തവളയുടെ തീരുമാനം – Shalom Times Shalom Times |
Welcome to Shalom Times

തവളയുടെ തീരുമാനം

അപ്പനോട് കുസൃതിചോദ്യം ചോദിക്കുകയാണ് നാലാം ക്ലാസുകാരന്‍ മകന്‍.
”ഒരു കുളക്കരയില്‍ മൂന്ന് തവളകള്‍ ഇരിക്കുകയായിരുന്നേ. അതില്‍ ഒരു തവള കുളത്തിലേക്ക് ചാടാന്‍ തീരുമാനിച്ചു. അപ്പോള്‍ കുളക്കരയില്‍ എത്ര തവളകളുണ്ടാവും?”
അപ്പന്‍ ചാടിപ്പറഞ്ഞു, ”രണ്ട്.”
മകന്‍ തലയാട്ടി, ”അല്ല.”
അപ്പന്‍ ഒന്നുകൂടി ആലോചിച്ചിട്ട് പറഞ്ഞു, ”ഒന്നും ഉണ്ടാവില്ല. ഒരെണ്ണം ചാടിയാല്‍ മറ്റുള്ളവയും കൂടെ ചാടുമല്ലോ.”
”അല്ല അപ്പാ, ഇപ്പോഴും ഉത്തരം തെറ്റാ.”

ഒടുവില്‍ അപ്പന്‍ സുല്ലിട്ടു. മകന്‍ ഉത്തരം പറയുകയാണ്, ”ഒരു തവള കുളത്തിലേക്ക് ചാടാന്‍ തീരുമാനിച്ചതേയുള്ളൂ, ചാടിയില്ല. അതുകൊണ്ട് കുളക്കരയില്‍ മൂന്ന് തവളകളും ഉണ്ട്!”
കുസൃതി കലര്‍ന്ന ഉത്തരത്തിലെ ദൈവികചിന്ത അപ്പനെ തെല്ലുനേരം ചിന്തിപ്പിച്ചു. പുണ്യങ്ങളും പരിത്യാഗങ്ങളും അഭ്യസിക്കാന്‍ തീരുമാനമെടുത്തിട്ടും അതിനായി അധ്വാനിക്കാത്ത താനും ആ തവളയെപ്പോലെതന്നെയല്ലേ. അപ്പന്‍ ഹൃദയം തുറന്ന് പ്രാര്‍ത്ഥിച്ചു, ‘കര്‍ത്താവേ, ആത്മീയ അലസത നീക്കാന്‍ കൃപ തരണമേ.’
”സ്‌നാപകയോഹന്നാന്റെ നാളുകള്‍മുതല്‍ ഇന്നുവരെ സ്വര്‍ഗരാജ്യം ബലപ്രയോഗത്തിന് വിഷയമായിരിക്കുന്നു. ബലവാന്‍മാര്‍ അത് പിടിച്ചടക്കുന്നു” (മത്തായി 11/12).