എവറസ്റ്റിനും അപ്പുറം എന്ത്? – Shalom Times Shalom Times |
Welcome to Shalom Times

എവറസ്റ്റിനും അപ്പുറം എന്ത്?

രാവുംപകലും ദീര്‍ഘയാത്ര ചെയ്താണ് അവിടെ എത്തിയത്. കിട്ടിയത് ഒരു ഇരുണ്ട മുറി. കട്ടില്‍, ബെഡ്ഷീറ്റ്, ഭക്ഷണം, വെള്ളം, ബാത്‌റൂം സൗകര്യങ്ങള്‍ ഒന്നുമില്ല. 2 ഡിഗ്രിയില്‍ താഴ്ന്ന ഊഷ്മാവില്‍ തണുത്തുവിറച്ച്… പിറ്റേന്ന് രാവിലെ നാലുമണിക്ക് ഗ്രൗണ്ടിലെത്തണം എന്ന അറിയിപ്പുണ്ടായി. അല്പമാത്ര ഭക്ഷണത്തോടെ ഏഴുമണിക്കൂറോളം നീളുന്ന കഠിന പരിശീലനങ്ങള്‍. എവറസ്റ്റ് കൊടുമുടി കീഴടക്കാന്‍ ട്രെയ്‌നിങ്ങിനു പോയ യുവാവ് പറഞ്ഞു. ശരിക്കും ജീവന്‍ അപകടപ്പെടുത്തുന്ന വെല്ലുവിളികളാണ് പര്‍വതാരോഹകര്‍ നേരിടുന്നത്. ഉയരങ്ങളിലേക്ക് പോകുന്തോറും ശ്വസനപ്രശ്‌നങ്ങള്‍… ആരോഹണ മധ്യേ വഴുതിവീണാല്‍ പൊടിപോലും കിട്ടില്ല. കഠിനശൈത്യം ശരീരത്തെ മരവിപ്പിച്ച്, രക്തചംക്രമണം നിശ്ചലമാക്കും. എവറസ്റ്റ് 6 ദിവസംകൊണ്ട് കീഴടക്കി 2019-ലെ ‘ടെന്‍സിങ് നോര്‍ഗെ നാഷണല്‍ അഡ്വെഞ്ചര്‍ അവാര്‍ഡ് ‘ നേടിയ കേവല്‍ ഹിരണ്‍ കക്കായുടെ വലതുകൈയിലെ പെരുവിരല്‍ ഇപ്രകാരം മുറിച്ചുനീക്കുകയുണ്ടായി. അതിനുശേഷമാണ് അദേഹം എവറസ്റ്റ് കീഴടക്കിയത്.

പ്രതികൂലങ്ങളില്‍ തളര്‍ന്ന് പിന്‍വാങ്ങുന്നവര്‍ക്ക് ഉയരങ്ങള്‍ കീഴടക്കുക സാധ്യമല്ല. എന്നിട്ടും അനേകര്‍ റിസ്‌കെടുത്ത് കഠിനമായി പ്രയത്‌നിക്കുന്നു. അതിനായി ശരീരത്തിന്റെയും മനസിന്റെയും ലോകത്തിന്റെതന്നെയും സ്വാഭാവിക അഭിലാഷങ്ങളെ ത്യജിക്കുന്നത് നിസാരമാണവര്‍ക്ക്. യാത്ര ചെയ്യേണ്ട പാതകള്‍ക്കനുയോജ്യമായി, എത്തിപ്പെടേണ്ട സ്ഥലത്തിനനുസൃതമായി അവര്‍ തങ്ങളെത്തന്നെ രൂപപ്പെടുത്തുന്നു, ആരൊക്കെ നിര്‍ബന്ധിച്ചാലും പിണങ്ങിയാലും ഫാഷന്‍ ഭ്രമങ്ങള്‍, ജങ്ക്ഫുഡുകള്‍, ലഹരികള്‍, സൗഹൃദങ്ങള്‍ എന്നിവയോടൊന്നും ‘നോ’ പറയാന്‍ അവര്‍ക്ക് മടിയില്ല. അവരുടെ ലക്ഷ്യം അവയെക്കാള്‍ ഉന്നതമാണ്.

