ഗ്രീക്ക് പുരാണ കഥാപാത്രമായ ടാലോസ് (Talos) ഭീമന്റെ ചലിക്കുന്ന പ്രതിമയെ ആദ്യത്തെ അക(നിര്‍മിത ബുദ്ധി) റോബോട്ട് എന്ന് വിശേഷിപ്പിക്കാറുണ്ട്. ക്രീറ്റ് എന്ന ദ്വീപ് കീഴടക്കി വാഴുന്ന രാക്ഷസനായാണ് ഇതിനെ ‘ജാസനും അര്‍ഗോനൗട്‌സും’ എന്ന ഫിലിമില്‍ ചിത്രീകരിച്ചിരിക്കുന്നത്. ദ്വീപിലെത്തുന്ന സന്ദര്‍ശകരെ ടാലോസ് ചുറ്റിനടന്നും പതിയിരുന്നും ആക്രമിക്കും; വെള്ളത്തിലെറിഞ്ഞു കൊല്ലും. ആര്‍ക്കും ഇതിനെ തോല്‍പിക്കാനോ നശിപ്പിക്കാനോ കഴിയുന്നില്ല. എന്നാല്‍ ‘ജാസന്‍’ ഈ റോബോട്ടിന്റെ പിന്‍കാലിലുള്ള ചെറിയ ദ്വാരം കണ്ടെത്തി. കഠിന പരിശ്രമങ്ങള്‍ക്കുശേഷം ദ്വാരത്തിന്റെ അടപ്പ് അയാള്‍ തുറക്കുന്നു. ഉടന്‍ അതിലൂടെ രാക്ഷസന്റെ ഊര്‍ജം മുഴുവന്‍ ചോര്‍ന്നൊഴുകി; അത് നിലത്തുവീണ് തകര്‍ന്നടിഞ്ഞു.
‘വട്ടമിട്ട് നടന്നും പതിയിരുന്നും ആക്രമിക്കുക എന്നതാണ് നമ്മുടെ ശത്രുവിന്റെയും തന്ത്രം’ (1പത്രോസ് 5/8). ദൈവമക്കളെ ഏതുവിധേനയും നശിപ്പിക്കണമെന്ന ലക്ഷ്യം മാത്രമേ അവനുള്ളൂ. അതിനാല്‍ ശത്രുവിന്റെ ബലഹീനതകള്‍ കണ്ടെത്തി അവനെ പരാജയപ്പെടുത്താന്‍ നാം സദാ ജാഗരൂകരായിരിക്കണം.
നമ്മുടെ ഏക ശത്രുവായ സാത്താന്റെ ബലഹീനത എന്തായിരിക്കും? ടാലോസ് ഭീമന് ഒരു മര്‍മ്മം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ നമ്മുടെ ശത്രുവിന് അനവധി ബലഹീനതകള്‍ ഉണ്ട്. അഹങ്കാരം, അധികാരം, ധനാസക്തി, അലസത, ജഡികത തുടങ്ങിയ സകലവിധ തിന്മകളും അവന്റെ ബലഹീനതകളാണ്. അവയ്‌ക്കെതിരെ വിജയം വരിക്കാന്‍ നാം ദൈവത്തിന്റെ ആയുധങ്ങള്‍ ധരിക്കണം.
”സാത്താന്റെ കുടില തന്ത്രങ്ങളെ എതിര്‍ത്തു നില്ക്കാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍”(എഫേസോസ് 6/11). തിന്മയ്‌ക്കെതിരായ, ശത്രുവിന്റെ ബലഹീനതകള്‍ക്കെതിരായ പുണ്യങ്ങളാണ് ദൈവിക ആയുധങ്ങള്‍. വിനയം, വിധേയത്വം, വിരക്തി, വിശുദ്ധി, സ്‌നേഹം എന്നിങ്ങനെയുള്ള ദൈവിക സ്വഭാവ സവിശേഷതകളാകുന്ന ശക്തമായ ആയുധങ്ങള്‍ക്കൊണ്ട് ശത്രുവിനെ നമുക്ക് കാല്ക്കീഴിലാക്കി തകര്‍ക്കാന്‍ കഴിയും.
ഒരു കാര്യം നാം ശ്രദ്ധിക്കേണ്ടത്, ശത്രുവിന്റെ ഏറ്റവും വലിയ ബലഹീനത, അവന്റെ ഒരു ബലഹീനതയെപ്പോലും കീഴ്‌പ്പെടുത്താനുള്ള ബലം അവനില്ല എന്നതാണ്. എന്നാല്‍ അവയെ മുഴുവന്‍ കീഴടക്കാനും അവന്റെ മീതെ ചവിട്ടി നടക്കാനുമുള്ള സകലവിധ ആയുധങ്ങളും ബലവും നമുക്കുണ്ട് എന്ന് നാം മറക്കരുത്.
”കര്‍ത്താവിലും അവിടുത്തെ ശക്തിയുടെ പ്രാഭവത്തിലും കരുത്തുള്ളവരാകുവിന്‍”(എഫേസോസ് 6/10) എന്ന് വിശുദ്ധ പൗലോസ് നമ്മെ ആഹ്വാനം ചെയ്യുന്നു. പെന്തക്കുസ്താ തിരുനാളിനായി ഒരുങ്ങുന്ന ഈ ദിനങ്ങളില്‍ പരിശുദ്ധാത്മാവിലും അവിടുത്തെ ശക്തിയുടെ പ്രാഭവത്തിലും നാം കരുത്തുറ്റവരാകണം. അങ്ങനെയെങ്കില്‍ ദൈവാരൂപിയുടെ ഫലങ്ങളും ദാനങ്ങളും വരങ്ങളുംകൊണ്ട് തിന്മയെ നിലംപരിശാക്കാന്‍ കഴിയും. നമ്മെ, കുടുംബത്തെ, ശുശ്രൂഷകെള, തിരുസഭയെ, മനുഷ്യകുലത്തെയാകമാനം ആക്രമിക്കുന്ന ശത്രുവിനെ ഒറ്റക്കെട്ടായി നാം പരാജയപ്പെടുത്തണം.
കര്‍ത്താവേ, ഞങ്ങളെ നിരന്തരം ആക്രമിക്കുന്ന ശത്രുവിനെ കീഴ്‌പ്പെടുത്താന്‍ പരിശുദ്ധാത്മ ശക്തിയുടെ പ്രാഭവത്തില്‍ ഞങ്ങളെ കരുത്തുള്ളവരാക്കണമേ, ആമ്മേന്‍.