തളരാത്ത മനസിന്റെ രഹസ്യം – Shalom Times Shalom Times |
Welcome to Shalom Times

തളരാത്ത മനസിന്റെ രഹസ്യം

 

കഠിനമായ ആസ്ത്മാരോഗത്താല്‍ 52-ാമത്തെ വയസില്‍ പീഡിതനായ വ്യക്തിയായിരുന്നു വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി. ശ്വാസതടസം കാരണം കിടക്കുവാന്‍ പോലും കഴിയാതെ പലപ്പോഴും രാത്രി മുഴുവന്‍ കസേരയില്‍ ഇരിക്കേണ്ടിവരുമായിരുന്നു. 1768-ല്‍ 72-ാമത്തെ വയസില്‍ പക്ഷാഘാതംമൂലം ഒരു വശം മുഴുവനും തളര്‍ന്നു പോയി. സന്ധികളിലെല്ലാം അതികഠിനമായ വേദന. കഴുത്തിലെ കശേരുക്കള്‍ വളഞ്ഞ് തല കുമ്പിട്ടുപോയതിനാല്‍ മുഖം ഉയര്‍ത്തി നോക്കാന്‍ കഴിവില്ലാതായി; താടി നെഞ്ചില്‍ മുട്ടി. താടിയുടെ മര്‍ദംമൂലം നെഞ്ചു ഭാഗത്ത് വ്രണങ്ങള്‍ രൂപപ്പെടുകപോലും ചെയ്തപ്പോഴാണ് ആ വേദനയെക്കുറിച്ച് മറ്റുള്ളവര്‍ക്ക് മനസ്സിലായത്. ഈ രോഗാവസ്ഥയില്‍ ശാരീരിക വേദനയെക്കാളേറെ അദ്ദേഹത്തെ സങ്കടപ്പെടുത്തിയത് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ കഴിയാത്ത അവസ്ഥയാണ്. എങ്കിലും അദ്ദേഹം ഇങ്ങനെ പറഞ്ഞു:
”ദൈവത്തിന്റെ തിരുമനസ്സിതാണെങ്കില്‍ ഈ അവസ്ഥയില്‍ തുടരാന്‍ എനിക്കിഷ്ടമാണ്. ആരോഗ്യത്തോടെ ഓടി നടന്ന് പ്രവര്‍ത്തിക്കുന്നതിനെക്കാള്‍ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നതിലാണ് എന്റെ സന്തോഷം.”
ദൈവകൃപയാല്‍ ഒരു വര്‍ഷത്തിനുശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില ഭേദപ്പെട്ടു. അള്‍ത്താരയ്ക്കരികില്‍ കസേരയില്‍ ഇരുന്നുകൊണ്ട് വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരാന്‍ അദ്ദേഹത്തിനായി. ഈ അവസ്ഥയിലും രൂപതാഭരണം ഭംഗിയായി മുന്നോട്ട് കൊണ്ടുപോകുവാന്‍ സാധിച്ചത് ആത്മീയ ശക്തികൊണ്ട് മാത്രമാണ്. ശാരീരിക ദൗര്‍ബല്യങ്ങളൊന്നും ആ കര്‍മധീരന്റെ തീക്ഷ്ണതയെ മന്ദീഭവിപ്പിച്ചില്ല എന്ന വസ്തുത നാം ധ്യാനവിഷയമാക്കേണ്ടിയിരിക്കുന്നു. ഒരു നിമിഷം പോലും വെറുതെ കളയുവാന്‍ തയാറാകാത്ത അദ്ദേഹം മധ്യവയസിനുശേഷം മാത്രമാണ് പുസ്തകങ്ങളെഴുതുവാന്‍ ആരംഭിച്ചത്.
രോഗങ്ങള്‍ യാത്രകളെയും പ്രസംഗങ്ങളെയും തടയുവാന്‍ ശ്രമിച്ചപ്പോള്‍ എഴുത്തിലൂടെ തന്റെ ദൗത്യം അദ്ദേഹം തുടര്‍ന്നു. പുസ്തകമെഴുതി വെറുതെ സമയം കളയുന്നു, മെത്രാന്റെ പണി പുസ്തകമെഴുത്തല്ല എന്നൊക്കെ വിമര്‍ശിച്ചുകൊണ്ട് ശത്രുക്കള്‍ ഈ അവസ്ഥയിലും അല്‍ഫോന്‍സ് ലിഗോരിയെ തളര്‍ത്താന്‍ ശ്രമിച്ചു. പക്ഷേ ക്രിസ്തുവിനോടുള്ള സ്‌നേഹവും ആത്മാക്കളെ രക്ഷിക്കാനുള്ള തീക്ഷ്ണതയും വിമര്‍ശനങ്ങളെയും പ്രതിബന്ധങ്ങളെയും അതിജീവിക്കുവാനുള്ള കരുത്ത് നല്‍കി.
