പ്രലോഭനവും അതിന്റെ പരിണതഫലങ്ങളും – Shalom Times Shalom Times |
Welcome to Shalom Times

പ്രലോഭനവും അതിന്റെ പരിണതഫലങ്ങളും

മാതാപിതാക്കള്‍ മരിച്ചുപോയ ഒരു ഇരുപതുവയസുകാരന്‍ സന്യസിക്കാന്‍ തീരുമാനിച്ചു. ആദ്യപടിയായി ഏകസഹോദരിയെ സിസ്റ്റേഴ്‌സിന്റെ സംരക്ഷണയിലാക്കി. പക്ഷേ, പ്രാര്‍ത്ഥിക്കുമ്പോഴെല്ലാം പെങ്ങളുടെ സുരക്ഷിതത്വമോര്‍ത്ത് ഒരു സമാധാനവുമില്ല. കൂടാതെ തന്റെ പഴയ ജീവിതത്തെക്കുറിച്ചുള്ള ചിന്തകളും തിരഞ്ഞെടുത്ത മാര്‍ഗം തെറ്റിപ്പോയോ എന്ന ആശങ്കകളും അവനെ വരിഞ്ഞുമുറുക്കി. ഒടുവില്‍ തിന്മയുടെ തന്ത്രമാണതെന്ന് തിരിച്ചറിഞ്ഞ ഉടന്‍ ഈശോയോടുള്ള സ്‌നേഹവും സ്വര്‍ഗത്തെക്കുറിച്ചുള്ള ഓര്‍മകളും ഹൃദയത്തില്‍ നിറച്ച് സാത്താനെ അവന്‍ തോല്പിച്ചു.
ശത്രു പുതിയ ആയുധവുമായി വീണ്ടും വരുമെന്ന് അറിയാമായിരുന്നതിനാല്‍ കടുത്ത ഉപവാസവും പരിഹാരപ്രാര്‍ത്ഥനയും ആരംഭിച്ചു. സന്യാസി ഇങ്ങനെപോയാല്‍, തന്റെ പദ്ധതികള്‍ തകര്‍ക്കപ്പെടുമെന്നറിഞ്ഞ ശത്രു ഭീകരരൂപത്തിലെത്തി, യുവാവിനെ ക്രൂരമായി മര്‍ദിച്ചു, അര്‍ദ്ധപ്രാണനാക്കി. രാത്രിയായപ്പോള്‍ ഈശോ യുവാവിന്റെ അരികെവന്നു. സങ്കടത്തോടെ യുവാവ് ചോദിച്ചു, ”എന്റെ കര്‍ത്താവേ, പിശാചുക്കള്‍ എന്നെ പീഡിപ്പിച്ചപ്പോള്‍ അങ്ങ് എവിടെയായിരുന്നു?”
ഈശോ പറഞ്ഞു: ‘കുഞ്ഞേ, ഞാന്‍ നിന്റെയടുത്തുണ്ടായിരുന്നു, നിന്നെ സഹായിച്ചുകൊണ്ട്. എന്നോടുള്ള നിന്റെ സ്‌നേഹത്തെപ്രതി നീ എത്ര പോരാടുമെന്നറിയാനാണ് ഞാന്‍ മറഞ്ഞിരുന്നത്. നിനക്ക് എന്റെ നേര്‍ക്കുള്ള സ്‌നേഹത്താല്‍ നീ തിന്മയെ പരാജയപ്പെടുത്തി. ഞാന്‍ എപ്പോഴും നിന്നെ സഹായിക്കാന്‍ കൂടെയുണ്ടാകും. ലോകമെങ്ങും നിന്റെ മഹത്വം ഞാന്‍ വെളിപ്പെടുത്തും.’ ഈശോയുടെ സന്ദര്‍ശനത്തോടെ സന്യാസിയുടെ മുറിവുകളെല്ലാം സുഖമാക്കപ്പെട്ടു.
മരുഭൂപിതാവ്, മഹാനായ വിശുദ്ധ ആന്റണി, താപസജീവിതത്തിന്റെ ആരംഭനാളുകളില്‍ നേരിട്ട പ്രലോഭനങ്ങളും പോരാട്ടങ്ങളുമാണിവയെല്ലാം. സന്യാസിമാര്‍ മാത്രമല്ല, ആത്മീയജീവിതം ആരംഭിക്കുന്നവരെല്ലാംതന്നെ ഇത്തരത്തില്‍ പരീക്ഷിക്കപ്പെട്ടേക്കാം. വേണ്ടെന്നു വച്ചവയെക്കുറിച്ചുള്ള ഓര്‍മകളും, ചെയ്യുന്നത് തെറ്റാണെന്ന തോന്നലുകളും തിരുകിക്കയറ്റും. ചിലപ്പോള്‍ മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കും. ഉപേക്ഷിച്ചവയോട് കടുത്ത ആസക്തി ജനിപ്പിച്ചുകൊണ്ടും അവന്‍ സമീപിക്കും.
