കത്തോലിക്കാ വിശ്വാസത്തെ ആഴത്തില്‍ പുല്കിയതിനാല്‍ ഇംഗ്ലണ്ടിലെ ഹെന്റി എട്ടാമന്‍ രാജാവിനാല്‍ വധിശിക്ഷയ്ക്ക് വിധിക്കപ്പെട്ട് രക്തസാക്ഷിത്വം വരിച്ച വിശുദ്ധനാണ് ഇംഗ്ലണ്ടിന്റെ ലോര്‍ഡ് ചാന്‍സലറായിരുന്ന സര്‍ തോമസ് മൂര്‍. ഹെന്റി എട്ടാമന്‍ അദ്ദേഹത്തെ തടവിലിട്ട ലണ്ടന്‍ ടവറിലെ സെല്ലില്‍ നിന്ന്, വധിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് അദേഹം തന്റെ പുത്രി മാര്‍ഗരറ്റിന് എഴുതി:
‘മാര്‍ഗരറ്റ്, നല്ല വിശ്വാസത്തോടെ, ഉത്തമമായ പ്രതീക്ഷയോടെ ഞാന്‍ ഈശോയില്‍ എന്നെത്തന്നെ സമര്‍പ്പിക്കുന്നു. എനിക്ക് നന്നായി അറിയാം, മെഗ്, അവിടുത്തെ ആര്‍ദ്രമായ അനുകമ്പ എന്റെ പാവപ്പെട്ട ആത്മാവിനെ സുരക്ഷിതമായി സൂക്ഷിക്കുകയും ആ കാരുണ്യം എന്നെ മഹത്വപ്പെടുത്തുകയും ചെയ്യുമെന്ന്. ഈ സഹനം എന്റെ ആത്മാവിന്റെ വിശുദ്ധീകരണത്തിന് കാരണമായിത്തീരും.
അതിനാല്‍, എന്റെ നല്ല മകളേ, ഈ ലോകത്ത് എനിക്ക് സംഭവിക്കുന്ന ഒന്നിനെക്കുറിച്ചും നിങ്ങളുടെ മനസ്സ് അസ്വസ്ഥമാകരുത്. ദൈവം ഉദ്ദേശിക്കുന്നതല്ലാതെ മറ്റൊന്നും സംഭവിക്കില്ല. അത് എന്തുതന്നെയായാലും, എത്ര മോശമായി തോന്നിയാലും, അത് തീര്‍ച്ചയായും ഏറ്റവും മികച്ചതായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഏറ്റവും ശ്രേഷ്ഠമായത് മാത്രമേ നമ്മുടെ ദൈവം നമുക്ക് നല്കുകയുള്ളൂ.’