ഒരിക്കല്‍ ഗുരുവും രണ്ട് ശിഷ്യരും ചേര്‍ന്ന് ചൂണ്ടയിടാന്‍ തടാകത്തിലേക്ക് പോയി. വഞ്ചി തുഴഞ്ഞ് തടാകത്തിന്റെ നടുവിലെത്തിയപ്പോള്‍ ഗുരു പറഞ്ഞു, ”അയ്യോ, ഞാനെന്റെ തൊപ്പിയെടുക്കാന്‍ മറന്നുപോയി!” ഗുരു വേഗം വഞ്ചിയില്‍നിന്നിറങ്ങി വെള്ളത്തിനുമുകളിലൂടെ കരയിലേക്ക് നടന്നു. തൊപ്പിയുമെടുത്ത് തിരികെ വന്ന് ഗുരു വഞ്ചിയിലിരുന്നതേ ഒരു ശിഷ്യന്റെ സ്വരം, ”ഞാന്‍ മീനിനുള്ള ഇരയെടുക്കാന്‍ മറന്നുപോയി!” അവന്‍ വേഗം ഇറങ്ങി ഗുരുവിനെപ്പോലെതന്നെ നടന്നുപോയി ഇരയെടുത്തുകൊണ്ട് തിരികെയെത്തി.
ഇതുകണ്ട് രണ്ടാമത്തെ ശിഷ്യന് വളരെയധികം അസൂയ തോന്നി. അതോടൊപ്പം അഹങ്കാരവും, ”ഇവര്‍ക്ക് ഇത്ര എളുപ്പത്തില്‍ വെള്ളത്തിനുമുകളിലൂടെ നടക്കാമെന്നോ? ഞാനത്ര മോശക്കാരനൊന്നുമല്ല, എനിക്കും സാധിക്കും.” അവന്‍ ചിന്തിച്ചു. ”ഞാന്‍ പോയി മീന്‍ ശേഖരിക്കാനുള്ള പാത്രം എടുത്തിട്ടുവരാം.” അതുപറഞ്ഞ് വെള്ളത്തിലിറങ്ങി നടക്കാന്‍ ശ്രമിച്ചതേ അവന്‍ മുങ്ങാന്‍ തുടങ്ങി.
ഗുരുവും സഹശിഷ്യനും ചേര്‍ന്ന് ഒരു വിധത്തില്‍ അവനെ വലിച്ച് വഞ്ചിയില്‍ കയറ്റി. വഞ്ചിയിലിരുന്ന് അവന്‍ ശ്വാസം ആഞ്ഞുവലിക്കവേ ഗുരു മറ്റേ ശിഷ്യനോട് ചോദിച്ചു, ”തടാകത്തില്‍ എവിടെയൊക്കെയാണ് നിലയുറപ്പിക്കാനുള്ള കല്ലുകള്‍ ഉള്ളതെന്ന് ഇവന് അറിയില്ലായിരുന്നു അല്ലേ?”
”അഹങ്കാരത്തിന്റെ പിന്നാലെ അപമാനമുണ്ട്; വിനയമുള്ളവരോടുകൂടെ ജ്ഞാനവും” (സുഭാഷിതങ്ങള്‍ 11/2)