പ്രിയപ്പെട്ടവര്‍ക്ക് മക്കളെ സമ്മാനിച്ച പ്രാര്‍ത്ഥന – Shalom Times Shalom Times |
Welcome to Shalom Times

പ്രിയപ്പെട്ടവര്‍ക്ക് മക്കളെ സമ്മാനിച്ച പ്രാര്‍ത്ഥന

മക്കളില്ലാത്തതിന്റെ അപമാനവും വേദനയും സഹിച്ച് വാര്‍ധക്യത്തോടടുത്ത ആളാണ് ഞാന്‍. ഞങ്ങളുടെ കുടുംബത്തില്‍പ്പെട്ട ദമ്പതികള്‍ക്ക് വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷമായിട്ടും മക്കളെ ലഭിക്കാതിരുന്നത് കണ്ടപ്പോള്‍ ഞാന്‍ അനുഭവിച്ച വേദന അവരും സഹിക്കാനിടവരരുത് എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.
അങ്ങനെയിരിക്കേയാണ് 2020 സെപ്റ്റംബര്‍ ലക്കം ശാലോം ടൈംസില്‍ വന്ന ’35-ാം ദിവസം കിട്ടിയ സന്തോഷവാര്‍ത്ത’ എന്ന സാക്ഷ്യം 2021 മെയ് മാസത്തില്‍ വായിക്കാനിടയായത്. അതിന്റെ ഒരു ഫോട്ടോ എടുത്ത് ഫോണിലൂടെ ഞാന്‍ അവര്‍ക്ക് അയച്ചുകൊടുത്തു. സാക്ഷ്യത്തില്‍ പറഞ്ഞതുപോലെ ഞാന്‍ അവര്‍ക്കായി ഒരു ഗര്‍ഭകാലമായ 280 ദിവസത്തേക്ക് ജപമാല അര്‍പ്പിക്കാന്‍ തുടങ്ങി. ഒപ്പം സങ്കീര്‍ത്തനങ്ങള്‍ 113/9 തിരുവചനം ആയിരം തവണ എഴുതുകയും ചെയ്തു.
അതേസമയംതന്നെ അവളോടും അവളുടെ രണ്ട് അമ്മമാരോടും ജപമാല ചൊല്ലാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ആ സമയത്ത് മുടങ്ങാതെ ദിവ്യബലി അര്‍പ്പിക്കാനും എനിക്ക് സാധിച്ചു. ആ വര്‍ഷം നടത്തിയ വിമലഹൃദയപ്രതിഷ്ഠയിലും ഇതേ നിയോഗത്തിനായാണ് പ്രാര്‍ത്ഥിച്ചത്. പ്രാര്‍ത്ഥനയ്ക്ക് ഉത്തരമായി 2022 ഏപ്രില്‍ 5-ന് അവര്‍ക്ക് ഒരു ആണ്‍കുഞ്ഞ് ജനിച്ചു.
”അവിടുന്ന് വന്ധ്യയ്ക്ക് വസതി കൊടുക്കുന്നു. മക്കളെ നല്കി
സന്തുഷ്ടയാക്കുന്നു”
(സങ്കീര്‍ത്തനങ്ങള്‍ 113/9)

വിന്‍സി ജോസഫ്, മുംബൈ