്രാര്‍ത്ഥനയോടുള്ള വിരസത മാറി. ജപമാല പ്രാര്‍ത്ഥന വേഗത കുറച്ച് സ്ഫുടതയോടെ ചൊല്ലാന്‍ തുടങ്ങി. ലുത്തിനിയയുടെ വേഗതയും കുറച്ചു. അന്ന് വീട് ലഭിക്കാനുണ്ടായ താമസം മാതാവിന്റെ ഇടപെടല്‍ അറിയാന്‍ കാരണമായി. ഇന്നും ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് മുട്ടില്‍ നിന്ന് ആത്മാര്‍ത്ഥമായി ജപമാല ചെല്ലും. ചില കാര്യങ്ങളില്‍ മാതാവ് പെട്ടെന്ന് ഇടപെടും, ചിലതില്‍ സാവകാശവും. ഉത്തരം കിട്ടുന്നതു വരെ കാത്തിരിക്കാനുള്ള കൃപയും മാതാവിലൂടെ ഈശോ തന്നു. താമസിച്ചതുകൊണ്ട് ദൈവം വരാതിരിക്കുമെന്നോ മറുപടി ലഭിക്കാത്തതുകൊണ്ട് ദൈവം കേള്‍ക്കുന്നില്ലെന്നോ കരുതേണ്ടതില്ല എന്ന് ഞങ്ങള്‍ക്ക് ബോധ്യമായി.

നമ്മുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ എല്ലാം തിന്മയാണന്ന് കരുതാതെ അതില്‍ ദൈവത്തിന്റെ ശക്തമായ ഇടപെടല്‍ നടക്കും എന്ന ബോധ്യത്തില്‍ നമുക്ക് ജീവിക്കാം. ”അവിടുന്ന് സമസ്തവും അതതിന്റെ കാലത്ത് ഭംഗിയായിരിക്കത്തക്കവിധം സൃഷ്ടിച്ചു. മനുഷ്യമനസ്സില്‍ കാലത്തിന്റെ സമഗ്രതയെക്കുറിച്ചുള്ള ബോധം അവിടുന്ന് നിക്ഷേപിച്ചിരിക്കുന്നു; എന്നാല്‍ ദൈവത്തിന്റെ പ്രവൃത്തികള്‍ ആദ്യന്തം ഗ്രഹിക്കാന്‍ അവന് കഴിവില്ല” (സഭാപ്രസംഗകന്‍ 3/11).

ജോബി ജോര്‍ജ്