മുന്തിരി വിളയണോ അതോ…? – Shalom Times Shalom Times |
Welcome to Shalom Times

മുന്തിരി വിളയണോ അതോ…?

വിശുദ്ധ ജോണ്‍ മരിയ വിയാനി പറഞ്ഞ ഒരു സംഭവം. വിശുദ്ധ ഹിലാരിയോണ്‍ ഒരിക്കല്‍ ശിഷ്യന്‍മാരോടൊപ്പം തന്റെ കീഴിലുള്ള ആശ്രമങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുകയായിരുന്നു. യാത്രയ്ക്കിടെ ഒരു ഏകാന്തവാസിയുടെ ഭവനത്തിനടുത്തെത്തി. അയാളുടെ മുന്തിരിത്തോട്ടത്തെ സമീപിക്കാന്‍ ശ്രമിച്ചപ്പോഴേക്കുംതന്നെ അതിന്റെ വിവിധഭാഗങ്ങളില്‍ കാവല്‍നിന്നിരുന്നവര്‍ വിശുദ്ധന്റെയും ശിഷ്യരുടെയും നേര്‍ക്ക് അതാ കല്ലും മണ്ണും വാരി എറിയുന്നു! അവര്‍ വേഗം അവിടെനിന്ന് രക്ഷപ്പെട്ടു. അല്പദൂരം മുന്നോട്ടുപോയപ്പോള്‍ സാബാസ് എന്ന ഒരു ഏകാന്തവാസിയുടെ സ്ഥലമെത്തി. ഹിലാരിയോണും ശിഷ്യരും അതിലേ വരുന്നു എന്ന് കേട്ടപ്പോഴേ അയാള്‍ വേഗം തന്റെ മുന്തിരിത്തോപ്പിലേക്ക് വന്ന് ആ സംഘത്തോട് തന്റെ തോപ്പില്‍നിന്ന് ആവശ്യത്തിന് മുന്തിരിപ്പഴങ്ങള്‍ കഴിക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്തത്. യാത്രാസംഘം അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചു.

അല്പനാളുകള്‍ക്കുള്ളില്‍ ഈ രണ്ട് ഏകാന്തവാസികളുടെയും മുന്തിരിവിളവെടുപ്പിന്റെ കാലമായി. ലുബ്ധനായിരുന്ന ആദ്യത്തെ വ്യക്തിക്ക് വളരെ കുറഞ്ഞ വിളവാണ് അത്തവണ ലഭിച്ചത്. വീഞ്ഞാകട്ടെ പുളിച്ചുപോകുകയും ചെയ്തു. എന്നാല്‍ സാബാസിന്റെ മുന്തിരിത്തോട്ടത്തില്‍നിന്ന് ഇരുപത് ദിവസങ്ങള്‍ക്കുശേഷം പതിവുള്ള പത്തുകുടത്തിനുപകരം മുന്നൂറുകുടം വീഞ്ഞാണ് നിര്‍മിക്കാന്‍ സാധിച്ചത്.
”എന്റെ നാമത്തെപ്രതി ഭവനത്തെയോ സഹോദരന്‍മാരെയോ സഹോദരികളെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും; അവന്‍ നിത്യജീവന്‍ അവകാശമാക്കുകയും ചെയ്യും” (മത്തായി 19/29).