അതീവസുന്ദരിയായ ഒരു യുവതി… അവളുടെ തോളിനുചുറ്റും കനകപ്രഭവിതറുന്ന സമൃദ്ധമായ മുടിയിഴകള്‍… സുവര്‍ണശോഭ മിന്നുന്ന വസ്ത്രം…. ആകാശനീലിമയണിഞ്ഞ ശിരസില്‍ വിലമതിക്കാനാകാത്ത വജ്രക്കിരീടം. അതില്‍ ഏഴ് ലില്ലിപ്പൂക്കളും ഏഴ് അമൂല്യരത്‌നങ്ങളും. ഈ അസാധാരണ ദൃശ്യം കണ്ടുകൊണ്ടിരിക്കെ ബ്രിജിറ്റ് ആത്മീയ നിര്‍വൃതിയിലാണ്ടു. അപ്പോള്‍ വിശുദ്ധ സ്‌നാപകയോഹന്നാന്‍ അവളുടെ മുമ്പില്‍ പ്രത്യക്ഷനായിപ്പറഞ്ഞു: ‘നീ കണ്ട പരിശുദ്ധ കന്യകാമറിയത്തിന്റെ ദര്‍ശനം വ്യാഖ്യാനിക്കാന്‍ വന്നതാണ് ഞാന്‍.’
പരിശുദ്ധകന്യക, രാജ്ഞിയും നാഥയും ദൈവപുത്രന്റെ അമ്മയുമാണ് എന്ന് ശിരസിലെ കിരീടം സൂചിപ്പിക്കുന്നു. കന്യകമാരില്‍ ഏറ്റം പരിശുദ്ധയും പരിപൂര്‍ണയുമാണ് എന്ന് തോളുകളെ ചുറ്റികിടക്കുന്ന മുടിയിഴകള്‍ വ്യക്തമാക്കുന്നു. ആഴമേറിയ ദൈവസ്‌നേഹവും പരസ്‌നേഹവുമാണ് സുവര്‍ണശോഭയാര്‍ന്ന വസ്ത്രം. എളിമ, ദൈവഭയം, അനുസരണം, ക്ഷമ, സൗമ്യത, മാധുര്യം, കാരുണ്യം എന്നീ പുണ്യങ്ങളാണ് ഏഴ് ലില്ലിപ്പൂക്കള്‍.
രത്‌നങ്ങളില്‍ ആദ്യത്തേത്, പരിശുദ്ധ അമ്മ പുണ്യങ്ങളില്‍ അതിശ്രേഷ്ഠയെന്ന് പ്രഖ്യാപിക്കുന്നു. സകല മാലാഖമാരുടെയും വിശുദ്ധരുടെയും മുഴുവന്‍ യോഗ്യതകളെയുംകാള്‍ ഉന്നതമാണ് പരിശുദ്ധ അമ്മയുടെ മാത്രം യോഗ്യതകള്‍. രണ്ടാമത്തെ രത്‌നം പരിശുദ്ധിയെ ദ്യോതിപ്പിക്കുന്നു. പിശാചുക്കള്‍ കിണഞ്ഞുശ്രമിച്ചിട്ടും പാപത്തിന്റെ ചെറുകണികപോലും മറിയത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. മഹത്വത്തിന്റെ രാജാവായ ദൈവപുത്രന് ജനിക്കാന്‍ ഏറ്റം പരിശുദ്ധ ഇടമാണ് ദൈവം തിരഞ്ഞെടുത്തത്.
പരിശുദ്ധ അമ്മയുടെ അതുല്യ സൗന്ദര്യം മൂന്നാം രത്‌നം സൂചിപ്പിക്കുമ്പോള്‍ അമ്മയിലെ ദൈവിക ജ്ഞാനമാണ് നാലാം രത്‌നം. തിന്മകളെല്ലാം നശിപ്പിക്കാനും നാരകീയ ശക്തികളെ നിര്‍മാര്‍ജനം ചെയ്യാനും പരിശുദ്ധ മറിയം ദൈവത്താല്‍ ശക്തയാണെന്നതാണ് അഞ്ചാം രത്‌നം. പ്രകാശമേറിയ മാലാഖമാരെയും പ്രകാശിതരാക്കാന്‍ ശക്തമാണ് പരിശുദ്ധ കന്യകയുടെ തേജസെന്ന് അര്‍ത്ഥമാക്കുന്നു ആറാം രത്‌നം. നാരകീയ ശക്തികള്‍ ആ ദിവ്യപ്രഭയാല്‍ അമ്മയുടെ കാല്ക്കീഴില്‍ തകര്‍ക്കപ്പെടുന്നു. ഏഴാം രത്‌നം, പരിശുദ്ധ മറിയത്തിലെ സ്വര്‍ഗീയ ആനന്ദത്തിന്റെയും മാധുര്യത്തിന്റെയും പൂര്‍ണതയാണ്.
