ഒരു ധ്യാനഗുരു പറഞ്ഞ സംഭവം: ധ്യാനകേന്ദ്രത്തോടനുബന്ധിച്ച നിത്യാരാധന ചാപ്പലിലേക്ക് അച്ചന്‍ പ്രവേശിച്ചപ്പോള്‍ ഏറ്റവും പുറകിലെ ഭിത്തിയില്‍ ഏതാനും യൂത്തന്മാര്‍ ചാരിയിരിക്കുന്നു. അരുളിക്കയില്‍ എഴുന്നളളിയിരിക്കുന്ന ദിവ്യകാരുണ്യ ഈശോയെ പൂര്‍ണമായി അവഗണിച്ചും അനാദരിച്ചുംകൊണ്ട് അവര്‍ മൊബൈലില്‍ കളിക്കുകയാണ്. അച്ചന് സഹിക്കാന്‍ കഴിഞ്ഞില്ല, കയ്യോടെ പൊക്കി എല്ലാവരെയും. കര്‍ശനമായി താക്കീതും ഒപ്പം സ്‌നേഹപൂര്‍വമായ തിരുത്തലും നല്കി.
‘അനുഗ്രഹത്തിനുള്ള ഈ പരിശുദ്ധസ്ഥലം നിങ്ങളുടെ ശാപത്തിനാക്കി മാറ്റരുത്’ എന്ന് മുന്നറിയിപ്പുനല്കാന്‍ അദ്ദേഹം മടിച്ചില്ല. കര്‍ത്താവിന്റെ പേടകത്തെ അനാദരവോടും അലസമായും സ്പര്‍ശിച്ച്, മരിച്ചുവീണ ഉസ്സായെക്കുറിച്ചും (2സാമുവല്‍ 6/6,7) അച്ചന്‍ അവര്‍ക്ക് വിശദമായി പറഞ്ഞുകൊടുത്തു.
വിശുദ്ധ ഫൗസ്റ്റീനയോട്, ദൈവാലയത്തില്‍ ഈശോയോട് കാണിക്കുന്ന അവഗണനയും അനാദരവുകളും അവിടുത്തെ എത്രമാത്രം വേദനിപ്പിക്കുന്നുവെന്ന് അവിടുന്ന് തുറന്നു പറഞ്ഞു: ‘നിന്റെ കോണ്‍വെന്റിലുള്ള പലരും ദൈവാലയത്തില്‍ പ്രവേശിക്കുന്നതും പെരുമാറുന്നതുമെല്ലാം എത്ര അനാദരവോടെയാണ്…! ദൈവമായ ഞാന്‍ അവിടെ സക്രാരിയില്‍ ഉണ്ട് എന്ന ചിന്തപോലും അവര്‍ക്കില്ല. ഏതോ പൊതുസ്ഥലത്തേക്ക് പ്രവേശിക്കുന്നതുപോലെ, ഇടപെടുകയും ഉറക്കെ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അവരുടെ പെരുമാറ്റം കണ്ടാല്‍ സക്രാരിയില്‍ ഞാന്‍ ഉണ്ടെന്ന് ആര്‍ക്കും തോന്നുകയില്ല.’
ഈശോയുടെ ഹൃദയംനുറുങ്ങിയ ഈ വാക്കുകള്‍ സകല വിശ്വാസികളോടുമുള്ള അവിടുത്തെ സങ്കടമാണ്. ‘അതിപരിചയം അനാദരവുളവാക്കുന്നു’ (familiarity breeds contempt) എന്നൊരു പഴമൊഴിയുണ്ട്. അത് നിത്യേന പല ദൈവാലയങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നത് ഭീതിയും വേദനയുമുളവാക്കുന്നു. ദൈവാലയവും അള്‍ത്താരയും തിരുക്കര്‍മ്മങ്ങളുമായി നിരന്തരം അടുത്തിടപെടുന്നവര്‍ക്കാണ് ഈ അബദ്ധം വലിയ തോതില്‍ സംഭവിക്കുക. ‘പതിവു’കളുടെ പ്രാധാന്യം പതിയെ നഷ്ടപ്പെടുന്നു. ദൈവത്തിനുള്ള വണക്കവും ആരാധനയും.. അതൊന്നും ഇല്ലെങ്കിലും സാരമില്ലെന്നു വയ്ക്കുന്നു, പിന്നെ ദൈവാലയത്തിനുള്ളില്‍ ഉച്ചത്തിലുള്ള സംസാരവും പൊട്ടിച്ചിരികളും… തീര്‍ത്ഥാടനകേന്ദ്രങ്ങളുടെ അവസ്ഥയോ തികച്ചും ശോചനീയം..!
ദൈവത്തെക്കാള്‍ അധികാരികളെയാണ് പലപ്പോഴും നാം ആദരിക്കുകയും ഭയപ്പെടുകയും ചെയ്യുന്നത്. അവരുടെ സാന്നിധ്യത്തില്‍ എത്ര ആദരവോടെയാണ് എല്ലാവരും ഇടപെടുന്നത്. അത്രപോലും വില ദൈവത്തിനില്ലെന്നോ..? അക്രൈസ്തവരല്ല, അറിവില്ലാത്തവരുമല്ല, അവിടുത്തെ പ്രിയപ്പെട്ടവരുടെ അവഗണന അവിടുത്തെ സ്‌നേഹഹൃദയത്തെ എത്ര ആഴത്തിലാണ് മുറിപ്പെടുത്തുക!
”കൊടുക്കുവിന്‍; നിങ്ങള്‍ക്കും കിട്ടും. അമര്‍ത്തിക്കുലുക്കി നിറച്ചളന്ന് അവര്‍ നിങ്ങളുടെ മടിയില്‍ ഇട്ടുതരും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടുതന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും” (ലൂക്കാ 6/38) എന്നാണല്ലോ ഈശോ നല്കുന്ന വാഗ്ദാനം. കര്‍ത്താവിന് ആദരവും സ്‌നേഹവും കൊടുക്കാം. അവിടുന്ന് അമര്‍ത്തിക്കുലുക്കി നിറച്ചളന്ന് തിരികെത്തരും.
‘…വിശുദ്ധ വസ്തുക്കളെ ആദരപൂര്‍വം സമീപിക്കുകയും അങ്ങനെ എന്റെ പരിശുദ്ധനാമത്തെ അശുദ്ധമാക്കാതിരിക്കുകയും ചെയ്യുവിന്‍’ (ലേവ്യര്‍ 22/2) എന്ന കര്‍ത്താവിന്റെ നിര്‍ദേശം ശ്രദ്ധാപൂര്‍വം അനുവര്‍ത്തിക്കുന്നവരാകാം നമുക്ക്. എന്തെന്നാല്‍ തിരുവചനം വാഗ്ദാനം ചെയ്യുന്നു:
”നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ ആദരിക്കണം; അവിടുന്ന് നിങ്ങളെ ശത്രുക്കളില്‍നിന്ന് രക്ഷിക്കും” (2രാജാക്കന്മാര്‍ 17/39).
ആന്‍സിമോള്‍ ജോസഫ്