ദൈവഭക്തനായ ഗവര്‍ണറുടെ മകനായിരുന്നെങ്കിലും ആ യുവാവ് തിന്മയ്ക്ക് അടിമയായിരുന്നു. മാതാപിതാക്കള്‍ അവന് വൈദ്യശാസ്ത്രത്തില്‍ ഉന്നത വിദ്യാഭ്യാസം നല്കി. ക്രിസ്തുവിശ്വാസത്തില്‍ അടിയുറച്ച അവരുടെ പ്രാര്‍ത്ഥനയും അപേക്ഷകളും വകവയ്ക്കാതെ അവന്‍ മന്ത്രവാദത്തിനും പൈശാചിക പ്രവര്‍ത്തനങ്ങള്‍ക്കും പിന്നാലെ പോയി.
ഏഴു വര്‍ഷത്തോളം പിശാചിന്റെ കീഴില്‍ പഠിച്ചു. തന്റെ ആത്മാവിനെ പിശാചിന് അടിയറവയ്ക്കണമെന്നും സ്വന്തം രക്തംകൊണ്ട് ഒപ്പിട്ട്, ജീവിതംമുഴുവന്‍ സാത്താന് തീറെഴുതികൊടുക്കണമെന്നും പിശാച് ആവശ്യപ്പെട്ടു. യുവാവ് ഒരു മടിയുംകൂടാതെ അനുസരിച്ച് മന്ത്രവാദിയായിത്തീര്‍ന്നു.
ഒരുദിവസം അയാള്‍ ലൈബ്രറിയിലായിരിക്കുമ്പോള്‍ ഭീമാകാരനും ആയുധധാരിയുമായ ഒരു പടയാളി ഭീതിപ്പെടുത്തുന്ന മുഖവുമായി അയാളുടെ മുമ്പിലെത്തി. വാളുയര്‍ത്തി വീശിക്കൊണ്ട് കര്‍ശനസ്വരത്തില്‍ പറഞ്ഞു: ‘നീ നിന്റെ ദുഷിച്ച ജീവിതം അവസാനിപ്പിക്കുക. മാനസാന്തരപ്പെട്ട് ക്രിസ്തുവിനെ അനുഗമിക്കുക.” യുവാവ് ഒന്നു പരിഭ്രമിച്ചെങ്കിലും പഴയ ജീവിതം തുടര്‍ന്നു. സൈനികന്‍ വീണ്ടും വന്നു. ‘ഇനിയും നീ സാത്താനെ ഉപേക്ഷിച്ച് ക്രിസ്തുവിന്റെ സ്വന്തമാകുന്നില്ലെങ്കില്‍ നീ വധിക്കപ്പെടും’ എന്ന മുന്നറിയിപ്പുനല്കി. ഭയന്നുപോയ യുവാവ് ഉടന്‍ അനുതാപത്തോടെ നിലത്തുവീണ് ദൈവത്തോട് മാപ്പുചോദിച്ചു. മാന്ത്രിക ഗ്രന്ഥങ്ങള്‍ അഗ്‌നിക്കിരയാക്കി, സ്വഭവനത്തിലേക്ക് മടങ്ങി.
അവന്റെ മാതാപിതാക്കളുടെ മടുപ്പുകൂടാതെയുള്ള പ്രാര്‍ത്ഥനയുടെ ഫലമായി ദൈവം കാവല്‍മാലാഖയെ അയച്ച് അവനെ രക്ഷിക്കുകയായിരുന്നു. യുവാവ് പിന്നീട് വിശുദ്ധ ഡൊമിനിക്കിന്റെ ശിഷ്യത്വം സ്വീകരിച്ചു. ഡൊമിനിക്കന്‍ സഭാവസ്ത്രം സ്വീകരിച്ച് പ്രാര്‍ത്ഥനയുടെയും പരിഹാരത്തിന്റെയും ജീവിതം നയിച്ചു. സാത്താന് തീറെഴുതിയ ഏഴുവര്‍ഷത്തെക്കുറിച്ചുള്ള ഭയാനകമായ ഒര്‍മകള്‍ ഏഴുവര്‍ഷം അവനെ വേട്ടയാടി. കഠിനമായ ആന്തരിക പീഡയാല്‍ അവന്‍ വലഞ്ഞു; എന്നാല്‍ പരിശുദ്ധ ദൈവമാതാവ് സഹായത്തിനെത്തി. പരിശുദ്ധ മറിയത്തിന്റെ അധികാരശക്തിക്കുമുമ്പില്‍ സാത്താന്‍ അടിയറവു പറഞ്ഞ് കീഴടങ്ങി.
പരിശുദ്ധ കന്യകയുടെ അള്‍ത്താരയില്‍ യുവാവ് തന്റെ ജീവിതം തീറെഴുതിക്കൊടുത്തു, മാതാവ് അയാളുടെ ജീവിതം ഏറ്റെടുത്തു. ഒടുവില്‍ പരിശുദ്ധ അമ്മതന്നെ ഇദേഹത്തെ പുണ്യത്തില്‍ പരിശീലിപ്പിച്ച് സഭയിലെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തി. ഇദ്ദേഹമാണ് പോര്‍ട്ടുഗലിലെ വിശുദ്ധ ജൈല്‍സ്.
പരിശുദ്ധ ദൈവമാതാവിന് സമര്‍പ്പിക്കപ്പെട്ടാല്‍, അമ്മയുടെ വാക്കുകള്‍ അനുസരിക്കാന്‍ തയ്യാറെങ്കില്‍ എത്ര വലിയ പാപിയെയും അമ്മ വലിയ വിശുദ്ധരാക്കി ഉയര്‍ത്തും. നമ്മെയും നമ്മുടെ മക്കളെയും മാനസാന്തരം ആവശ്യമുള്ളവരെയും പരിശുദ്ധ അമ്മയ്ക്ക് സമര്‍പ്പിച്ച്, ജൈല്‍സിന്റെ മാതാപിതാക്കളെപ്പോലെ മടുപ്പുകൂടാതെ പ്രാര്‍ത്ഥിക്കാം. ദൈവമാതാവിലൂടെ ഏവരും വിശുദ്ധരായിത്തീരട്ടെ.