അറുപതാമത്തെ വയസില്‍ പ്രസിദ്ധപ്പെടുത്തിയ ‘ദിവ്യകാരുണ്യ സന്ദര്‍ശനം’ ആണ് ആദ്യഗ്രന്ഥം.
ദൈവമാതാവിനെതിരായി പ്രചരിച്ചിരുന്ന പാഷണ്ഡതകളെ ചെറുത്തു തോല്‍പ്പിക്കുവാന്‍ അല്‍ഫോന്‍സ് ലിഗോരിയുടെ പ്രസംഗങ്ങളും രചനകളും പ്രത്യേകിച്ച് ‘ഗ്ലോറീസ് ഓഫ് മേരി’ എന്ന ഗ്രന്ഥവും ഏറെ സഹായകമായി. മാതാവിന്റെ അമലോത്ഭവം ഒരു വിശ്വാസ സത്യമായി പ്രഖ്യാപിക്കപ്പെടുന്നതിന്റെ പിന്നിലും അല്‍ഫോന്‍സിന്റെ ഗ്രന്ഥങ്ങള്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പ്രാര്‍ത്ഥനാജീവിതം, ദിവ്യകാരുണ്യഭക്തി, മാര്‍പാപ്പയുടെ അപ്രമാദിത്വം, സഭാദര്‍ശനം തുടങ്ങിയ മേഖലകളില്‍ വിശുദ്ധ അല്‍ഫോന്‍സ് ലിഗോരിയുടെ ജീവിതം നല്‍കിയ പരിപോഷണത്തെ മാനിച്ചുകൊണ്ട് 1871 മാര്‍ച്ച് 23-ന് ഒന്‍പതാം പിയൂസ് മാര്‍പാപ്പ അദ്ദേഹത്തെ വേദപാരംഗതനായി പ്രഖ്യാപിച്ചു.
സഹനത്തിലൂടെ യോഗ്യത നേടുന്ന സ്ഥലമാണ് ഭൂമി. പ്രതിഫലത്തിന്റെയും ആനന്ദത്തിന്റെയും സ്ഥലം സ്വര്‍ഗമാണ്. ഇതായിരുന്നു അല്‍ഫോന്‍സ് ലിഗോരിയുടെ കാഴ്ചപ്പാട്. അതിനാല്‍ തീവ്രമായ വേദനകളിലും ദൈവഹിതം കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ദൈവം അനുവദിക്കുന്ന നൊമ്പരങ്ങളെ നിരാകരിക്കുന്നത് അവിടുത്തെ നന്മയിലുള്ള അവിശ്വാസം മൂലമാണ്. ദൈവത്തിനുവേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നതിലല്ല പ്രത്യുത, ദൈവം ആഗ്രഹിക്കുന്നത് മാത്രം ചെയ്യുന്നതിലും ദൈവം ഇച്ഛിക്കുന്നതിനെ നമ്മള്‍ ഇച്ഛിക്കുവാന്‍ പരിശ്രമിക്കുന്നതിലുമാണ് ആത്മീയ പൂര്‍ണതയുടെ മാര്‍ഗമെന്നും വിശുദ്ധ ലിഗോരി പഠിപ്പിച്ചു.
എതിര്‍പ്പുകളും വിമര്‍ശനങ്ങളുംവഴി നിഷ്‌ക്രിയരായിപ്പോകുന്നവര്‍ക്ക് അല്‍ഫോന്‍സ് ലിഗോരി ഒരു പാഠമാണ്. അധ്വാനത്തിന് ആഗ്രഹിച്ച ഫലം കിട്ടാതെ വരുമ്പോള്‍ പലരുടെയും ആവേശം കെട്ടുപോകും. ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടുമ്പോഴും കഷ്ടപ്പാടുകള്‍ മനസ്സിലാക്കപ്പെടാതെ വരുമ്പോഴും തീക്ഷ്ണത നഷ്ടപ്പെട്ടുപോകാം. വ്യക്തിപരമായ പരിമിതികളെ ഓര്‍ത്ത് എനിക്കിതില്‍ കൂടുതല്‍ ഒന്നും ചെയ്യാനില്ല എന്ന് കരുതി നിഷ്‌ക്രിയരാകുന്നവരും ധാരാളമാണ്. സ്‌നേഹത്തിനു മാത്രമേ എപ്പോഴും ഉണര്‍വോടെ കര്‍മനിരതമാകാന്‍ പറ്റൂ. സ്‌നേഹത്തിന്റെ കുറവാണ് അലസതയുടെയും നിഷ്‌ക്രിയത്വത്തിന്റെയും അടിസ്ഥാന കാരണം.
