നോര്‍ത്ത് അമേരിക്കയിലെ ഗ്ലേസിയര്‍ നാഷണല്‍ പാര്‍ക്കിനടുത്ത് ട്രെയ്ന്‍ അപകടം തുടര്‍ക്കഥയായ ഒരു ശൈത്യകാലം. ട്രാക്കില്‍ മറിഞ്ഞ 104 കണ്ടെയ്നറുകളിലെ ചോളമണികള്‍ ആ ദേശമാകെ കുമിഞ്ഞുകൂടി. ഇതിന്റെ ഗന്ധമടിച്ചെത്തിയ ഗ്രിസ്ലി കരടികള്‍ ചോളമണികള്‍ തിന്നുമഥിച്ച് അതില്‍ കിടന്നുരുണ്ട് ചോളസദ്യ ആഘോഷമാക്കി. ഇതുകണ്ട് ചെറുകരടികളും കറുത്ത കരടികളും കുതിച്ചെത്തി ചോളക്കുന്നുകളില് നൃത്തമാടി.
ആക്രമണകാരികളായ ഗ്രിസ്ലികളെ കാണുമ്പോള്‍ത്തന്നെ മറ്റുകരടികള് ഓടിയൊളിക്കും. എന്നാല്‍ ചോളക്കൂനകള് കണ്ടപ്പോള്‍ ഭയം മറന്ന് വളരെ സ്വാതന്ത്ര്യത്തോടെയാണ് മറ്റു കരടികള്‍ ജന്മശത്രുക്കളോടൊപ്പം ചോളസദ്യയുണ്ടത്. ഗ്രിസ്ലികള്‍ അവയെ ആക്രമിച്ചതുമില്ല. ഭക്ഷണത്തിന്റെ സമൃദ്ധിയും ആനന്ദവും മൃഗങ്ങളിലെ ഭയവും ശത്രുതയും ദൂരെയകറ്റി.
വിശുദ്ധ അംബ്രോസ് പറയുന്നു: ‘നമുക്ക് പരിശുദ്ധാത്മാവാകുന്ന ലഹരി ആനന്ദത്തോടെ പാനം ചെയ്യാം. ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ ആടിയുലയുകയും മയങ്ങിവീഴുകയും ചെയ്യുമ്പോള്‍ ദൈവാരൂപിയില്‍ നിറയുന്നവര്‍ സ്ഥിരചിത്തരും ഉന്മേഷമതികളുമായിരിക്കും.’ നമുക്കുവേണ്ടി സ്വര്‍ഗത്തില്‍ നിന്നും സമൃദ്ധമായ ആനന്ദം ഭൂമിയിലേക്ക് കുത്തിയൊഴുകുന്ന ദിനമാണ് പെന്തക്കുസ്താ തിരുനാള്‍. ദൈവാരൂപി നമ്മില്‍ നിറയുമ്പോഴുള്ള ആനന്ദത്തിനുമുമ്പില് മറ്റെല്ലാ ആനന്ദവും തോറ്റുപോവുകയേ ഉള്ളൂ.
”ദൈവരാജ്യമെന്നാല്‍ ഭക്ഷണമോ പാനീയമോ അല്ല; പ്രത്യുത നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള ആനന്ദവുമാണ്”(റോമാ 14/17) എന്ന് വിശുദ്ധ പൗലോസ് ഓര്‍മിപ്പിക്കുന്നുണ്ട്. അതിനാല്‍ നാം ദൈവാത്മാവില് പൂരിതരാകണം(ഏഫേസോസ് 5/18), ആ ആനന്ദക്കടലില്‍ നീന്തിത്തുടിക്കണം. അപ്പോള്‍ സകല പ്രതികൂലങ്ങളെയും ഭയം, ശത്രുത, എല്ലാം ആനന്ദംകൊണ്ട് കീഴടക്കാന്‍ നമുക്ക് കഴിയും. ഫിലിപ്പിയിലെ തടവറയിലടയ്ക്കപ്പെട്ട പൗലോസും സീലാസും കഠിന മര്‍ദനങ്ങളേറ്റ് അവശരായിരുന്നു. എന്നിട്ടും വെറുപ്പില്ലാതെ, ക്ഷീണിച്ചുറങ്ങാതെ അര്‍ദ്ധരാത്രിയിലും ദൈവസ്തുതികളാലപിച്ചു. ഇത് ദൈവാത്മാവ് അവരില്‍ നിറഞ്ഞിരുന്നതിനാലാണ്.
മരണംമണക്കുന്ന ജയില്‍ ആനന്ദഗീതമുതിര്ത്ത വിശുദ്ധനാണ്, മാക്സ്മില്യണ്‍ കോള്‍ബെ. വിശുദ്ധരായ ഫ്രാന്‍സിസ് അസിസിയും മദര്‍ തെരെസയും ദാരിദ്ര്യത്തെ ആനന്ദമാക്കി. അറിവില്ല, കഴിവുകളില്ല, പക്ഷേ ദൈവാത്മാവില് ആനന്ദിച്ച ജോസഫ് കുപ്പര്‍ത്തീനോ വലിയ വിശുദ്ധനും വിദ്യാര്‍ത്ഥികളുടെ മധ്യസ്ഥനുമായി ഉയര്‍ത്തപ്പെട്ടു.
”അവിടുന്ന് അവരെ മരുഭൂമിയിലൂടെയെന്നപോലെ ആഴിയിലൂടെ നടത്തി”(സങ്കീര്‍ത്തനങ്ങള്‍ 106/9). ഏതു വിപരീതങ്ങളും നമുക്കെതിരെ ആര്ത്തലച്ചുയരട്ടെ… അവയ്ക്കുമീതേ ആനന്ദത്തേരില്‍ സവാരിചെയ്യിക്കുന്ന പരിശുദ്ധാത്മാവിനായി ഈ പെന്തക്കുസ്താ തിരുന്നാളില്‍ നമുക്കു പ്രാര്‍ത്ഥിക്കാം.
കര്‍ത്താവേ, ഞങ്ങളുടെ ജീവിതം ക്ലേശപൂര്ണമാകുമ്പോഴും പ്രശ്നങ്ങള്‍ തുടര്‍ച്ചയായി വേട്ടയാടുമ്പോഴും പരിശുദ്ധാത്മാവില്‍ ആനന്ദിക്കുവാന്‍ അങ്ങേ ആനന്ദത്തിന്റെ ആത്മാവിനാല്‍ ഞങ്ങളെ പൂരിതരാക്കണമേ, ആമ്മേന്‍.