ഹെന്റി പ്രന്‍സീനിക്ക് വധശിക്ഷ! ഫ്രഞ്ച് ദിനപത്രങ്ങളിലെ അന്നത്തെ പ്രധാനവാര്‍ത്ത അതായിരുന്നു. ഫ്രാന്‍സിനെ നടുക്കിയ ഒരു കൂട്ടക്കൊലപാതകത്തിലെ പ്രതി പ്രന്‍സീനിക്ക് നല്കപ്പെട്ട ശിക്ഷയില്‍ ആര്‍ക്കും വലിയ അമ്പരപ്പോ ഖേദമോ തോന്നാനില്ല. പക്ഷേ ആ പത്രവാര്‍ത്ത ലിസ്യൂവിലെ വിശുദ്ധ തെരേസ എന്ന കൊച്ചുത്രേസ്യയുടെ ഹൃദയത്തില്‍ വ്യത്യസ്തമായ വികാരമാണ് സൃഷ്ടിച്ചത്. അന്നത്തെ മാധ്യമങ്ങളോടും പൊതുജനാഭിപ്രായത്തോടും ചേര്‍ന്ന് പ്രന്‍സീനിയെ അപലപിക്കാന്‍ അവള്‍ക്ക് തോന്നിയില്ല. പകരം ആ ആത്മാവിനായി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി, ത്യാഗങ്ങളേറ്റെടുത്തുകൊണ്ടുള്ള പ്രാര്‍ത്ഥന. തന്റെ പ്രാര്‍ത്ഥന സ്വീകരിക്കപ്പെട്ടെന്നതിന് ഈശോയോട് അടയാളവും ചോദിച്ചിരുന്നു.
അടുത്ത ദിനങ്ങളിലെല്ലാം പ്രന്‍സീനിയുടെ കാര്യത്തില്‍ സ്വര്‍ഗത്തില്‍നിന്നുള്ള അടയാളം ലഭിക്കുന്നുണ്ടോ എന്നറിയാന്‍ അവള് വാര്‍ത്തകള്‍ തിരഞ്ഞു, പക്ഷേ ഒന്നും കണ്ടില്ല. ഒടുവില്‍ പ്രന്‍സീനിയുടെ ശിക്ഷ നടപ്പാക്കിയതിന്റെ വാര്‍ത്തകള്‍ വന്നു. വധിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് സമീപത്തുണ്ടായിരുന്ന വൈദികന്റെ കൈയില്‍നിന്ന് കുരിശ് ചോദിച്ചുവാങ്ങി മൂന്ന് പ്രാവശ്യം ചുംബിച്ചെന്ന് ആ വാര്‍ത്തകളില്‍ രേഖപ്പെടുത്തിയിരുന്നു. അന്ന് കൊച്ചുത്രേസ്യ തന്റെ ഡയറിയില്‍ പ്രന്സീനിയെക്കുറിച്ച് എഴുതി, ‘എന്റെ ആദ്യത്തെ കുഞ്ഞ്!!’ അതെ, സ്വര്‍ഗത്തിനായി അവള് ജനിപ്പിച്ച ആദ്യത്തെ കുഞ്ഞായിരുന്നു പ്രന്സീനി.
സ്വയം ചോദിച്ചുനോക്കാം, കൊച്ചുത്രേസ്യയെപ്പോലെ എനിക്കെത്ര കുഞ്ഞുങ്ങളുണ്ടാകും?