പ്രശസ്തമായ ഒരു ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ 2001-ല്‍ പ്രസിദ്ധീകരിച്ച പഠനത്തിന്റെ ഒടുവില്‍ ഇങ്ങനെ എഴുതിയിരുന്നു: ”വിദൂരത്തിരുന്ന് അര്‍പ്പിക്കപ്പെടുന്നതും മുമ്പേതന്നെ ആരംഭിച്ചിട്ടുള്ളതുമായ മധ്യസ്ഥപ്രാര്‍ത്ഥന രക്തത്തില്‍ അണുബാധയുള്ള രോഗികളുടെ ആശുപത്രിവാസം കുറയ്ക്കുന്നതിനും പനി വേഗം മാറുന്നതിനും കാരണമാവുന്നു. അതിനാല്‍ ഇത്തരത്തിലുള്ള പ്രാര്‍ത്ഥന വൈദ്യചികിത്സയുടെ ഭാഗമായി ഉപയോഗിക്കുന്നതേപ്പറ്റി പരിഗണിക്കേണ്ടതാണ്.”
എന്താണ് ഇങ്ങനെയൊരു നിരീക്ഷണത്തിന് കാരണമായത് എന്നുകൂടി അറിയുമ്പോഴാണ് കാര്യം വ്യക്തമാകുക. 1990 മുതല്‍ 1996 വരെയുള്ള കാലത്ത് ഒരു മെഡിക്കല്‍ സെന്ററില്‍ പ്രവേശിക്കപ്പെട്ട 3393 രോഗികളെ ക്രമരഹിതമായി രണ്ട് കൂട്ടമായി തിരിച്ചു. ഒരു കൂട്ടത്തിന് ‘പ്രാര്‍ത്ഥന’ എന്നും മറ്റേ കൂട്ടത്തിന് ‘പ്രാര്‍ത്ഥനാരഹിതം’ എന്നുമാണ് പേര് നല്കിയത്. പേര് സൂചിപ്പിക്കുന്നതുപോലെതന്നെ ഒരു കൂട്ടത്തില്‍പ്പെട്ടവര്‍ക്കായി അവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സമയം തൊട്ട് പ്രാര്‍ത്ഥനകള്‍ ഉയര്‍ത്തിയിരുന്നു. അപ്രകാരം പ്രാര്‍ത്ഥന സ്വീകരിച്ചവരുടെയെല്ലാം ആശുപത്രിവാസം ഹ്രസ്വമായിരുന്നെന്ന് പഠനത്തില്‍ വ്യക്തമായി. പ്രാര്‍ത്ഥന രോഗസൗഖ്യത്തില്‍ സഹായിക്കുന്നു എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട പഠനമായിരുന്നു ഇത്.
”വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥന രോഗിയെ സുഖപ്പെടുത്തും” (യാക്കോബ് 5/15)