”നിങ്ങള്‍ക്കൊക്കെ എല്ലാവരും ഉണ്ടല്ലോ!” – Shalom Times Shalom Times |
Welcome to Shalom Times

”നിങ്ങള്‍ക്കൊക്കെ എല്ലാവരും ഉണ്ടല്ലോ!”

1990-കളുടെ ആദ്യപാദം. ഞാന്‍ നവീകരണരംഗത്തു വന്നു കുറച്ചുകാലമേ ആയിട്ടുള്ളൂ. പ്രാര്‍ത്ഥനാഗ്രൂപ്പും വാര്‍ഡ് പ്രാര്‍ത്ഥനകളും പള്ളിക്കമ്മിറ്റിപ്രവര്‍ത്തനങ്ങളുമായി കഴിഞ്ഞുകൂടുന്നു.
ഒരു ദിവസം വൈകുന്നേരം കൃഷിപ്പണികളൊക്കെ കഴിഞ്ഞ് വീട്ടുസാധനങ്ങള്‍ വാങ്ങാനായി രണ്ടര കിലോമീറ്റര്‍ ദൂരെയുള്ള ടൗണിലേക്ക് പോകുകയായിരുന്നു. എതിരെ ഞങ്ങളുടെ നാട്ടിലെ കുപ്രസിദ്ധനായ ഒരു ചേട്ടന്‍ വരുന്നു. എന്റെ അടുത്തെത്തിയതേ ചേട്ടന്‍ എന്റെ മുഖത്തുനോക്കി ഒരു നിലവിളി ”നിങ്ങള്‍ക്കൊക്കെ എല്ലാവരും ഉണ്ടല്ലോ അല്ലേ” എന്നു പറഞ്ഞുകൊണ്ട്. എനിക്ക് ഒരു മറുപടിയും പറയാനില്ലായിരുന്നു. പറയാന്‍ അറിയുകയും ഇല്ലായിരുന്നു.

ചേട്ടനാണെങ്കില്‍ ചാരായം വാറ്റലും കഞ്ചാവുകൃഷിയും വലിക്കലും ബഹളങ്ങളും ഉള്ളയാള്‍. ഈ കാരണങ്ങളാല്‍ കേസുകളില്‍ പല പ്രാവശ്യം ശിക്ഷ അനുഭവിച്ചിട്ടുള്ളയാള്‍. ഇടവകപ്പള്ളിയുടെ കമ്മറ്റിക്കാരനെന്നനിലയില്‍ വികാരിയച്ചനോടൊപ്പം വീടു വെഞ്ചരിക്കാന്‍ ചെന്നാല്‍ വീട്ടില്‍ കയറ്റില്ല. ഭാര്യയെയും മകളെയും ഉപദ്രവിച്ചതിനാല്‍ ഭാര്യയും മകളും ഒരു കന്യാസ്ത്രീമഠത്തില്‍ അഭയം തേടിയിരിക്കുന്നു.
പിതാവിന് ഏക ആണ്‍തരിയായതിനാല്‍ തറവാടും കുറെയധികം ഭൂസ്വത്തുക്കളും ഉണ്ടായിരുന്നു. പല ആവശ്യങ്ങള്‍ക്കായി നല്ലഭാഗം ഭൂമി വിറ്റു. കാരണവന്മാര്‍ പണിത പ്രധാന പുര പൊളിച്ചുവിറ്റു. ഇപ്പോള്‍ അടുക്കളപ്പുരയില്‍ വാസം.

