തടവറയിലും വിശുദ്ധി വിടരും – Shalom Times Shalom Times |
Welcome to Shalom Times

തടവറയിലും വിശുദ്ധി വിടരും

ആര്‍ച്ച്ബിഷപ്പായിരിക്കേ നീണ്ട പതിമൂന്ന് വര്‍ഷം ജയിലില്‍ കിടന്നശേഷം മോചനം നേടിയ വ്യക്തിയാണ് പ്രശസ്തധ്യാനഗുരുവായിരുന്ന കര്‍ദിനാള്‍ വാന്‍ ത്വാന്‍. പതിമൂന്നില്‍ ഒമ്പത് വര്‍ഷം ഏകാന്തതടവാണ് അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്നത്. പക്ഷേ ആ അവസ്ഥയിലും അദ്ദേഹം തന്റെ ജീവിതത്തെ അര്‍ത്ഥപൂര്‍ണമാക്കാന്‍ ഒരു വഴി കണ്ടെത്തി. തടവില്‍ കഴിയുന്നവരെല്ലാം ഭാവിയില്‍ സ്വതന്ത്രരാകുമെന്ന പ്രത്യാശയില്‍ അതിലേക്ക് നോക്കിയാണ് ജീവിക്കുന്നത്. ജയിലിലെ ക്ലേശങ്ങള്‍ അതിജീവിക്കാന്‍ ആ പ്രത്യാശ ശക്തി പകരും. എന്നാല്‍ വാന്‍ ത്വാന്‍ ചിന്തിച്ചു, ‘നാളെ ഞാന്‍ ഉണ്ടാകുമോ എന്നറിയില്ല. അതിനാല്‍ ഇന്നിനെ നോക്കി ജീവിക്കണം.’ അപ്രകാരം, യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിച്ചുകൊണ്ട് അദ്ദേഹം ജീവിക്കാന്‍ തുടങ്ങി.

ഭാവിയില്‍ ചെയ്യാനിരിക്കുന്ന മഹത്പ്രവൃത്തികളെക്കുറിച്ച് സ്വപ്നം കണ്ടതുകൊണ്ട് വലിയ കാര്യമില്ല. കാരണം അതിന് അവസരം വന്നുചേരണമെന്നില്ലല്ലോ. ഉറപ്പുള്ളത് മരണംമാത്രമാണ്. അതിനാല്‍ത്തന്നെ ജയില്‍ജീവിതത്തിലെ സാധാരണപ്രവൃത്തികള്‍ അസാധാരണമായി ചെയ്യാമെന്നായിരുന്നു വാന്‍ ത്വാന്റെ തീരുമാനം. അതാണ് വിശുദ്ധി സ്വന്തമാക്കാനുതകുന്ന പാത എന്ന് അദ്ദേഹം മനസിലാക്കി. തുടര്‍ന്ന് അദ്ദേഹം പ്രാര്‍ത്ഥിച്ചു,
”യേശുവേ, ഞാന്‍ ഭാവിക്കായി കാത്തുനില്‍ക്കില്ല.
വര്‍ത്തമാനകാലത്തില്‍ ജീവിക്കും. അതിനെ സ്‌നേഹംകൊണ്ട് നിറയ്ക്കും.”