പരിശുദ്ധ കന്യകാമറിയം ദൈവസൃഷ്ടികളില്‍ ഏറ്റം ശ്രേഷ്ഠയും പരിപൂര്‍ണയും സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയും അമ്മയുമാണ് എന്ന് മാനവകുലത്തിന് വ്യക്തമാക്കുക എന്നതാണ് സ്വീഡനിലെ വിശുദ്ധ ബ്രിജിറ്റിന് ലഭിച്ച ഈ ദര്‍ശനത്തിലൂടെ സ്വര്‍ഗം വിവക്ഷിക്കുന്നത്. എന്നാല്‍ സ്വര്‍ഗം ആദരിക്കുകയും ഈലോകം വണങ്ങുകയും പാതാളം ഭയപ്പെടുകയും ചെയ്യുന്ന ഈ രാജ്ഞി നമ്മുടെ അമ്മയാണ് എന്ന് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഓര്‍മിപ്പിക്കുന്നു.
പരിശുദ്ധ അമ്മയ്ക്ക് ലഭിച്ച സ്വര്‍ഗീയ മഹത്വം, ഈലോകം നമ്മുടെ നിത്യവാസഗേഹമല്ല എന്നും സ്വര്‍ഗത്തില്‍ അനന്തമായ മഹത്വം നമ്മെ കാത്തിരിക്കുന്നുവെന്നും ഉള്ള പ്രത്യാശയിലേക്ക് നമ്മെ നയിക്കുന്നു. ക്ലേശങ്ങളില്‍ തളരുമ്പോഴും ലൗകിക മോഹങ്ങളില്‍ മുഴുകുമ്പോഴും സ്വര്‍ഗാരോപിതയായ അമ്മ ഓര്‍മിപ്പിക്കുന്നു, ഇവയെല്ലാം കടന്നുപോകും, ദൈവത്തെ മുഖാമുഖം കാണുന്ന ദിനം വിദൂരമല്ല.
പരിശുദ്ധ അമ്മയെപ്പോലെ ദൈവത്തെ സ്‌നേഹിക്കുകയും അവിടുത്തെ ഹിതമനുസരിക്കുകയും ചെയ്യുന്നവര്‍ അമ്മയുടെകൂടെ, ദൈവത്തോടൊപ്പം സ്വര്‍ഗീയാനന്ദം കൈവരിക്കും (ലൂക്കാ 8/21). ഇന്നത്തെ സഹനങ്ങളും കണ്ണുനീരും അപമാനങ്ങളുമെല്ലാം അന്ന് അമൂല്യ വൈഡൂര്യങ്ങളേക്കാള്‍ പ്രശോഭിതമാകും, അഗ്രാഹ്യമായ മഹത്വവും അവയ്ക്ക് നല്കപ്പെടും. വെളിപാട് 7/9-17 തിരുവചനങ്ങള്‍ ഇത് വ്യക്തമാക്കുന്നു; വലിയ ഞെരുക്കങ്ങളില്‍ നിന്നുവന്നവര്‍ക്കുള്ള പ്രതിഫലങ്ങള്‍. ‘…സിംഹാസനസ്ഥന്‍ തന്റെ സാന്നിധ്യത്തിന്റെ കൂടാരത്തില്‍ അവര്‍ക്ക് അഭയം നല്കും.. ദൈവം അവരുടെ കണ്ണുകളില്‍നിന്നു കണ്ണീര്‍ തുടച്ചു നീക്കും.’
പരിശുദ്ധ അമ്മയോട് ചേര്‍ന്നാണ് ജീവിതം നയിക്കുന്നതെങ്കില്‍ അമ്മയുടെ പുണ്യയോഗ്യതകളുംകൂടെ നല്കി നമ്മെ വിശുദ്ധിയുടെ ഔന്നത്യങ്ങളിലെത്തിക്കും. കാരണം പരിശുദ്ധ മറിയം നമ്മുടെ അമ്മയായിരിക്കുന്നതുപോലെതന്നെ ത്രിലോകരാജ്ഞികൂടിയാണ്. അതിനാല്‍ നമുക്ക് പ്രാര്‍ത്ഥിക്കാം:
പരിശുദ്ധ ദൈവമാതാവേ, ലോകം കടന്നുപോകുമെന്ന് ഓര്‍മിക്കാനും അമ്മയുടെ കരംപിടിച്ച് സ്വര്‍ഗീയമഹത്വത്തിന്റെ പ്രത്യാശയില്‍ ജീവിക്കാനും സഹായിക്കണമേ, ആമ്മേന്‍.