ചേട്ടനെ കണ്ടുമുട്ടിയ സമയം മുതല്‍ രാത്രിയും പിറ്റേദിവസം പകലുമെല്ലാം എനിക്ക് ചേട്ടനെപ്പറ്റിമാത്രം ചിന്ത. വൈകുന്നേരമായപ്പോള്‍ ഭാര്യയോടു ഞാന്‍ ചേട്ടനെ ഒന്നുപോയി കാണട്ടെയെന്ന് പറഞ്ഞ് ചേട്ടന്റെ വീട്ടില്‍ എത്തി. ഒരു മുറി മാത്രമുള്ള അടുക്കളപ്പുര. ഒരു വശത്ത് അടുപ്പും സംവിധാനങ്ങളും. ബാക്കിസ്ഥലത്ത് നിലത്ത് തഴപ്പായ വിരിച്ച് ചേട്ടന്‍ നിലത്തിരിക്കുന്നു. എന്നെ കണ്ടപ്പോള്‍ ചേട്ടന്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങി. അവിടെയിരിക്കൂ ചേട്ടാ എന്നുപറഞ്ഞ് സമാധാനിപ്പിച്ച് ഇരുത്തി. കൂടെയുണ്ടായിരുന്ന ഇളയമകനോട് എനിക്കിരിക്കാന്‍ ഒരു സ്റ്റൂള്‍ എടുത്തുകൊണ്ടുവരാന്‍ പറഞ്ഞെങ്കിലും ഞാന്‍ അദ്ദേഹത്തിന്റെകൂടെ പായയില്‍ ഇരുന്നു. ചേട്ടന്‍, ചേട്ടന്റെ വിഷമങ്ങളും രോഗങ്ങളും ഭാര്യ ഇട്ടിട്ടുപോയതിന്റെ വിഷമങ്ങളും ഒക്കെ ഒത്തിരി പറഞ്ഞു. ഞാന്‍ എല്ലാം കേട്ടു. ഒന്നിനും ഒരു മറുപടി പറയാന്‍ എനിക്ക് അറിവില്ലായിരുന്നു. പറഞ്ഞുമില്ല. നമുക്ക് എന്തെങ്കിലും ചെയ്യാം എന്നുപറഞ്ഞ് ചേട്ടനെ സമാധാനിപ്പിച്ച് ഞാന്‍ മടങ്ങി.

പിറ്റേദിവസം രാവിലെ ഞാന്‍ എന്റെ വീടിന്റെ മുറ്റത്തു നില്‍ക്കുമ്പോള്‍ താഴെയുള്ള വഴിയില്‍ക്കൂടി അവിചാരിതമായി ചേട്ടന്റെ ഭാര്യയും പെങ്ങളുംകൂടി മറ്റൊരു പെങ്ങളുടെ വീട്ടിലേക്ക് പോകുന്നു. എനിക്ക് വല്ലാത്ത ആശ്ചര്യം തോന്നി. ഞാന്‍ അവരെ എന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി. എന്റെ തലേദിവസത്തെ അനുഭവങ്ങള്‍ പറഞ്ഞു. എന്നിട്ട് ഞാന്‍ ചേടത്തിയോട് പറഞ്ഞു ”ചേട്ടന്‍ എന്തു ദ്രോഹം ചെയ്തിട്ടുണ്ടെങ്കിലും ചേട്ടന് ചേടത്തിയുടെ സാമീപ്യം അത്യാവശ്യമാണ്.” ചേടത്തി പറഞ്ഞു ”എന്റെ മോനേ, ഞാന്‍ പോവില്ല. എനിക്ക് വല്ലാത്ത ഭയമാണ്.”
ഞങ്ങളുടെ സോണില്‍ പാസ്റ്ററും ധ്യാനവും പ്രാര്‍ത്ഥനയും ഒക്കെയുണ്ട്. ചേടത്തിയെ ഞാന്‍ അച്ചന്റെ അടുത്തുകൊണ്ടുപോകാം, ചേടത്തി ഒന്നു സംസാരിക്ക് എന്നു പറഞ്ഞു. അതിന്‍പ്രകാരം ഞങ്ങള്‍ പിറ്റേദിവസം പോയി. പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ അച്ചനുമായി ചേടത്തി സംസാരിച്ചു. സംസാരശേഷം അച്ചനും ചേടത്തിയെ ചേട്ടന്റെ അടുത്തുവിടാന്‍ ധൈര്യമില്ലായിരുന്നു. ‘എനിക്ക് ഒന്നും അറിയില്ല. പക്ഷേ ചേടത്തി ചേട്ടന്റെ അടുത്തു ചെല്ലേണ്ടത് അനിവാര്യമാണെന്നു’മാത്രം ഞാന്‍ പറഞ്ഞു. അവസാനം ചേടത്തി നില്‍ക്കുന്ന മഠത്തിലെ മദറിനോട് ചോദിച്ചിട്ട് പറയാം എന്നു പറഞ്ഞ് പോയി.

