പോളണ്ട്: ഫാത്തിമ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് കാല്‍നടയായി തീര്‍ത്ഥാടനം ചെയ്ത് പോളണ്ടില്‍നിന്നുള്ള ഇരുപത്തിമൂന്നുകാരന്‍ ജാകുബ് കാര്‍ലോവിക്‌സ്. 5600 കിലോമീറ്ററാണ് ഈ തീര്‍ത്ഥാടനത്തിനായി ജാകുബ് 221 ദിവസംകൊണ്ട് നടന്നത്. എല്ലാ ദിവസവും പരിശുദ്ധ കുര്‍ബാനയിലും ദിവ്യകാരുണ്യ ആരാധനയിലും പങ്കുചേരുമായിരുന്നു. ദിവ്യബലിക്ക് അത്രമാത്രം പ്രാധാന്യം ജാകുബ് നല്കുന്നു. ഓരോ പുതിയ കിലോമീറ്റര്‍ താണ്ടുമ്പോഴും ലോകസമാധാനത്തിനും പ്രിയപ്പെട്ടവര്‍ക്കും കണ്ടുമുട്ടുന്നവര്‍ക്കുംവേണ്ടി ഒരു ‘നന്മനിറഞ്ഞ മറിയമേ’ സമര്‍പ്പിച്ചിരുന്നു.
യാത്രയ്ക്കായി പണവും വസ്ത്രങ്ങളുംമാത്രമല്ല ഭക്ഷണംപോലും കരുതിയിരുന്നില്ല എന്നതും ശ്രദ്ധേയമായി. ഹെയര്‍ഡ്രസ്സറായ ജാകുബ് തന്റെ തൊഴിലുപകരണങ്ങള്‍ കൈയില്‍ കരുതിയിരുന്നു. അതിനാല്‍ യാത്രയ്ക്കിടെ സാഹചര്യങ്ങള്‍ ലഭിച്ചപ്പോള്‍ സ്വന്തം തൊഴില്‍ ചെയ്ത് അല്പം പണം നേടി. ചുരുക്കത്തില്‍, പരിശുദ്ധ അമ്മയോടുചേര്‍ന്ന് ദൈവികപരിപാലനയില്‍മാത്രം ആശ്രയിച്ചുള്ള യാത്ര. പ്രത്യേകമധ്യസ്ഥനായി വിശുദ്ധ ഡോണ്‍ ബോസ്‌കോയും. ‘ദുഃഖിതനായ വിശുദ്ധന്‍ ഒരു യഥാര്‍ത്ഥ വിശുദ്ധനല്ല’ എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ജാകുബിന് വഴികാട്ടിയായി.
2022 ജൂലൈ 17നായിരുന്നു യാത്ര ആരംഭിച്ചത്. കൈകളില്‍ ജപമാലയും വഹിച്ച് 10 രാജ്യങ്ങളിലൂടെ അദ്ദേഹം നടന്ന് സഞ്ചരിച്ചു. ഓരോ രാജ്യങ്ങളിലെയും വിവിധ ഗ്രാമങ്ങളില്‍നിന്ന് അകമഴിഞ്ഞ പിന്തുണയാണ് ലഭിച്ചതത്രേ. പലരും ജാകുബിനെ സ്വന്തം വീട്ടിലേക്ക് അതിഥിയായി ക്ഷണിച്ചു. യാത്രാനുഭവങ്ങള്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുമായിരുന്നു. ഫ്രാന്‍സില്‍വച്ച് നടന്നത് നാടകീയമായ ഒരു സംഭവം! പാഞ്ഞുവന്ന ഒരു ബി.എം.ഡബ്‌ളിയു കാര്‍ അദ്ദേഹത്തിന്റെ മുന്നില്‍ സഡന്‍ ബ്രേക്കിട്ട് നിര്‍ത്തി! മുഖംമൂടി ധരിച്ച കുറച്ചുപേര്‍ പുറത്തിറങ്ങി ഡിക്കി തുറന്ന് മൂന്ന് ദിവസത്തേക്കുള്ള ഭക്ഷണം നല്‍കിയ ശേഷം അതിവേഗം പോയി!
ഇപ്രകാരം ദൈവികപരിപാലനയുടെ അനുഭവങ്ങളാല്‍ സമ്പന്നമായിരുന്നു യാത്ര. ഇനിയും അനേകം മരിയന്‍ കേന്ദ്രങ്ങളിലേക്ക് കാല്‍നടയായി തീര്‍ത്ഥാടനം ചെയ്യണമെന്നാണ് ജാകുബിന്റെ ആഗ്രഹം.