ഒരിക്കല്‍ ഒരാള്‍ എന്നോടിപ്രകാരം ചോദിച്ചു. ”സ്വതന്ത്രമായി ചിന്തിക്കാന്‍ അനുവദിക്കാത്തവിധം ചെറുപ്പംമുതല്‍ നിങ്ങള്‍ വൈദികരുടെയും കന്യാസ്ത്രീകളുടെയും സംരക്ഷണയില്‍ വളര്‍ന്നുവന്നുവെന്ന് ഞാന്‍ വിചാരിക്കുന്നു. എന്നാല്‍ കത്തോലിക്കാസഭയുടെ അടിമത്തചങ്ങലകളെ വലിച്ചെറിഞ്ഞ് സ്വതന്ത്രമായി ജീവിക്കാന്‍ എന്തുകൊണ്ടാണ് ഇനിയെങ്കിലും നിങ്ങള്‍ ശ്രമിക്കാതിരിക്കുന്നത്?”
ഇതിനുള്ള എന്റെ മറുപടി ഇതായിരുന്നു: ഒരു ആഴിയുടെ നടുവില്‍ ഒരു ദ്വീപ് ഉണ്ടായിരുന്നു. അവിടത്തെ കുട്ടികള്‍ കളിച്ചുല്ലസിച്ച് സാമോദം വിഹരിച്ചിരുന്നു. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഭീമാകാരമായ കോട്ടകള്‍ ആ ദ്വീപിനെ വലയം ചെയ്തിരിക്കുന്നു. ഒരു ദിവസം ഏതാനും ആളുകള്‍ ചെറുതോണികളില്‍ അവിടെ വന്നെത്തി. ആരാണ് ആ കനത്ത ഭിത്തികള്‍ പണിതുണ്ടാക്കിയതെന്ന് അവര്‍ ചോദിച്ചു.
അവ ആ കുട്ടികളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്നും ആകയാല്‍ അതിനെ അതിവേഗം നശിപ്പിക്കണമെന്നും അവര്‍ ഉപദേശിച്ചു. കുട്ടികള്‍ അത് നശിപ്പിക്കുകതന്നെ ചെയ്തു. പക്ഷേ അതിന്റെ ഫലമോ, ഇന്ന് നാം ആ സ്ഥലം സന്ദര്‍ശിക്കുന്നെങ്കില്‍ കാണാം. അവിടത്തെ കുട്ടികളെല്ലാം ഭയവിഹ്വലരായി ദ്വീപിന്റെ നടുവില്‍ കൂട്ടം കൂടി പതുങ്ങിയിരിക്കുന്നത്.
എന്താണതിനു കാരണം? മറ്റൊന്നുമല്ല, അവര്‍ക്ക് പാടുന്നതിനും കളിക്കുന്നതിനും വര്‍ധിച്ച ഭയം. അതെ, കടലില്‍പ്പെട്ട് നശിക്കുമെന്ന ഭയം അവരെ വല്ലാതെ ബാധിച്ചിരിക്കുന്നു. നമ്മുടെ ദിവ്യനാഥന്റെ വാക്കുകള്‍ എത്ര അര്‍ത്ഥവത്തായത്? ”നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും” (യോഹന്നാന്‍ 8/32)
ഫുള്‍ട്ടന്‍ ജെ.ഷീന്‍