ശുദ്ധീകരണാത്മാവും ഈശോയും – Shalom Times Shalom Times |
Welcome to Shalom Times

ശുദ്ധീകരണാത്മാവും ഈശോയും

ഈശോയുമായി ഉറ്റ സൗഹൃദത്തിലാണ് റേച്ചല്‍ മിറിയം എന്ന കൊച്ചു പെണ്‍കുട്ടി. വിശുദ്ധ കൊച്ചുത്രേസ്യായുടെ ആദ്ധ്യാത്മികത പിഞ്ചെല്ലുന്ന അവള്‍ ഈശോയോട് വാശിപിടിച്ചു: എത്രനാളായി ഈശോയേ, ഞാന്‍ പറഞ്ഞിട്ട്. എന്നിട്ട് അങ്ങേക്ക് ഒരനക്കമുണ്ടോ? ഞാനിക്കാര്യം പറയാത്ത ഒറ്റ ദിവസംപോലുമില്ല. എന്നിട്ടും ഇതുവരെ ഒന്നും ചെയ്യാത്തതെന്തേ..?

ഈശോ യാതൊരു പ്രതികരണവുമില്ലാതെ വാത്സല്യത്തോടെ അവളെ നോക്കിയിരിക്കുകയാണ്. നിത്യതയിലേക്ക് യാത്രയായ റേച്ചലിന്റെ ഗ്രാന്റ്പായെ (വല്യപ്പച്ചന്‍) സ്വര്‍ഗത്തില്‍ കൊണ്ടുപോകണം. അദേഹം സ്വര്‍ഗത്തിലെത്തി എന്ന ഉറപ്പ് അവള്‍ക്ക് കിട്ടണം. അതിനൊരു ഉത്തരം ഈശോയില്‍നിന്നും കിട്ടുന്നുമില്ല.
ഒടുവില്‍ അവള്‍ പിണക്കത്തോടെ പറഞ്ഞു, ഞാന്‍ ഈശോപ്പയോട് കൂട്ടില്ലാട്ടോ.. അങ്ങേക്ക് എന്നോടൊട്ടും സ്‌നേഹമില്ലാ, ഗ്രാന്റ്പായോടും സ്‌നേഹമില്ലാല്ലേ?

ഈശോക്കത് സഹിക്കാന്‍ കഴിഞ്ഞില്ല. നിറഞ്ഞ കണ്ണുകളോടെ അവിടുന്ന് പറഞ്ഞു: ”എന്റെ റേച്ചല്‍കുഞ്ഞേ… ഇത്രേം വേണ്ടായിരുന്നൂട്ടോ… എന്റെ മക്കളെ മടിയില്‍ ചേര്‍ക്കാന്‍ ഞാന്‍ എത്രയധികം ആഗ്രഹിക്കുന്നെന്ന് നിനക്കറിയില്ല. അവരെ എന്റെ സിംഹാസനത്തില്‍ ഇരുത്തി ആദരിക്കാനുള്ള തീവ്ര ആഗ്രഹത്തിലാണ് ഭൂമിയില്‍നിന്നും തിരികെ വിളിക്കുന്നതുതന്നെ. ”വിജയം വരിക്കുന്നവനെ, എന്നോടൊപ്പം എന്റെ സിംഹസനത്തില്‍ ഞാന്‍ ഇരുത്തും” (വെളിപാട് 3/21). എന്നാല്‍ നിനക്കറിയാമല്ലോ, അശുദ്ധമായതൊന്നും… സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല (വെളിപാട് 22/27). ചെറിയ കുറവുകളോ കറയോ പൊടിയോ ചുളിവോ ഇല്ലാതെ, ആത്മാക്കള്‍ പരിപൂര്‍ണത പ്രാപിക്കണം (മത്തായി 5/48). എങ്കില്‍മാത്രമേ സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ കഴിയൂ.

ഭൂമിയില്‍നിന്നും പുറപ്പെട്ടിട്ടും എന്റെ മടിയില്‍ എത്താന്‍ വൈകുന്നത് എനിക്ക് എത്ര വേദനാകരമാണെന്ന് നിനക്കറിയുമോ? എന്റെ മക്കളെ പിരിഞ്ഞിരിക്കുക എനിക്ക് അസഹനീയമാണ്. ഞാനവരെ ആകാംഷയോടെ, അക്ഷമയോടെ കാത്തിരിക്കുകയാണ്. അത്രയധികം അവരെ സ്‌നേഹിക്കുന്ന ഞാന്‍ അവരുടെ സ്വര്‍ഗപ്രവേശം ഒട്ടും താമസിപ്പിക്കില്ല, അതിവേഗത്തിലാക്കുമെന്ന് നീ അറിഞ്ഞിരിക്കണം. ഞാന്‍ ക്രൂരനായ ഒരു ജഡ്ജിയല്ല, സ്‌നേഹം മാത്രമായ പിതാവാണ്..!’