നമ്മില്‍ പ്രാര്‍ത്ഥനാ തീക്ഷ്ണതയുണ്ടെങ്കില്‍ ശത്രു ഓടിയകലും. പ്രാര്‍ത്ഥനയില്‍ അലസതയും ആത്മീയമന്ദതയും ദൈവസ്‌നേഹത്തില്‍ തണുപ്പും ബാധിക്കുമ്പോള്‍ ശത്രു വീണ്ടും വരും.
കുറ്റം കേള്‍ക്കുക, പരദൂഷണം പറയുക, ചെറിയ കള്ളങ്ങള്‍ പറയുക തുടങ്ങി നിസാരമെന്ന് കരുതപ്പെടുന്ന പാപങ്ങളിലേക്ക് ക്ഷണിക്കും, അവയൊന്നും സാരമില്ലെന്ന് മന്ത്രിക്കും. പതിയെ ഉപേക്ഷിച്ച ആസക്തികളെക്കുറിച്ച് ഓര്‍മിപ്പിക്കും. നാം ഗൗനിക്കുന്നില്ലെങ്കില്‍ കൂടെക്കൂടെ ഓര്‍മിപ്പിക്കും. അപകടം തിരിച്ചറിഞ്ഞ് തിന്മയെ തുരത്തിയില്ലെങ്കില്‍ അവന്‍ പണിതുടരും. ക്രമേണ ഉള്ളില്‍ ഒരു ചായ്‌വ് സൃഷ്ടിക്കപ്പെടും. അപ്പോഴും മുന്നില്‍ പതിയിരിക്കുന്ന ശത്രുവിനെക്കുറിച്ച് ബോധ്യമില്ലെങ്കില്‍ വീഴ്ച വിദൂരമായിരിക്കില്ല.
വിശുദ്ധ തിയോഫാന്‍ പറയുന്നു: ”ഉള്ളില്‍ ആഗ്രഹിക്കുന്ന പാപം ബാഹ്യമായ അവസരത്തിനുകാക്കുകയും അനുകൂലസാഹചര്യത്തില്‍ പാപം പൂര്‍ത്തിയാക്കുകയും ചെയ്യും. അതോടെ സാത്താന്‍ ഉള്ളില്‍ പ്രവേശിച്ച് ആത്മാവിനെ ദൈവത്തില്‍നിന്ന് അകറ്റി, നാശത്തിലേക്ക് നയിക്കും” (ലൂക്കാ11/25,26). എന്നാല്‍ അനുതപിക്കുകയും പാപം വര്‍ജിക്കുകയും ചെയ്യുന്നവരില്‍നിന്ന് ശത്രു ഓടിയകലും എന്നത് മറക്കാതിരിക്കാം.
ഈശോയെ സ്‌നേഹിക്കുന്നവര്‍ വിശുദ്ധ ആന്റണിയെപ്പോലെ പ്രലോഭനങ്ങളോട് പൊരുതി അവിടുത്തോടുള്ള സ്‌നേഹം പ്രകടമാക്കണമെന്നാണ് അവിടുന്നാഗ്രഹിക്കുന്നത്. പ്രാര്‍ത്ഥനയും ദൈവസ്‌നേഹവുമാണ് തിന്മയ്ക്കുമേല്‍ വിശുദ്ധന് വിജയം നല്കിയത്. അതുപോലെ, മന്ദോഷ്ണരാകാതെ ഈശോയോടുള്ള സ്‌നേഹത്താല്‍ ജ്വലിക്കുന്നവരായി നമുക്കും ശത്രുവിനെ തോല്പിക്കാം. അപ്പോള്‍ അവിടുത്തെ വാഗ്ദാനപ്രകാരം ”ആകാശത്തിനുകീഴില്‍ എല്ലായിടത്തും ദൈവം നിന്റെ തേജസ് വെളിപ്പെടുത്തും” (ബാറൂക്ക് 5/3).
കര്‍ത്താവേ, ശത്രുവിന്റെ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കാതെ അങ്ങയോടുള്ള സ്‌നേഹത്താല്‍ തിന്മയെ പരാജയപ്പെടുത്താന്‍ ഞങ്ങളെ സഹായിക്കണമേ, ആമ്മേന്‍.