വിശുദ്ധരുടെ കഥകള്‍ പറഞ്ഞാണ് അമ്മ കുഞ്ഞിനെ ഉറക്കുന്നത്. ഫാത്തിമായില്‍ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട മൂന്നുപേരില്‍ ഇളയവളായ ജസീന്തയുടെ കഥ കുഞ്ഞിനെ ഏറെ ആകര്‍ഷിച്ചു. ആടുമേയ്ക്കാന്‍ പോകുമ്പോള്‍ അമ്മ കൊടുത്തുവിടുന്ന ഭക്ഷണം ദരിദ്രര്‍ക്കു നല്കി ഉപവസിച്ച് പ്രാര്‍ത്ഥിക്കുന്ന വിശുദ്ധയായ കുഞ്ഞുജസീന്ത! ‘മോള്‍ക്കും ഇതുപോലെ പരിത്യാഗപ്രവൃത്തികള്‍ ചെയ്യാന്‍ പറ്റും. ഈശോയോടുള്ള സ്‌നേഹത്തെപ്രതി ഇഷ്ടപ്പെട്ട ചില ഭക്ഷണസാധനങ്ങള്‍ വേണ്ടെന്നു വയ്ക്കണം. മിഠായി കിട്ടുമ്പോള്‍ അപ്പോള്‍ത്തന്നെ കഴിക്കാതിരിക്കുക. കുഞ്ഞ് എല്ലാം ശ്രദ്ധാപൂര്‍വം കേട്ടു.
ഒരു ദിവസം ഭക്ഷണം കഴിച്ചു പകുതിയായപ്പോള്‍, അവള്‍ക്കു മതിയായി. അവള്‍ പറഞ്ഞു: ”അമ്മേ ഞാനും ജസീന്തയെപ്പോലെ ഭക്ഷണം ഉപേക്ഷിച്ചു പരിത്യാഗപ്രവൃത്തി ചെയ്യാന്‍ പോകുകയാണ്!” കുരുന്നിന്റെ കുരുട്ടുബുദ്ധികേട്ട് അമ്മ അന്തംവിട്ടു.
”ഉത്തമമായ ഉപദേശം ആദരിക്കുന്നവന് വിവേകികളോടുകൂടെ സ്ഥാനം ലഭിക്കുന്നു” (സുഭാഷിതങ്ങള്‍ 15/31)