മെക്‌സിക്കോ: അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് പുറത്തുവന്ന യുവാവിന്റെ ‘സൂപ്പര്‍ ചോയ്‌സ്’ ഫേസ്ബുക്കിലൂടെ പങ്കുവച്ചത് വൈദികനായ സാല്‍വദോര്‍ നുനോ. ഫാ. സാല്‍വദോറും സഹോദരനായ അലക്‌സും മാതാപിതാക്കളുമൊത്ത് ഒരു യാത്രയിലായിരുന്നു. ഒരു സ്ഥലത്തുവച്ച് മറ്റൊരു കാര്‍ അവരുടെ കാറിനെ ഓവര്‍ടേക്ക് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടു.
പെട്ടെന്നുതന്നെ ആ കാര്‍ നിയന്ത്രണം വിട്ട് നീങ്ങുന്നതാണ് കാണുന്നത്. എന്തായാലും അടുത്ത നിമിഷങ്ങളില്‍ത്തന്നെ ആ കാര്‍ നിന്നു. പെട്ടെന്നുതന്നെ ഇവര്‍ ഹെല്‍പ്‌ലൈന്‍ നമ്പറില്‍ വിളിച്ച് വിവരമറിയിച്ചു. തുടര്‍ന്ന് ഓടിയിറങ്ങി അപകടത്തില്‍പ്പെട്ട കാറിനടുത്തെത്തിയപ്പോള്‍ അതില്‍നിന്ന് ഒരു യുവാവ് ആകെ ഭയന്ന് വിളറിയ മുഖവുമായി പുറത്തുവരുന്നു. ഫാ. സാല്‍വദോര്‍ തിടുക്കത്തില്‍ ചോദിച്ചു, ”ഞാനൊരു വൈദികനാണ്, സഹോദരന്‍ ഡോക്ടറും. നിങ്ങള്‍ക്കെന്ത് സഹായമാണ് ചെയ്തുതരേണ്ടത്?”
ആ യുവാവ് പറഞ്ഞു, ”എനിക്കൊന്ന് കുമ്പസാരിക്കണം.”
തുടര്‍ന്ന് യുവാവ് നല്ലൊരു കുമ്പസാരം നടത്തിയെന്നും അവന്‍ ഒരു വീണ്ടുംജനനത്തിന്റെ അനുഭവത്തിലേക്ക് വന്നതായി അനുഭവപ്പെട്ടെന്നും ഫാ. സാല്‍വദോര്‍ കുറിക്കുന്നു. എന്തായാലും അപകടത്തില്‍ ആര്‍ക്കും ഗുരുതരപ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല.
ഫാ. സാല്‍വദോറിന്റെ ഫേസ്ബുക്ക് കുറിപ്പ് നമ്മെ ഓര്‍മിപ്പിക്കുന്നത് മറ്റൊന്നുമല്ല, ആത്മാവിന് പ്രഥമപരിഗണന നല്കുന്ന ‘സൂപ്പര്‍ ചോയ്‌സുകള്‍’ നമ്മളും നടത്തുന്നത് നല്ലതാണെന്നുതന്നെ.