ദൈവത്തോടുള്ള സ്‌നേഹം വലുതാകുമ്പോള്‍ സഭയോടുള്ള സ്‌നേഹവും വളരും. ആത്മാക്കളെ രക്ഷിക്കാനുള്ള തീക്ഷ്ണമായ ആഗ്രഹവും അതോടൊപ്പം വര്‍ധിച്ചുകൊണ്ടിരിക്കും. അല്‍ഫോന്‍സ് ലിഗോരിയുടെ ജീവിതം മുഴുവനും തെറ്റിദ്ധാരണകളാലും വിമര്‍ശനങ്ങളാലും വലയം ചെയ്യപ്പെട്ടിരുന്നു. എല്ലാ ഉദ്യമങ്ങളും ആഗ്രഹിച്ചതുപോലെ ഫലം നല്‍കിയുമില്ല. ആത്മാര്‍ത്ഥതയ്ക്ക് പ്രതിഫലമായി ലോകവും ജീവിതവും നൊമ്പരങ്ങള്‍ മാത്രം നല്‍കി. എന്നിട്ടും തളരാത്ത ആ മനസ്സിന്റെ രഹസ്യമെന്താണ്? ക്രിസ്തുവിനോടുള്ള സ്‌നേഹം! ആ തീക്ഷ്ണതയുടെ രഹസ്യം അതുമാത്രമായിരുന്നു.
മടുപ്പും വിരസതയും ശൂന്യതയും നീക്കാനുള്ള വഴി ക്രിസ്തുവിന്റെ സ്‌നേഹംകൊണ്ട് നിറയുക മാത്രമാണ്. ദൈവം തന്ന ജീവിതത്തെ സ്‌നേഹിക്കുവാന്‍ പഠിക്കണം. അവിടുന്ന് തന്ന ജോലിയെയും ദൗത്യങ്ങളെയും സാഹചര്യങ്ങളെയും ക്രിസ്തുവിനെപ്രതി സ്‌നേഹിക്കണം. പിന്നെ വെറുതെ ഇരിക്കുവാന്‍ നമുക്കാകില്ല. പ്രതിബന്ധങ്ങള്‍ വലുതായി തോന്നുന്നത് സ്വാര്‍ത്ഥത കൂടുമ്പോഴാണ്. ദാവീദ് ഗോലിയാത്തിനെ കൊന്നത് കല്ലും കവിണയും കൊണ്ടല്ല; ഇസ്രായേലിന്റെ ദൈവത്തെപ്രതിയുള്ള തീക്ഷ്ണത കൊണ്ടാണ്.
തടവിലാക്കപ്പെട്ട പൗലോസ് അപ്പസ്‌തോലന് തന്നെ കാത്തിരിക്കുന്നത് മരണമാണെന്നറിയാമായിരുന്നു. എന്നിട്ടും അദ്ദേഹം നിഷ്‌ക്രിയനായിരുന്നില്ല. ജയിലിന്റെ പരിമിതികളിലിരുന്നും അദ്ദേഹം എഴുതി. എല്ലാക്കാലത്തെയും സഭാസമൂഹങ്ങള്‍ക്കുവേണ്ടി ദീര്‍ഘമായ ലേഖനങ്ങള്‍. തടവറയില്‍പ്പോലും കര്‍മോത്സുകനാകാന്‍ അപ്പസ്‌തോലനെ സഹായിച്ചതെന്താണ്? സകല സഭകളെയുംകുറിച്ചുള്ള തീക്ഷ്ണത. തീക്ഷ്ണത നഷ്ടപ്പെട്ട് മന്ദീഭവിച്ച ഹൃദയങ്ങളാണ് അറിവും കഴിവും സാഹചര്യങ്ങളും ഉപയോഗിക്കാനാവാതെ നാം നിഷ്‌ക്രിയരാകുന്നതിന് കാരണം.
ക്രൂരമായ പീഡനങ്ങളെയും എതിര്‍പ്പുകളെയും ആദിമസഭ നേരിട്ടത് രാഷ്ട്രീയ തന്ത്രങ്ങള്‍കൊണ്ടോ ആയുധങ്ങള്‍കൊണ്ടോ ആയിരുന്നില്ല. ക്രിസ്തുവിനോടുള്ള തീക്ഷ്ണസ്‌നേഹത്താല്‍ ജ്വലിക്കുന്ന ഹൃദയങ്ങള്‍കൊണ്ടായിരുന്നു. നമുക്കും ആ പാത പിന്തുടരാം.

ബെന്നി പുന്നത്തറ