പള്ളിയില്‍ വന്നതിന്റെ കാരണം – Shalom Times Shalom Times |
Welcome to Shalom Times

പള്ളിയില്‍ വന്നതിന്റെ കാരണം

അന്ന് മാര്‍ട്ടിന്‍ പള്ളിയില്‍ വൈകിയാണെത്തിയത്. പക്ഷേ പൊതുവേ അവന്‍ സമയം തെറ്റിക്കുന്ന പതിവില്ലാത്തതിനാല്‍ സണ്‍ഡേ സ്‌കൂള്‍ ടീച്ചര്‍ അവനോട് ചോദിച്ചു, ”എന്തുപറ്റി മാര്‍ട്ടിന്‍, എന്തെങ്കിലും പ്രശ്‌നമുണ്ടായോ ഇന്ന് വൈകാന്‍?”

”ഏയ്, ഇല്ല ടീച്ചര്‍. പപ്പയും ഞാനുംകൂടി മീന്‍ പിടിക്കാന്‍ പോയതായിരുന്നു. പക്ഷേ പപ്പ എന്നെ ഇങ്ങോട്ടയച്ചു, നിര്‍ബന്ധമായും ഞായറാഴ്ച പള്ളിയില്‍പ്പോകണമെന്ന് പറഞ്ഞു.”
ടീച്ചറിന് വളരെ സന്തോഷവും അഭിമാനവും തോന്നി. അവര്‍ ചോദിച്ചു, ”മീന്‍ പിടിക്കാന്‍ പോകുന്നതിനെക്കാള്‍ പള്ളിയില്‍പ്പോകുന്നതാണ് പ്രധാമെന്നതിന്റെ കാരണം പപ്പ വിശദീകരിച്ചുതന്നോ?”
”ഉവ്വ് ടീച്ചര്‍, പപ്പ കാരണവും പറഞ്ഞു. എന്താണെന്നറിയാമോ, ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും മീന്‍ പിടിക്കാനുള്ളത്രയും ഇര പപ്പയുടെ കൈയിലുണ്ടായിരുന്നില്ല!!”

മാര്‍ട്ടിന്റെ വിശദീകരണം കേട്ട് ടീച്ചറുടെ മുഖം വാടി. ദൈവാലയത്തില്‍ വരേണ്ടതിന്റെ പ്രാധാന്യം അവന് മനസിലായിട്ടില്ലെന്നറിഞ്ഞപ്പോള്‍ തുടര്‍ന്ന് അതേക്കുറിച്ചാണ് അന്നവര്‍ സണ്‍ഡേ ക്ലാസില്‍ പഠിപ്പിച്ചത്.
”അന്യസ്ഥലത്ത് ആയിരം ദിവസത്തെക്കാള്‍ അങ്ങയുടെ അങ്കണത്തില്‍ ഒരു ദിവസം ആയിരിക്കുന്നത് കൂടുതല്‍ അഭികാമ്യമാണ്”(സങ്കീര്‍ത്തനങ്ങള്‍ 84/10).