യേശുവിന്റെ മുഖഛായ – Shalom Times Shalom Times |
Welcome to Shalom Times

യേശുവിന്റെ മുഖഛായ

അതൊരു ഞായറാഴ്ചയായിരുന്നു. പ്രതീക്ഷിച്ചതിലും നേരത്തേ പള്ളിയിലെത്താന്‍ സാധിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തോടെ ഞാനൊന്നു നടുനിവര്‍ത്തിയിരുന്നു. ചുറ്റും ഒന്നു വിസ്തരിച്ചു നോക്കി. നാലഞ്ചു ഭക്ത കത്തോലിക്കര്‍ നേരത്തേതന്നെ ഹാജരുണ്ട്. എന്റെ നോട്ടം മദ്ബഹായുടെ വലതു വശത്തുള്ള പരിശുദ്ധ മറിയത്തിന്റെ രൂപത്തിലേക്കായി. നല്ല യോഗ്യത്തി മാതാവുതന്നെ, ശില്പിയെ ഞാന്‍ മനസാ അഭിനന്ദിച്ചു.
തൊട്ടടുത്തുതന്നെ ഉണ്ട് ഈശോയുടെ ഒരു രൂപവും. ഇരുരൂപങ്ങളിലും മാറി മാറിനോക്കിയ എന്റെ കണ്ണുകള്‍ വിസ്മയംകൊണ്ട് വിടര്‍ന്നു. രണ്ടും തമ്മില്‍ നല്ല മുഖസാമ്യം! പെട്ടെന്നുതന്നെ ഒരു ചിന്ത എന്റെ മനസില്‍ കടന്നുവന്നു, അമ്മയും മകനുമല്ലേ സാമ്യം കാണാതിരിക്കുമോ? ഞാനറിയാതെ ചിന്തിച്ചുപോയി, യേശുവിന്റെ മുഖഛായ എന്തായിരിക്കും?

”നിനക്കാരുടെ ഛായയാണ്?”സൗമ്യവും ദൃഢവുമായ ആ സ്വരം ഞാന്‍ തിരിച്ചറിഞ്ഞു.
”ദൈവമേ, എന്റെ മാതാപിതാക്കളുടെ ഛായ”
”നിന്റെ കുഞ്ഞുങ്ങള്‍ക്കോ?”
”എന്റെയും ഭാര്യയുടെയും ഛായ”
”എന്താ അങ്ങനെ വരാന്‍?”
ചോദ്യത്തിന്റെ വ്യാപ്തി മനസിലാക്കാനാവാതെ ഞാന്‍ പരുങ്ങി.
”ചോദ്യം വ്യക്തമാക്കാം. എന്തുകൊണ്ടാണ് നിനക്ക് നിന്റെ മാതാപിതാക്കളുടെ ഛായ ലഭിച്ചത്? എന്തുകൊണ്ടാണ് നിന്റെ കുഞ്ഞുങ്ങള്‍ക്ക് നിന്റെയും ഭാര്യയുടെയും ഛായ ലഭിച്ചത്?”
”അതായത് കര്‍ത്താവേ…” ഞാന്‍ വിശദീകരിക്കാനാരംഭിച്ചു. ”മനുഷ്യശരീരത്തിലെ ചില ജീനുകളുടെ…”
”നിന്റെ ശാസ്ത്രമൊന്നും വിളമ്പണ്ട” സകല ശാസ്ത്രങ്ങളുടെയും കലവറയായ അവന്‍ പറഞ്ഞു. ”എന്റെ ചോദ്യത്തിന് ഋജുവും സരളവുമായ ഉത്തരം പറയൂ.”

”എന്റെ മാതാപിതാക്കള്‍ മുഖാന്തിരം ഞാന്‍ സൃഷ്ടിക്കപ്പെട്ടതിനാല്‍, ഞാനും ഭാര്യയും മുഖാന്തിരം എന്റെ കുഞ്ഞുങ്ങള്‍ സൃഷ്ടിക്കപ്പെട്ടതിനാല്‍…” തര്‍ക്കുത്തരമാണോ എന്ന സന്ദേഹത്താല്‍ സംശയിച്ചാണ് ഞാനതു പറഞ്ഞത്.
”വളരെ ശരി; അങ്ങനെയെങ്കില്‍ യേശുവിന്റെ മുഖഛായ കണ്ടുപിടിക്കാനും നിനക്കാവും.”
”എങ്ങനെ കര്‍ത്താവേ?” ഞാന്‍ മിഴിച്ചിരുന്നു.
”യേശുവിന്റെ ജനനം എപ്രകാരമായിരുന്നു?”
”ദൈവാത്മാവിനാല്‍ മറിയത്തില്‍നിന്ന്.”
”ദൈവാത്മാവിനാല്‍ ആയതിനാല്‍ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും. മറിയത്തില്‍ നിന്നായതിനാല്‍ മറിയത്തിന്റെ മുഖഛായയില്‍ അഥവാ, രണ്ടും കലര്‍ന്ന് എന്താ അങ്ങനെയല്ലേ?”
”എനിക്കു മനസിലാകുന്നില്ലല്ലോ ദൈവമേ.”

