ഒരിക്കല്‍ ഇരുപത് വയസുള്ള ഒരു യുവാവിന്റെ ആത്മാവ് മരിയ സിമ്മയെ സമീപിച്ചു. ഉരുള്‍പൊട്ടലിന് സമാനമായ രീതിയില്‍ 1954-ല്‍ ഓസ്ട്രിയയിലെ ബ്ലോണിലുണ്ടായ ഹിമപാതത്തില്‍ മരിച്ച വ്യക്തിയായിരുന്നു അത്. മരണശേഷം രണ്ടാം ദിവസമാണ് ആ ആത്മാവ് മരിയയെ സമീപിച്ചത്. തനിക്കായി മൂന്ന് വിശുദ്ധ ബലികള്‍ അര്‍പ്പിച്ചാല്‍ ശുദ്ധീകരണസ്ഥലത്തുനിന്ന് വിമോചിതനാകും എന്ന് ആ ആത്മാവ് അറിയിച്ചു. ഇക്കാര്യം മരിയ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോട് പറഞ്ഞപ്പോള്‍ അവര്‍ക്ക് ആശ്ചര്യം. കാരണം, വീട്ടില്‍ സുരക്ഷിതനായിരിക്കേ, അമ്മയുടെ നിര്‍ദേശം അവഗണിച്ചാണ് ആ യുവാവ് പുറത്തേക്ക് ഓടിയത്.
മഞ്ഞുപാറകള്‍ പതിക്കുന്ന സ്വരം കേട്ട് അപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കാനായിട്ടായിരുന്നു ആ ഓട്ടം. പക്ഷേ രക്ഷാപ്രവര്‍ത്തനത്തിന് ചെന്ന യുവാവും അപകടത്തില്‍പ്പെട്ടു. മാതൃകാജീവിതമോ സജീവക്രൈസ്തവവിശ്വാസമോ പുലര്‍ത്താത്ത ആളായതിനാല്‍ ആ ആത്മാവ് വേഗം നിത്യഭാഗ്യത്തില്‍ പ്രവേശിക്കുമെന്ന് കുടുംബാംഗങ്ങള്‍പോലും കരുതിയില്ല.
പക്ഷേ മരിയയോട് ആ യുവാവ് വെളിപ്പെടുത്തിയത് ഇതാണ്, ദൈവം അതീവ കാരുണ്യവാനാണ്. ഉപവിപ്രവര്‍ത്തനത്തിനിടെ സംഭവിച്ച മരണമായതുകൊണ്ട് തനിക്ക് കുറഞ്ഞ ശുദ്ധീകരണം മതിയാകും. ഒരുപക്ഷേ കൂടുതല്‍ നാള്‍ ജീവിച്ചിട്ട് മരിക്കുകയായിരുന്നെങ്കില്‍ ഇപ്രകാരം ഭാഗ്യകരമായ മരണസമയം ലഭിക്കുകയില്ലായിരുന്നു.
”ഒന്ന് മറ്റൊന്നിനെക്കാള്‍ മോശമാണെന്ന് പറയാനാവില്ല; ഓരോന്നും യഥാകാലം നന്മയായി തെളിയും” (പ്രഭാഷകന്‍ 39/34).
ഓസ്ട്രിയന്‍ വനിതയായിരുന്നു മരിയ സിമ്മ (1915-2004). ദൈവം അനുവദിച്ചതനുസരിച്ച് ശുദ്ധീകരണാത്മാക്കള്‍ മരിയയോട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. വിശുദ്ധ കുര്‍ബാനയാണ് മരിച്ച് ശുദ്ധീകരണത്തിലായിരിക്കുന്നവര്‍ ഏറ്റവും വിലപ്പെട്ടതായി ആവശ്യപ്പെട്ടിരുന്നത്.