ഭൗമിക ജീവിതത്തിനിടെ നഷ്ടപ്പെടുന്ന ദൈവിക തേജസിലേക്ക് ദൈവമക്കള്‍ രൂപാന്തരപ്പെടണം. അതില്‍വരുന്ന കാലതാമസമാണ് സ്വര്‍ഗത്തിലെത്താന്‍ വൈകിപ്പിക്കുന്നത്. ഈ വൈകല്‍ ദൈവത്തെ അഗാധമായി ദുഖിപ്പിക്കുന്നു. ശുദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ആത്മാവിനെത്തന്നെ ആകാംക്ഷയോടെ അവിടുന്ന് നോക്കിയിരിക്കുകയാണ്, എപ്പോള്‍ ശുദ്ധീകരണം പൂര്‍ത്തിയാക്കി, തന്റെ മടിയിലണയും? ഈശോയ്ക്ക് വലിയ തിടുക്കമുണ്ട്.
മനുഷ്യാത്മാക്കള്‍ ശുദ്ധീകരിക്കപ്പെടുന്നത് ദൈവസ്‌നേഹാഗ്നിയാലാണ് എന്ന് ശുദ്ധീകരണസ്ഥലം സന്ദര്‍ശിച്ച ഫാത്തിമായിലെ സി. ലൂസി പറയുന്നു. ഈശോയുടെ തിരുഹൃദയത്തിലെ സ്‌നേഹാഗ്‌നിയാല്‍ നമ്മുടെ ആത്മാവിലെ കറകളും വൈരൂപ്യങ്ങളും നീക്കി, ദൈവതേജസിലേക്ക് അവിടുന്ന് നമ്മെ രൂപാന്തരപ്പെടുത്തും. ”അത് സ്ഫടികംപോലെ നിര്‍മ്മലം” (വെളിപാട് 21/11), ”അവിടുത്തെ മഹത്വം നിന്നില്‍ ദൃശ്യമാവുകയും ചെയ്യും” (ഏശയ്യാ 60/2).

ക്ലീനിങ്ങും രൂപമാറ്റവുമെല്ലാം നടക്കുമ്പോള്‍ നമ്മെപ്പോലെ, അതിലധികം അവിടുന്ന് വേദനിക്കുന്നുണ്ട്. സ്വന്തം കുഞ്ഞിനെ സര്‍ജറി നടത്തുന്ന സ്‌നഹപിതാവിനെക്കാളേറെ നെഞ്ചുപിടഞ്ഞുകൊണ്ടാണ് അവിടുന്നത് ചെയ്യുന്നത്. എങ്കില്‍ കൂടുതല്‍ ശൂദ്ധീകരണം ആവശ്യമായവരെക്കുറിച്ച് അവിടുന്ന് എത്രയധികം വേദനിക്കുന്നുണ്ടാകും. അതിനാല്‍, ഈശോയും നമ്മളും വേദനിക്കാതിരിക്കാന്‍ ഈലോകത്തിലായിരിക്കെത്തന്നെ പൂര്‍ണത കൈവരിച്ച്, നേരെ ഈശോയുടെ മടിയില്‍ എത്താനുതകുംവിധം
ജീവിതം ക്രമീകരിക്കാം.

പ്രാര്‍ത്ഥിക്കാം.
ഈശോയേ, അവിടുന്ന് ഈ ലോകത്തില്‍നിന്നും
സ്‌നേഹത്തോടെ അവിടുത്തെ സന്നിധിയിലേക്ക് ഞങ്ങളെ വിളിക്കുമ്പോള്‍, ഞങ്ങളുടെ കുറവുകള്‍മൂലം അവിടുത്തേക്കരികിലെത്താന്‍ വൈകാതെ, നേരെ അങ്ങേ
മടിയിലെത്താന്‍വിധം ഈ ഭൂമിയില്‍വച്ചുതന്നെ
പുണ്യപൂര്‍ണതയില്‍ ജീവിക്കാനുള്ള കൃപ
ഞങ്ങള്‍ക്കേകണമേ, ആമ്മേന്‍.