ഏതാനും വൈദികര്‍ സങ്കീര്‍ത്തിയില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് അവരിലൊരാളുടെ മുഖഭാവം മാറി. തീപിടിച്ചതുപോലെ അദേഹം ദൈവസ്നേഹത്താല്‍ ജ്വലിച്ചു. മറ്റുള്ളവരെ അമ്പരപ്പിച്ച് അദേഹം വായുവില്‍ ഉയര്‍ന്ന്, തൂവല്‍സമാനം ഒഴുകി. പിന്നീട് ശാന്തമായി തിരികെയെത്തി. പാഷനിസ്റ്റ് സഭാസ്ഥാപകനായ കുരിശിന്റെ വിശുദ്ധ പോള്‍, മോണ്ടെഫിയാസ്‌കോണ്‍ രൂപതയിലെ ലാറ്റെറെയിലായിരിക്കുമ്പോഴാണ് ഇങ്ങനെ സംഭവിച്ചത്.
അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 17/28 രേഖപ്പെടുത്തുന്നു, ”അവിടുന്നില്‍ നാം ജീവിക്കുന്നു; ചരിക്കുന്നു; നിലനില്ക്കുന്നു. നാം അവിടുത്തെ സന്താനങ്ങളാണ്.”
തികച്ചും സാധാരണ ജീവിതം നയിച്ച യുവാവാണ് പോള്‍ ഫ്രാന്‍സിസ് ഡനെയ് എന്ന ഈ വിശുദ്ധന്‍. യൗവനത്തില്‍ ക്രൂശിതനായ ഈശോയെ സ്നേഹിച്ചു തുടങ്ങി. പിന്നീട്, ക്രൂശിതനെ സ്നേഹിക്കാനും പ്രഘോഷിക്കാനും മാത്രമായി ഒരു വൈദിക സന്യാസമൂഹത്തിന് രൂപം നല്കി- പാഷനിസ്റ്റ് ഫാദേഴ്സ്. ഈശോയെ സ്നേഹിച്ച്, സ്നേഹിച്ച് ഇരുവരും ഉറ്റസ്നേഹിതരായി.
ഒടുവില്‍ ദൈവസ്നേഹം അദ്ദേഹത്തെ കീഴടക്കി, പൊതിഞ്ഞു. ”നമുക്കു നല്കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയപ്പെട്ടിരിക്കുന്നു” (റോമ 5/5) എന്ന വചനം അദേഹത്തില്‍ യാഥാര്‍ത്ഥ്യമായി. അങ്ങനെ അദേഹം ജീവിക്കുന്നത് സ്നേഹമായ ദൈവത്തിലായി. അതാണ് മേലുദ്ധരിച്ച സംഭവത്തില്‍ കാണുന്നത്. ദൈവത്തില്‍ ജീവിക്കുകമാത്രമല്ല, ദൈവത്തിലാണ് അദേഹം ചരിച്ചിരുന്നതും.
എല്‍ബാ ദ്വീപില്‍ ദൈവസ്നേഹത്തെക്കുറിച്ച് പ്രഘോഷിച്ചുകൊണ്ടിരിക്കവെ, സ്റ്റേജില്‍നിന്നും അദ്ദേഹം വായുവിലേക്കുയര്‍ന്നു. ശ്രോതാക്കളുടെ ശിരസിനുമുകളിലൂടെ വായുവില്‍ സഞ്ചരിച്ചുകൊണ്ടാണ് ആ പ്രസംഗം മുഴുവനുംതന്നെ നടത്തിയത്. ഇതുപൊലുള്ള അസാധാരണ സംഭവങ്ങള്‍ വിശുദ്ധന്റെ ജീവിതത്തില്‍ സാധാരണമായിരുന്നു.
ഇതിന്റെ കാരണവും അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ 17/28 തിരുവചനം വ്യക്തമാക്കുന്നു: ”നാം അവിടുത്തെ സന്താനങ്ങളാണ്.” ദൈവമക്കളായ നാം ദൈവത്തില്‍ ജീവിക്കുകയും ചരിക്കുകയും നിലനില്ക്കുകയും ചെയ്യേണ്ടവരാണെന്ന് ഈ തിരുവചനം ഓര്‍മിപ്പിക്കുന്നു. ”നമ്മള്‍ ആത്മാവിലാണ് ജീവിക്കുന്നതെങ്കില്‍ നമുക്ക് ആത്മാവില്‍ വ്യാപരിക്കാം” (ഗലാത്തിയാ 5/25) എന്ന ദൈവികാഹ്വാനം നാം സ്വീകരിക്കണം. അപ്പോള്‍ ക്ലേശങ്ങളും ദുരിതങ്ങളും പ്രലോഭനങ്ങളും തിന്മയും നിറഞ്ഞ ഈ ലോക ജീവിതം ഏറെ സുഗമമാകും.
ഏതു ജീവിതാവസ്ഥയിലുള്ളവര്‍ക്കും ഇത് സാധ്യമാണ്. കാരണം സകലതിനെയും വിജയിച്ച, ആരുടെയും മുമ്പില്‍ പതറാത്ത, തിന്മയെ പരാജയപ്പടുത്തിയ ദൈവത്തിലാണ് ജീവിക്കുകയും ചരിക്കുകയും ചെയ്യുക. അതിനായി ഒറ്റക്കാര്യം- ദൈവത്തെ സ്നേഹിച്ചാല്‍ മാത്രംമതി. കുരുശിന്റെ വി.പോളും അത്രമാത്രമേ ചെയ്തുള്ളൂ. ബാക്കി ക്രിസ്തുവിന്റെ പണിയാണ്. അവിടുന്ന് തന്റെ സ്നേഹത്തില്‍ നമ്മെ പൊതിയും. ദൈവസ്നേഹത്തില്‍ പൂണ്ട്, ആത്മാവിന്റെ ചിറകുകളില്‍ ചലിച്ച് അങ്ങനെ, ഭൂമിയിലായിരിക്കെത്തന്നെ ദൈവരാജ്യം അനുഭവിച്ച് നമുക്ക് ജീവിക്കാന്‍ കഴിയും.
”കാറ്റ് അതിന് ഇഷ്ടമുള്ളിടത്തേക്ക് വീശുന്നു; അതിന്റെ ശബ്ദം നീ കേള്‍ക്കുന്നു. എന്നാല്‍ അത് എവിടെനിന്നുവരുന്നെന്നോ എവിടേക്ക് പോകുന്നെന്നോ നീ അറിയുന്നില്ല. ഇതുപോലെയാണ് ആത്മാവില്‍നിന്നു ജനിക്കുന്ന ഏവനും” എന്ന് യോഹന്നാന്‍ 3/8-ല്‍ ഈശോ പറയുന്നത് എത്ര രസകരമാണ്! ഇങ്ങനെ ജീവിക്കാന്‍ തോന്നുന്നില്ലേ..? തീര്‍ച്ചയായും സാധ്യമാണ്, കാരണം ദൈവത്തില്‍ ജീവിക്കാനാണ് നമ്മെ സൃഷ്ടിച്ചിരിക്കുന്നത്.
കര്‍ത്താവേ, അങ്ങയെ സ്നേഹിച്ച്, അങ്ങയുടെ സ്നേഹത്താല്‍ പൊതിയപ്പെട്ട് അങ്ങില്‍ ജീവിക്കാനും ചരിക്കാനും ഞങ്ങളെ സഹായിക്കണമേ, ആമ്മേന്‍.