അതിഥികളും പെണ്‍കുട്ടിയും – Shalom Times Shalom Times |
Welcome to Shalom Times

അതിഥികളും പെണ്‍കുട്ടിയും

ഒരു വൈദികന്‍ കുറച്ചുനാള്‍ മുമ്പ് പങ്കുവച്ചതാണ്. ചില അതിഥികള്‍ വന്നപ്പോള്‍ അവരെ അടുത്തുള്ള ബസിലിക്ക കാണിച്ച് കൊടുക്കാനായി പോയതാണ് കക്ഷി. പെട്ടെന്നാണ് ഒരു പെണ്‍കുട്ടി സീനിലേക്ക് വരുന്നതും ‘നിങ്ങള്‍ വൈദികനാണോ’ എന്ന് അച്ചനോട് വന്ന് ചോദിക്കുന്നതും.
‘അതെ’ എന്ന് പറഞ്ഞപ്പോള്‍, ഉടനടി അവള്‍ ചോദിച്ചു, ”എന്നെ ഒന്ന് കുമ്പസാരിപ്പിക്കാമോ?”
‘ഒരു അഞ്ച് മിനിറ്റ് കാക്കാമോ’ എന്ന് പറഞ്ഞ്, ആ അച്ചന്‍ സന്ദര്‍ശകരെ ബസിലിക്കായുടെ ഒരു ഭാഗം കാണാന്‍ വിട്ടു. എന്നിട്ട് ഈ പെണ്‍കുട്ടിയുടെ പക്കല്‍ ചെന്ന് കുമ്പസാരം കേട്ടു, പാപമോചനം കൊടുത്തു. വലിയ സന്തോഷത്തോടെയാണ് ആ കുട്ടി തിരികെ പോയത്.

തുടര്‍ന്ന് ആ വൈദികന്‍ പറഞ്ഞത് ഇതാണ്, ”അച്ചാ, ബസിലിക്കായിലെ കുമ്പസാരത്തിന്റെ സമയം അന്ന് കഴിഞ്ഞിരുന്നു. ആ സമയത്തുതന്നെ ഈ അതിഥികള്‍ വരാനും അവരെയും കൊണ്ട് അനുതാപത്താല്‍ ഹൃദയം ഉരുകിയ ഈ ആത്മാവിന്റെ മുന്നില്‍ എത്താനും ഇടയായല്ലോ. വാസ്തവത്തില്‍ ഏതോ ഒരു ശക്തി എന്നെ അങ്ങോട്ട് നയിച്ചതാണച്ചാ, ആ ആത്മാവിനെ വീണ്ടെടുക്കാന്‍…”
അതുകേട്ടപ്പോള്‍ ആ വൈദികനൊപ്പം ഞാനും ദൈവത്തിന് നന്ദി പറഞ്ഞു. അവള്‍ക്ക് ആത്മസൗഖ്യാനുഭവം കൊടുക്കാന്‍ ദൈവം തന്റെ പ്രതിനിധിയെ അവള്‍ക്കരികിലേക്ക് അയച്ചതോര്‍ത്ത്… പ്രസംഗിക്കാന്‍ ശിഷ്യരെ അയച്ചുകൊണ്ട് യേശു പറഞ്ഞതിങ്ങനെയാണ്, ”…സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു എന്ന് പ്രസംഗിക്കുവിന്‍. രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിര്‍പ്പിക്കുകയും കുഷ്ഠരോഗികളെ ശുദ്ധരാക്കുകയും പിശാചുക്കളെ ബഹിഷ്‌കരിക്കുകയും ചെയ്യുവിന്‍…” (മത്തായി 10/7-8).
ഹൃദയംകൊണ്ട് പിതാവിനെ അന്വേഷിച്ചാല്‍ ഏറ്റവും അടുത്തുള്ള തന്റെ കൃപാസ്രോതസുകള്‍ അന്വേഷിക്കുന്നവന് മുന്നില്‍ പിതാവ് എത്തിച്ച് കൊടുക്കും.

ഫാ. ജോസഫ് അലക്‌സ്, യു.എസ്