കാത്തിരിക്കാന്‍ പ്രേരിപ്പിച്ച 200 രൂപ – Shalom Times Shalom Times |
Welcome to Shalom Times

കാത്തിരിക്കാന്‍ പ്രേരിപ്പിച്ച 200 രൂപ

പഠനശേഷം ചെറിയ ശമ്പളത്തില്‍ ജോലി ചെയ്യുന്ന സമയം. ആഴ്ചതോറും വീട്ടിലെത്തും. അങ്ങനെ വീട്ടിലെത്തിയ ഒരു ദിവസം. അമ്മൂമ്മമാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ, അമ്മയും ചേട്ടനും ചേട്ടത്തിയുമൊക്കെ പുറത്തുപോയിരിക്കുകയാണ്. എനിക്ക് വൈകുന്നേരം ജോലിസ്ഥലത്തേക്ക് മടങ്ങേണ്ടതാണ്. അതിന് 200 രൂപ വേണം. അമ്മൂമ്മയോട് ചോദിച്ചപ്പോള്‍ 20 രൂപപോലുമില്ല. ചോദിക്കാനാണെങ്കില്‍ തരാന്‍ കഴിവുള്ള ആരും അടുത്തില്ല. പുറത്തുപോയവര്‍ വരട്ടെ, പിറ്റേന്ന് പോകാം എന്നായിരുന്നു അമ്മൂമ്മയുടെ നിര്‍ദേശം.

ഈശോയുടെ മുന്നില്‍ മുട്ടുകുത്തി പറഞ്ഞു, ”അങ്ങ് പറയുന്നത് വിശ്വസിച്ച് പ്രാര്‍ത്ഥിക്കുന്നതെല്ലാം ലഭിക്കുമെന്നാണല്ലോ.” അതിനാല്‍ 200 രൂപ ലഭിച്ചു എന്ന് വിശ്വസിച്ച് നന്ദി പറഞ്ഞു. മുറിയില്‍ പോയി ബാഗ് പായ്ക്ക് ചെയ്തു. വസ്ത്രം മാറി. അമ്മൂമ്മ ചോദിച്ചു, ”നീ എങ്ങനെ പോകും? ആരെങ്കിലും പൈസാ തരാമെന്ന് പറഞ്ഞിട്ടുണ്ടോ?”
”ഈശോ എനിക്ക് 200 രൂപ തരാമെന്ന് പറഞ്ഞിട്ടുണ്ട്. അതിപ്പോള്‍ വരും.”

‘ഒരു കുഴപ്പവുമില്ലാതിരുന്ന ചെറുക്കനായിരുന്നല്ലോ’ എന്ന മട്ടില്‍ ഒരു ചിരിയും ചിരിച്ച് അമ്മൂമ്മ അകത്തേക്ക് പോയി.
സെക്കന്റുകള്‍ക്കകം വീടിന്റെ പോര്‍ച്ചിലേക്ക് സ്‌കൂട്ടറുമായി ചേട്ടത്തി അതിവേഗം വന്നു, ”എത്രയും പെട്ടെന്ന് ദീപകിന് തരാന്‍ പറഞ്ഞ് 200 രൂപ ഒരാള്‍ തന്നുവിട്ടതാണ്. അതുകൊണ്ട് നീ പോവുന്നതിനുമുമ്പ് എത്താന്‍ വേണ്ടി ഞാന്‍ തിരക്കിട്ട് വരികയായിരുന്നു!” ആ പണവുംകൊണ്ട് ഞാന്‍ ട്രെയിന്‍ കയറി. കലൂര്‍ സെയ്ന്റ് ആന്റണീസ് ദൈവാലയത്തില്‍ കയറി നന്ദി പറഞ്ഞിട്ടാണ് ജോലിസ്ഥലത്ത് പോയത്.