സൗന്ദര്യം വര്‍ധിക്കണോ നിത്യയൗവനം വേണോ..? – Shalom Times Shalom Times |
Welcome to Shalom Times

സൗന്ദര്യം വര്‍ധിക്കണോ നിത്യയൗവനം വേണോ..?

‘സൗന്ദര്യം വര്‍ധിക്കണോ..? നിത്യ യൗവനം വേണോ…? ഇതു ചെയ്താല്‍ മതി..’
ഒരുപക്ഷേ, നവമാധ്യമ മാര്‍ക്കറ്റുകളില്‍ ഏറ്റവും ഡിമാന്റുള്ള വാക്കുകളാണിവയെന്നു തോന്നുന്നു. കാരണം, സൗന്ദര്യത്തിന് ശക്തരെ കീഴടക്കാന്‍ കഴിയും, രാജ്യങ്ങളെയും അധിപതികളെയും വീഴ്ത്തിട്ടുണ്ട്, ലോകത്തെ ആകര്‍ഷിക്കാന്‍ മാത്രം പവര്‍ഫുള്‍ ആണ് സൗന്ദര്യത്തിന്റെ വശ്യശക്തി.

ഒരു പൂര്‍വ വിദ്യാര്‍ത്ഥി സംഗമം നടക്കുകയാണ്. അതില്‍, ഏറ്റവും സുന്ദരനെയും സുന്ദരിയെയും കണ്ടെത്തുന്ന ഐറ്റവുമുണ്ട്. പല പ്രായക്കാരുണ്ടായിരുന്നിട്ടും 60 കഴിഞ്ഞ രണ്ടുപേരാണ് വിജയികളായത്. ഇതെങ്ങനെ സംഭവിച്ചു? ഗ്രൂപ്പിന്റെ ചോദ്യംചെയ്യലില്‍ അവരുടെ സൗന്ദര്യരഹസ്യം പുറത്തായി..!
ഏറെ രസകരം, വ്യത്യസ്ത ജില്ലകളില്‍നിന്നുള്ള ഇവരുടെ സൗന്ദര്യകാരണം ഒന്നുതന്നെ ആയിരുന്നു എന്നതാണ്. ദിവസത്തിന്റെ ഏറെ സമയവും ഇവര്‍ ദൈവത്തോടൊപ്പമാണത്രേ…

‘സുന്ദരന്‍’ രാവിലെ നാലുമണിക്ക് അടുത്തുള്ള ആശ്രമത്തിലെത്തി ദിവ്യകാരുണ്യ ഈശോയുടെ അടുത്തിരിക്കും. ദിനവും ദിവ്യബലി അര്‍പ്പിച്ച്, ഹൃദയത്തില്‍ സ്വീകരിച്ച ഈശോയുമായി നിരന്തര സമ്പര്‍ക്കത്തിലാകും. സാധിക്കുമ്പോഴൊക്കെയും, ആഴ്ചയില്‍ രണ്ടുരാത്രി മുഴുവനും ദിവ്യകാരുണ്യ ആരാധന നടത്തും. ഇദ്ദേഹത്തിന് ഇതൊരു ഹരമാണ്.
‘സുന്ദരി’യും വിഭിന്നയല്ല. അതിരാവിലെ വീട്ടുകാര്യങ്ങള്‍ ക്രമപ്പെടുത്തി, ദൈവാലയത്തിലെത്തും. ദിവ്യകാരുണ്യ ആരാധന, പിന്നെ ദിവ്യബലി. അല്പം ദൂരെയുള്ള ധ്യാനകേന്ദ്രത്തില്‍ ഏറെ നേരം മധ്യസ്ഥ പ്രാര്‍ത്ഥന നടത്തും. എല്ലായ്‌പ്പോഴും ഒരേ ചിന്ത മാത്രം, ദിവ്യകാരുണ്യ ഈശോയുടെ അടുത്തിരിക്കണം. ഈ രണ്ടു വ്യത്യസ്ത വ്യക്തികളെയും തേജസ്വികളാക്കിയത് നിരന്തര ദൈവസാന്നിധ്യമായിരുന്നു.

ദൈവവചനം പറയുന്നു, ”..ദൈവത്തില്‍നിന്നുള്ള മഹത്വത്തിന്റെ സൗന്ദര്യം എന്നേക്കുമായി അണിയുക”(ബാറൂക്ക് 5/1). അഗസ്റ്റിന്‍ പഠിപ്പിച്ചതും അതുതന്നെ; ദൈവമാണ് സൗന്ദര്യത്തിന്റെ ഉറവിടം. ദൈവം സുന്ദരന്‍ മാത്രമല്ല, സൗന്ദര്യംതന്നെയാണ്. ഇതുതന്നെ സൗന്ദര്യത്തിന്റെ ശക്തിരഹസ്യവും.
ഈ സൗന്ദര്യം സ്വന്തമാക്കണമെങ്കില്‍ നിരന്തരം ദൈവത്തോടൊപ്പം വസിച്ചേ പറ്റൂ. മാലാഖമാരുടെ സൗന്ദര്യ രഹസ്യവും ദൈവമാണ്. നിരന്തരം ദൈവത്തോടൊപ്പം വസിക്കുന്ന അവര്‍ ദൈവത്തിന്റെ തേജസ് പ്രതിഫലിപ്പിക്കുന്നു.

40 ദിനരാത്രങ്ങള്‍ ദൈവത്തോടൊപ്പമായിരുന്ന മോശയ്ക്കും കിട്ടി ദൈവികസൗന്ദര്യം. ദൈവവുമായി സംസാരിച്ചതിനാല്‍ മോശയുടെ മുഖം തേജോമയമായി. തന്മൂലം മോശയെ സമീപിക്കാന്‍ ജനം ഭയപ്പെട്ടു (പുറപ്പാട് 34/28-30). 120-ാം വയസില്‍ മരിക്കുമ്പോഴും മോശ യൗവനയുക്തനുമായിരുന്നു.
ദൈവത്തിന്റെ വിശുദ്ധമായ സൗന്ദര്യവും നിത്യയൗവനവും സ്വന്തമാക്കണമെങ്കില്‍ സൗന്ദര്യംതന്നെയായ ദിവ്യകാരുണ്യ ഈശോയെ ദിനവും സ്വീകരിച്ച് അവിടുത്തോടൊപ്പം നിരന്തരം ജീവിച്ചാല്‍ മതി.
പരിശുദ്ധ സൗന്ദര്യത്തിന്റെ പൂര്‍ണതയായ ദിവ്യകാരുണ്യ ഈശോയേ, അങ്ങയോടൊത്ത് നിരന്തരം ജീവിച്ച്, മാലാഖമാരെപ്പോലെ അങ്ങയുടെ സൗന്ദര്യത്തിന്റെ പ്രതിരൂപങ്ങളാകാന്‍ ഞങ്ങളെയും അനുഗ്രഹിക്കണമേ, ആമ്മേന്‍.