ജപ്പാനിലെ അക്കിത്താ നഗരത്തിനടുത്തുള്ള ‘ദിവ്യകാരുണ്യത്തിന്റെ ദാസികള്‍’ എന്ന സന്യാസിനീസമൂഹത്തിലെ അംഗമായിരുന്നു സിസ്റ്റര്‍ ആഗ്നസ്. 1973 ജൂണ്‍ 24-ന് സിസ്റ്റര്‍ ആഗ്നസിന് ഒരു അനുഭവം ഉണ്ടായി. സിസ്റ്റര്‍ ചാപ്പലില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് കണ്ണുകളുയര്‍ത്തി നോക്കിയപ്പോള്‍ അള്‍ത്താരയ്ക്ക് ചുറ്റും ഒരു നേരിയ വെളിച്ചം പരക്കുന്നതായി തോന്നി. മൂടല്‍മഞ്ഞുപോലെ അത് അവിടമാകെ നിറഞ്ഞു. അതിന്റെ ഉള്ളില്‍ മാലാഖമാരുടെ ഒരു വ്യൂഹം.
അവര്‍ സക്രാരിയിലെ ദിവ്യകാരുണ്യത്തിനുമുമ്പില്‍ നമിച്ചുകൊണ്ട് ശുദ്ധവും വ്യക്തവുമായ ശബ്ദത്തില്‍ ഉദ്‌ഘോഷിച്ചു- ”പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍.” അവര്‍ അവസാനിപ്പിച്ചപ്പോള്‍ ഉടനെതന്നെ തന്റെ വലതുവശത്തുനിന്നായി കാവല്‍മാലാഖ ഇങ്ങനെ പ്രാര്‍ത്ഥിക്കുന്ന ഒരു ശബ്ദം സിസ്റ്റര്‍ കേട്ടു.
”പരിശുദ്ധ കുര്‍ബാനയില്‍ സത്യമായും സന്നിഹിതമായിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, ലോകമെങ്ങുമുള്ള അള്‍ത്താരകളില്‍ ബലിയായി, ദൈവപിതാവിനെ മഹത്വപ്പെടുത്തി, അവിടുത്തെ രാജ്യം വരാനായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്ന അവിടുത്തെ ഹൃദയത്തോട് പൂര്‍ണമായി ഒന്നായിരിക്കാന്‍ എന്റെ ശരീരത്തെയും ആത്മാവിനെയും ഞാന്‍ സമര്‍പ്പിക്കുന്നു.
എന്റെ എളിയ സമര്‍പ്പണത്തെ അവിടുന്ന് സ്വീകരിക്കണമേ… ദൈവപിതാവിന്റെ മഹത്വത്തിനായും ആത്മാക്കളുടെ രക്ഷയ്ക്കായും അവിടുന്നെന്നെ ഉപയോഗിക്കണമേ.
പരിശുദ്ധ മറിയമേ, അവിടുത്തെ ദിവ്യകുമാരനില്‍നിന്ന് അകന്നുപോകാന്‍ എന്നെ ഒരിക്കലും അനുവദിക്കരുതേ. അവിടുത്തെ പ്രിയപുത്രിയായി എന്നെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യണമേ, ആമ്മേന്‍.”
ദിവ്യകാരുണ്യത്തോടുള്ള അനാദരവുകള്‍ക്ക് മാപ്പ് ചോദിച്ച് പ്രാര്‍ത്ഥിക്കാന്‍ ഫാത്തിമാദര്‍ശനംപോലെതന്നെ അക്കിത്തായിലെ ഈ ദര്‍ശനവും നമ്മെ ഓര്‍മിപ്പിക്കുന്നു.