ഒരാഴ്ചയ്ക്കുള്ളില്‍ ചേടത്തി വന്ന് ചേട്ടന്റെ ഒപ്പം താമസിക്കുന്നുവെന്ന് അറിയാന്‍ കഴിഞ്ഞു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ചേട്ടന്‍ മരിച്ചെന്ന് അറിഞ്ഞു. ഞങ്ങളെല്ലാം ചെന്ന് സമുചിതമായി മൃതസംസ്‌കാരം നടത്തി.
പിന്നെയുള്ള ചേടത്തിയുടെ വാക്കുകളാണ് പ്രസക്തം. ചേട്ടന്‍ എത്ര ദ്രോഹിച്ചെങ്കിലും ഈ കുറഞ്ഞ ദിവസം ചേട്ടന്‍ കൊടുത്ത സ്‌നേഹം എല്ലാം മറക്കാന്‍ ചേടത്തിയെ പ്രേരിപ്പിച്ചുപോലും. അവസാനം ചേട്ടന്റെ കൈവശമുണ്ടായിരുന്ന ആകെ സമ്പാദ്യം നൂറുരൂപ ചേടത്തിക്ക് കൊടുത്ത് ചേട്ടന്‍ യാത്രയായി. ആ അന്ത്യനിമിഷങ്ങളില്‍ ചേട്ടനോടൊപ്പം ചേടത്തി ഇല്ലായിരുന്നെങ്കില്‍ അല്ലെങ്കില്‍ ചേട്ടന്‍ മരിച്ചതിനുശേഷമാണ് ചേടത്തി വന്നിരുന്നതെങ്കില്‍…? ഒരു മനുഷ്യന്‍പോലും നഷ്ടപ്പെടാതിരിക്കാന്‍ കാരുണ്യവാനായ ദൈവത്തിന്റെ കരുതല്‍. ”ദുഷ്ടന്‍ താന്‍ പ്രവര്‍ത്തിച്ചിരുന്ന തിന്മയില്‍നിന്ന് പിന്തിരിഞ്ഞ് നീതിയും ന്യായവും പാലിച്ചാല്‍ അവന്‍ തന്റെ ജീവന്‍ രക്ഷിക്കും. താന്‍ പ്രവര്‍ത്തിച്ചിരുന്ന തിന്മകള്‍ മനസിലാക്കി അവയില്‍നിന്ന് പിന്മാറിയതിനാല്‍ അവന്‍ തീര്‍ച്ചയായും ജീവിക്കും; അവന്‍ മരിക്കുകയില്ല” (എസെക്കിയേല്‍ 18/27-28).

വിശുദ്ധ ജോണ്‍ മരിയ വിയാനി ഒരിക്കല്‍ ദൈവാലയത്തില്‍ ഒരു സ്ത്രീ കരഞ്ഞുകൊണ്ട് നില്‍ക്കുന്നതു കണ്ടു. അന്വേഷിച്ചപ്പോള്‍ അവരുടെ ഭര്‍ത്താവ് പാപകരമായ ജീവിതം നയിച്ചാണ് മരിച്ചത് എന്നുപറഞ്ഞു. ഭര്‍ത്താവിന്റെ ആത്മാവ് നരകത്തിലാണോ ഉള്ളത്, പ്രാര്‍ത്ഥിച്ചാല്‍ ഫലമുണ്ടോ എന്നെല്ലാം അവര്‍ ആശങ്കപ്പെട്ടു. വിയാനിയച്ചന്‍ പറഞ്ഞു, ”നീ മാതാവിന്റെ വണക്കമാസത്തിന് പൂക്കള്‍ ശേഖരിച്ചപ്പോള്‍ നിന്റെ ഭര്‍ത്താവ് നിന്നെ സഹായിച്ചില്ലേ. അതുമൂലം മാതാവിന്റെ മധ്യസ്ഥതയാല്‍ നിന്റെ ഭര്‍ത്താവ് ദൈവകൃപ സ്വീകരിച്ച് ശുദ്ധീകരണസ്ഥലത്താണ് ഉള്ളത്. അതുകൊണ്ട് പ്രാര്‍ത്ഥിച്ചുകൊള്ളുക.”

എനിക്കാരുമില്ല എന്ന സന്ദേഹത്തില്‍ നമ്മുടെ ചുറ്റിലും എത്രയോപേര്‍ കഴിയുന്നു. നമുക്കും അവര്‍ക്ക് ആരെങ്കിലുമാകാന്‍ പരിശ്രമിക്കാം. ഒരാള്‍ സമൂഹത്തിന് യോജിച്ചവനല്ലെങ്കിലും അയാള്‍ ജീവിതത്തില്‍ ചെയ്ത ചെറിയ നന്മകളെപ്രതിയെങ്കിലും ദൈവം അവനെ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നു. ”ഈ ചെറിയവരില്‍ ഒരുവന്‍പോലും നശിച്ചുപോകാന്‍ എന്റെ സ്വര്‍ഗസ്ഥനായ പിതാവ് ഇഷ്ടപ്പെടുന്നില്ല” (മത്തായി 18/14). നമുക്കും ദൈവത്തിന്റെ ചെറിയ ഉപകരണങ്ങളാകാം. ദൈവം അനുഗ്രഹിക്കട്ടെ.

ജോസ് ഫിലിപ്