തികച്ചും ലൗകിക നേട്ടങ്ങള്‍ക്കും അംഗീകാരങ്ങള്‍ക്കുംവേണ്ടിയാണ് ഇവര്‍ ഇപ്രകാരം സ്വശരീരത്തെ കര്‍ശനമായി നിയന്ത്രിച്ച് കീഴടക്കുന്നത്. എന്നാല്‍, നശ്വരമായ ഭൂമിയിലെ എവറസ്റ്റിനെക്കാള്‍ എത്രയോ ശ്രേഷ്ഠവും മഹത്വമേറിയതുമാണ് സകലരും നിശ്ചയമായും എത്തിച്ചേരേണ്ട സ്വര്‍ഗം! കൊടുമുടികളിലേക്കുള്ള പ്രയാണം ഐച്ഛികമാണ്, പോകണമെന്ന് നിര്‍ബന്ധമില്ല. പക്ഷേ, പോയാല്‍ തിരികെവന്നേ പറ്റൂ, അവിടെ ജീവിക്കുക അസാധ്യമാണല്ലോ. എന്നാല്‍ സ്വര്‍ഗയാത്ര ഐച്ഛികമല്ല, കാരണം നമ്മുടെ നിത്യഭവനം സ്വര്‍ഗമാണ്. ഭൂമിയില്‍നിന്ന് നാം സ്വര്‍ഗത്തിലേക്കാണ് യാത്ര ചെയ്യേണ്ടത്. തിരികെ വരാതെ, നമ്മുടെ സ്വന്തം വീടായ സ്വര്‍ഗത്തില്‍ നിത്യാനന്ദത്തില്‍ ജീവിക്കും. ഭൂമിയെ അതിശയിപ്പിക്കുന്ന നയനമനോഹര ബംഗ്ലാവുകളാണ് ദൈവം നമുക്കുവേണ്ടി അവിടെ ഒരുക്കിയിരിക്കുന്നത് (യോഹന്നാന്‍ 14/2).

ഇപ്രകാരം നിര്‍ബന്ധമായും പോകേണ്ട സ്വര്‍ഗത്തില്‍ എത്തിച്ചേരാന്‍ നാം എത്രമാത്രം ഒരുങ്ങുന്നുണ്ട്? അവിടേക്കുള്ള പാതയിലാണോ യാത്ര? അതിനനുയോജ്യമാണോ നമ്മുടെ വസ്ത്രങ്ങളും ഭക്ഷണവും? സ്വര്‍ഗം കരഗതമാക്കുന്നതിനാവശ്യമായ കര്‍ശന പരിശീലനങ്ങള്‍ ശരീരത്തിനും മനസിനും ആത്മാവിനും നല്കുന്നുണ്ടോ? യോജ്യമല്ലാത്തവയോട് ‘നോ’ പറയാന്‍ കഴിയുന്നുണ്ടോ? എന്തുത്യാഗമാണ് നിത്യഭവനത്തിനുവേണ്ടി സഹിച്ചിട്ടുള്ളത്? എപ്പോള്‍ വേണമെങ്കിലും സ്വര്‍ഗത്തിലേക്ക് പോകാനുള്ള പരിശീലനം പൂര്‍ത്തിയാക്കിക്കഴിഞ്ഞോ? ഈ പുതുവര്‍ഷത്തില്‍ ഒരാത്മ പരിശോധനയ്ക്ക് നമ്മെ വിധേയമാക്കാം. സ്വര്‍ഗം കീഴടക്കുമെന്ന തീവ്രനിശ്ചയത്തോടെ കഠിന പരിശീലനത്തിനായി 2024 മാറ്റിവയ്ക്കാം. അതില്‍നിന്നും ആരും ഒന്നും നമ്മെ പിന്തിരിപ്പിക്കാതിരിക്കട്ടെ!

”ക്രിസ്തുവിന്റെ സ്‌നേഹത്തില്‍നിന്ന് ആരു നമ്മെ വേര്‍പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്‌നതയോ ആപത്തോ വാളോ? നമ്മെ സ്‌നേഹിച്ചവന്‍ മുഖാന്തിരം ഇവയിലെല്ലാം നാം പൂര്‍ണവിജയം വരിക്കുന്നു. എന്തെന്നാല്‍, മരണത്തിനോ ജീവനോ ദൂതന്‍മാര്‍ക്കോ അധികാരങ്ങള്‍ക്കോ ഇക്കാലത്തുള്ളവയ്‌ക്കോ വരാനിരിക്കുന്നവയ്‌ക്കോ ശക്തികള്‍ക്കോ ഉയരത്തിനോ ആഴത്തിനോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെയുള്ള ദൈവസ്‌നേഹത്തില്‍നിന്നു നമ്മെ വേര്‍പെടുത്താന്‍ കഴിയുകയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്” (റോമാ 8/35,37-39).
കര്‍ത്താവേ, നിത്യാനന്ദം കരഗതമാക്കാന്‍ ഞങ്ങളെ ഒരുക്കണമേ, അതിനായി പരിശീലിക്കുവാന്‍ ഞങ്ങളെ സഹായിച്ചാലും, ആമ്മേന്‍.