ചന്ദ്രയാന്‍-3 ദൗത്യത്തോടനുബന്ധിച്ച് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥിനോട് ഒരാള്‍ ചോദിച്ചു: റോക്കറ്റ് വിക്ഷേപണത്തിനിടെ മഴപെയ്താല്‍ എന്തുസംഭവിക്കും?
”ഒന്നും സംഭവിക്കില്ല,” അദേഹം പറഞ്ഞു. ”കാരണം റോക്കറ്റിനുള്ളിലാണ് തീ കത്തുന്നത്, പുറത്തല്ല. ഉള്ളില്‍ കത്തിജ്വലിക്കുന്ന ഒരു വസ്തുവാണ് റോക്കറ്റ്. ഉള്ളിലെ ജ്വലനത്തിലൂടെ ലഭിക്കുന്ന ത്രസ്റ്റാണ് അതിനെ ലക്ഷ്യത്തിലേക്ക് കുതിച്ചുയരാന്‍ സഹായിക്കുന്നത്. ലക്ഷ്യം നേടാന്‍ ഭാരം ലഘൂകരിക്കുക അനിവാര്യമാണ്. അതിനായി ഓരോ ഘട്ടത്തിലെയും അവശിഷ്ടങ്ങള്‍ ഉപേക്ഷിച്ചുകൊണ്ടിരിക്കണം. എങ്കില്‍ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് അതിവേഗം കുതിക്കാന്‍ കഴിയൂ, അഥവാ കൂടുതല്‍ വെലോസിറ്റി ലഭ്യമാകൂ. ഒടുവില്‍, റോക്കറ്റ് വഹിക്കുന്നതെന്താണോ അതും, അതുവഹിക്കുന്ന ചെറിയ പേടകവും മാത്രമേ ചന്ദ്രനിലോ ബഹിരാകാശത്തോ ലാന്‍ഡ് ചെയ്യുകയുള്ളൂ. മറ്റുള്ളവയെല്ലാം യാത്രക്കിടെ ഉപേക്ഷിച്ചിരിക്കണം.”
റോക്കറ്റുകളില്‍ ഉപയോഗിക്കുന്ന ടെക്‌നോളജി നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തിന്റെ ടെക്കിന് സമാനമാണ്. ഉന്നതലക്ഷ്യങ്ങളിലേക്ക് കുതിക്കുന്ന റോക്കറ്റുകളെപ്പോലെ, ദൈവമെന്ന ഏക ലക്ഷ്യത്തിലേക്ക് കുതിച്ചുയരേണ്ടവരാണ് നാമെല്ലാം. നമ്മുടെ ഉള്ള് ശൂന്യമാണെങ്കില്‍ ആളിക്കത്താനോ ഉയരങ്ങളിലേക്ക് കുതിക്കാനോ കഴിയില്ല. ഇനി, എന്തെങ്കിലും വസ്തുക്കള്‍ക്കൊണ്ട് ഉള്ളുനിറച്ചാലും ദൈവത്തിലെത്തുകയില്ല. മനുഷ്യനെ ദൈവത്തിലെത്തിക്കാന്‍ ദൈവത്തിനുമാത്രമേ സാധിക്കൂ. ദൈവം മനുഷ്യന്റെ ഉള്ളില്‍ നിറഞ്ഞ്, അവിടുത്തെ സാന്നിധ്യത്താല്‍ നമ്മെ ജ്വലിപ്പിക്കണം. ദൈവസ്‌നേഹംകൊണ്ട് ആളിക്കത്തിച്ച് നമ്മിലെ അശുദ്ധിയുടെ അവശിഷ്ടങ്ങളെ കത്തിച്ചുകളയണം. ഒടുവില്‍ ദൈവപുത്രനായ ഈശോയോടൊപ്പം നമ്മളും സ്വര്‍ഗത്തില്‍ സെയ്ഫായി ലാന്‍ഡ് ചെയ്യും. ദൈവമക്കളെ ദൈവത്തിലെത്തിക്കാനാണ് ദൈവം മനുഷ്യനായിത്തീര്‍ന്നതും സ്വര്‍ഗത്തില്‍നിന്ന് ഭൂമിയില്‍ ‘ലാന്‍ഡ്’ ചെയ്തതും.
