ഒരിക്കല്‍ അള്‍ത്താരയില്‍ എഴുന്നള്ളിച്ചുവച്ചിരുന്ന ദിവ്യകാരുണ്യം ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു മിഷനറി. അത് വികസിപ്പിച്ചപ്പോള്‍ വിസ്മയകരമായ ഒരു ചിത്രമാണ് ലഭിച്ചത്. ഫോട്ടോയില്‍ ദിവ്യകാരുണ്യത്തിന്റെ സ്ഥാനത്ത് തെളിഞ്ഞത് ബാലനായ ഈശോയുടെ ചിത്രം! ദൈവപിതാവിനെ നോക്കി നമുക്കായി പ്രാര്‍ത്ഥിക്കുന്ന ഈശോ. ഫോട്ടോയുടെ പശ്ചാത്തലത്തില്‍ കാണപ്പെട്ടത് സാധുവായ ആശാരിയുടെ പണിശാലയായിരുന്നു. അള്‍ജീരിയന്‍ മരുഭൂമിയില്‍ മിഷനറിയായി സേവനം ചെയ്ത വിശുദ്ധ ചാള്‍സ് ഡി ഫൂക്കോ (1858 -1916) യ്ക്കാണ് അസാധാരണമായ ഈ ദൈവാനുഭവം ലഭിച്ചത്. വിശുദ്ധനോടൊപ്പം നമുക്കും പ്രാര്‍ത്ഥിക്കാം:
എന്റെ ദൈവമേ, ഞാന്‍ അങ്ങയില്‍ വിശ്വസിക്കുന്നു, അങ്ങയെ ആരാധിക്കുന്നു, അങ്ങില്‍ പ്രത്യാശവയ്ക്കുന്നു, അങ്ങയെ സ്നേഹിക്കുന്നു. അങ്ങയില്‍ വിശ്വസിക്കുകയോ പ്രത്യാശവയ്ക്കുകയോ അങ്ങയെ ആരാധിക്കുകയോ സ്നേഹിക്കുകയോ ചെയ്യാത്ത സകലര്‍ക്കുംവേണ്ടി അങ്ങയോട് ഞാന്‍ മാപ്പ് ചോദിക്കുന്നു.
ഓ എന്റെ ഈശോയേ ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ. നരകാഗ്നിയില്‍നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എല്ലാ ആത്മാക്കളെയും പ്രത്യേകിച്ച്, അങ്ങേ സഹായം കൂടുതല്‍ ആവശ്യമുള്ള ആത്മാക്കളെയും സ്വര്‍ഗത്തിലേക്ക് ആനയിക്കണമേ, ആമ്മേന്‍.