”കുഞ്ഞേ, പരിശുദ്ധാത്മാവിന്റെ ആവാസത്തിനുവേണ്ടി മറിയം സ്വശരീരത്തെ വിട്ടുകൊടുത്തു. അങ്ങനെ യേശു ജനിച്ചു. ഇന്നും ആരൊക്കെ സ്വന്തം അസ്തിത്വത്തെ – ആത്മാവിനെയും മനസിനെയും ശരീരത്തെയും പരിശുദ്ധാത്മാവിന്റെ ആവാസത്തിനായി സമര്‍പ്പിക്കുന്നുവോ അവനിലൊക്കെ യേശു വീണ്ടും ജനിക്കും മറിയത്തില്‍ ജനിച്ചതുപോലെ.”
”പക്ഷേ കര്‍ത്താവേ, ഞാന്‍ അവന്റെ മുഖഛായയെപ്പറ്റിയാണ്….”
”ഉവ്വ്, നിന്റെ ചോദ്യം ഞാന്‍ മറന്നിട്ടില്ല. ആരിലാണോ യേശു അപ്രകാരം ജനിക്കപ്പെടുന്നത് അവന്റെ മുഖഛായയായിരിക്കും യേശുവിന്.”
”എന്നുവച്ചാല്‍?”
”എവിടെയൊക്കെ യേശുവിനെ ആവശ്യമുണ്ടോ, അവിടെയൊക്കെ അവനെ സാക്ഷ്യപ്പെടുത്തുന്നവര്‍ പരിശുദ്ധാത്മാവിന്റെ സഹായത്തോടെ ഒരു ക്രിസ്തുമസ് പ്രസവം നടത്തുകയാണ്. അങ്ങനെയെങ്കില്‍ ആ യേശുവിന് ആരുടെ ഛായ ആയിരിക്കും?”
ഉത്തരം കിട്ടാതെ ഞാന്‍ മിണ്ടാതിരുന്നു.

”കേട്ടോളൂ” അവിടുന്ന് തുടര്‍ന്നു. ”ചോറുകൊടുക്കുന്നവന്റെ രൂപത്തിലാണ് യേശു വിശക്കുന്നവന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത്. തകര്‍ന്ന ഹൃദയമുള്ളവനെ സംബന്ധിച്ചിടത്തോളം ആശ്വസിപ്പിക്കുന്നവന്റെ മുഖച്ഛായയാണ് യേശുവിന്. തനിക്ക് അഭയം തരുന്നവന്റെ മുഖത്ത് അനാഥന്‍ യേശുവിനെ കാണുന്നു.”
എനിക്കു മനസിലായിത്തുടങ്ങിയിരിക്കുന്നു.
”ചുരുക്കത്തില്‍, നീ പരിശുദ്ധാത്മ സഹായത്തോടെ യേശുവിനെ നിന്റെ ഉള്ളില്‍ വളര്‍ത്തുന്നുവെങ്കില്‍, മറ്റുള്ളവരുടെ മുമ്പില്‍ അവനെ സാക്ഷ്യപ്പെടുത്തുന്നുവെങ്കില്‍, നീ സാക്ഷ്യപ്പെടുത്തുന്ന യേശുവിന് നിന്റെ മുഖഛായ ആയിരിക്കും!”

അതെനിക്ക് നന്നേ രസിച്ചു. യേശുവിന് എന്റെ മുഖഛായ. ഞാനതൊന്ന് സങ്കല്‍പിച്ചുനോക്കി.
എന്റെ ചിരി ഇത്തിരി ഉറക്കെയായിപ്പോയി എന്നൊരു സംശയം. തൊട്ടടുത്തിരിക്കുന്ന ചെറുപ്പക്കാരന്‍ എന്നെ തുറിച്ചു നോക്കുന്നു. ‘ഞാനല്ല’ എന്ന മട്ടില്‍ മദ്ബഹായിലേക്ക് നോക്കി ഞാന്‍ അനങ്ങാതിരുന്നു.

ജെ.ജൂണിപ്പര്‍
ജൂണിപ്പര്‍ എന്ന തൂലികാനാമധാരിയായ ജോണ്‍സണ്‍ പൂവത്തുങ്കല്‍ കോഴിക്കോട് പേരാമ്പ്ര ഇടവകാംഗമാണ്. ശാലോം ടൈംസിന്റെ ആരംഭകാല പത്രാധിപസമിതി അംഗമായ ഇദ്ദേഹം പ്രശസ്ത വചനപ്രഘോഷകനും പ്രൊലൈഫ് പ്രവര്‍ത്തകനുമാണ്. സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് ചീഫ് മാനേജരായി വിരമിച്ചു.