സഭാപിതാവായ വിശുദ്ധ ക്രിസോസ്റ്റം വെളിപ്പെടുത്തുന്നു: ”ദൈവം ഭൂവിലിറങ്ങിയത് മനുഷ്യനെ സ്വര്‍ഗത്തിലേക്ക് കൊണ്ടുപോകാനാണ്; ദൈവത്തോടൊപ്പം നിത്യം വസിക്കാനും ദൈവസ്‌നേഹപാരമ്യത്തില്‍ മാലാഖമാര്‍ക്കൊപ്പം ആനന്ദിച്ചാര്‍ക്കാനും വേണ്ടിയാണിത്.”
ദൈവം മനുഷ്യനായി ഭൂമിയില്‍ വന്നതുകൊണ്ടുമാത്രം മനുഷ്യര്‍ ദൈവത്തിന്റെ മടിയില്‍ എത്തപ്പെടുന്നില്ല. അതിന് ദൈവപുത്രനെ നാം ഹൃദയത്തില്‍ സ്വീകരിക്കണം. അവിടുത്തേക്ക് നമ്മില്‍ സന്തോഷത്തോടെ ജീവിക്കാന്‍വിധം നമ്മെ ക്രമീകരിക്കണം. മാത്രമല്ല, നമ്മെ മുഴുവനായും ദൈവത്തിന് നല്കണം. അങ്ങനെയെങ്കില്‍ മാത്രമേ അവിടുത്തേക്ക് ഹിതകരമാംവിധം നമ്മില്‍ പ്രവര്‍ത്തിക്കാനും ജ്വലിപ്പിക്കാനും ശുദ്ധീകരിക്കാനും യഥാസമയം സ്വര്‍ഗത്തില്‍ എത്തിക്കാനും സാധിക്കുകയുള്ളൂ.
ദൈവപുത്രന്‍ നമ്മില്‍ വരുന്നത് അതിഥിയായി വന്നുപോകാനല്ല, നമ്മുടെ അവകാശിയും ഉടമസ്ഥനുമായിട്ടാണ്. നാം അവിടുത്തെ സ്വന്തമാണ് (റോമാ 1/6, 7/4, ഫിലിപ്പി 3/12). നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല; യേശുക്രിസ്തു തന്നെത്തന്നെ നല്കി വിലയ്ക്ക് വാങ്ങിയവരാണ് (1കോറിന്തോസ് 6/19,20). അതിനാല്‍ വിശുദ്ധ മദര്‍ തെരേസ ഓര്‍മിപ്പിക്കുന്നതുപോലെ ഈ ‘ക്രിസ്മസിന് ദൈവപുത്രന് ജനിക്കാന്‍ സ്‌നേഹംകൊണ്ട് കമനീയമാക്കിയ ഹൃദയം നാം ഒരുക്കണം.’ ശേഷം ഈശോ പറഞ്ഞതുപോലെ ചെയ്താല്‍ മതി: എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു (യോഹന്നാന്‍ 6/56).
അവിടുന്ന് നമ്മില്‍ വന്നുപിറന്നാല്‍, നമ്മുടെ കുടുംബത്തില്‍, സ്ഥാപനത്തില്‍, സമൂഹത്തില്‍ വാസമുറപ്പിച്ചാല്‍ പിന്നെ നമുക്കുചുറ്റും എന്തൊക്കെ സംഭവിച്ചാലും യാതൊന്നും നമ്മെ സ്വാധീനിക്കില്ല, മഴനനഞ്ഞാലും റോക്കറ്റിനൊന്നും സംഭവിക്കാത്തതുപോലെ. കാരണം നമുക്കുള്ളില്‍ വസിക്കുന്നതും നമ്മെ നയിക്കുന്നതും സംരക്ഷിക്കുന്നതും ഉയര്‍ത്തുന്നതും അത്യുന്നതനായ ദൈവമാണ്. അവിടുത്തെ മുമ്പില്‍ മറ്റെല്ലാം നിഷ്പ്രഭം. അവിടുന്ന് പറയുന്നു: ധൈര്യമായിരിക്കുവിന്‍; ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു (യോഹന്നാന്‍ 16/33).
മണ്ണിലെ മനുജനെ വിണ്ണിലെ ദൈവമക്കളാക്കാന്‍ മണ്ണിലിറങ്ങിയ ദൈവകുമാരാ, ഈ ക്രിസ്മസില്‍ ഞങ്ങളില്‍ വന്നു വസിക്കുകയും ഞങ്ങളെ ദൈവമക്കളുടെ പൂര്‍ണതയിലേക്ക് ഉയര്‍ത്തുകയും ചെയ്യണേമ, ആമ്മേന്‍.
ഹാപ്പി ക്രിസ്മസ്…!