ഞാന്‍ ആയിരിക്കുന്ന സന്യാസസഭയില്‍ ശുദ്ധീകരണ സ്ഥലത്ത് കഴിയുന്ന ആത്മാക്കള്‍ക്ക് വേണ്ടി എല്ലാ ദിവസവും പ്രാര്‍ത്ഥിക്കണമെന്ന നിര്‍ബന്ധമുണ്ട്. സെമിനാരിയില്‍ ക്ലാസുള്ള ഒരു ദിവസം ഈ പ്രാര്‍ത്ഥനയെക്കുറിച്ചു ഞാന്‍ പാടേ മറന്നുപോവുകയുണ്ടായി. ഇടയ്ക്ക് എപ്പോഴോ ഞാന്‍ വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി മറിച്ചുനോക്കിയപ്പോള്‍ അതില്‍ പുണ്യവതി, ഒരു കാര്യം അറിയാനായി തനിക്കുണ്ടായ ജിജ്ഞാസ അടക്കിയതും പകരം അത് ശുദ്ധീകരണസ്ഥലത്ത് കഴിയുന്ന ഒരു ആത്മാവിനുവേണ്ടി കാഴ്ചവച്ചതും വായിക്കാനിടയായി. ഉടനെ ഞാന്‍ എന്റെ മറന്നുപോയ അന്നത്തെ പ്രാര്‍ത്ഥനയെക്കുറിച്ച് ഓര്‍ത്തു. ഇതാ ഇവിടെ ഞാന്‍ വ്യത്യസ്തവും എന്നാല്‍ പ്രായോഗികവുമായ ഒരു പ്രാര്‍ത്ഥനാരീതി കണ്ടുമുട്ടിയിരിക്കുന്നു. ഞാന്‍ വേഗം ഇത്തരത്തില്‍ എന്തെങ്കിലും എനിക്കും ചെയ്യാന്‍ കഴിയുമോയെന്ന് ചിന്തിച്ച് കൊണ്ടിരിക്കെ, കസേരയില്‍ ചാരിയിരിക്കാതെ നിവര്‍ന്നിരുന്നുകൊണ്ട് ആ സുഖം ഉപേക്ഷിക്കാനും പകരം ആ കൊച്ചുപരിത്യാഗം ശുദ്ധീകരണസ്ഥലത്ത് കഴിയുന്ന ആത്മാക്കള്‍ക്കായി കാഴ്ചവച്ചു പ്രാര്‍ത്ഥിക്കുവാനും ആത്മാവ് എന്നെ പ്രേരിപ്പിച്ചു. ചാരിയിരുന്നുകൊണ്ടാണ് ഇപ്പോള്‍ ഇത് വായിക്കുന്നതെങ്കില്‍ അത് കാഴ്ചവച്ചു തുടര്‍ന്ന് വായിക്കണേ….
ജിജ്ഞാസ ഉണ്ടാകുമ്പോള്‍ കാഴ്ചവയ്ക്കാന്‍ കാത്തിരിക്കാതെ ഓര്‍മ്മയില്‍വന്ന ഒരു ആത്മാവിനുവേണ്ടി ഉടനെ ഇക്കാര്യം ഞാന്‍ കാഴ്ചവച്ചു. ഇതാ ഒരു സെക്കന്റ് കൊണ്ട് ഞാന്‍ ഒരു ഉഗ്രന്‍ പ്രാര്‍ത്ഥന സമര്‍പ്പിച്ചിരിക്കുന്നു. ഒരു കൊച്ചു പരിത്യാഗം കാഴ്ചവച്ചിരിക്കുന്നു. കര്‍ത്താവിന്റെ കൃപ എനിക്ക് ആവേശം പകര്‍ന്നു. വേഗം ഒരു സുകൃതജപവും കരുണക്കൊന്തയും ജപമാലയുടെ ഒരു രഹസ്യവും ഇതേ നിയോഗത്തിനായി കാഴ്ചവച്ചു പ്രാര്‍ത്ഥിച്ചു. അന്നേരം എന്തെന്നില്ലാത്ത ഒരു ഉണര്‍വ്വും ആനന്ദവുമാണ് എനിക്ക് അനുഭവപ്പെട്ടത്. പരിശുദ്ധാത്മാവ് നല്‍കിയ കൊച്ചുപ്രേരണയെ അനുസരിച്ചപ്പോള്‍ വേണ്ടവിധം പ്രാര്‍ത്ഥിക്കേണ്ടത് എങ്ങനെയെന്ന് പഠിപ്പിച്ചുകൊണ്ട് അവിടുന്ന് എന്നെ സഹായിച്ചിരിക്കുന്നു. ഹല്ലേലുയ്യാ!
ഞാന്‍ ഈ അനുഭവത്തിലൂടെ പറയാന്‍ ആഗ്രഹിക്കുന്നത് ഇവയെല്ലാമാണ്; ആത്മാവിന്റെ പ്രേരണകള്‍ അനുസരിക്കുക, ഒരു ശ്വാസംപോലും പാഴാക്കാതെ ആത്മാക്കളുടെ രക്ഷയ്ക്കായി കാഴ്ചവയ്ക്കുക, കര്‍ത്താവിന്റെ കൃപയില്‍ ആശ്രയിച്ച് ആത്മാവിന്റെ ഇഷ്ടത്തിനൊത്ത് പ്രാര്‍ത്ഥിക്കുകയും കൊച്ചുകൊച്ചു പരിത്യാഗങ്ങള്‍ ചെയ്തു മുന്‍പോട്ട് പോവുകയും ചെയ്യുക. നന്നായി പ്രാര്‍ത്ഥിക്കാന്‍ പറ്റുന്നില്ലെന്നോര്‍ത്ത് തളരരുത്, കുറേ സമയം പ്രാര്‍ത്ഥനയ്ക്ക് കിട്ടുന്നില്ലല്ലോ എന്നുവിചാരിച്ച് വിഷമിക്കുകയും അരുത്. നമുക്ക് പ്രിയപ്പെട്ട വിശുദ്ധ കൊച്ചുത്രേസ്യയൊക്കെ ചെയ്തിരുന്നതുപോലെ നമ്മുടെ ഒരു ഹൃദയമുയര്‍ത്തല്‍പോലും പ്രാര്‍ത്ഥനയാക്കുക എന്നുസാരം. അല്‍പ്പംമുന്‍പ് നിവര്‍ന്നിരുന്നത് ഒരു പ്രാര്‍ത്ഥനയാക്കാന്‍ മറന്നേക്കരുത് കേട്ടോ…!
”കര്‍ത്താവിന്റെ ഭക്തരേ, അവിടുത്തെ ആശ്രയിക്കുവിന്‍; പ്രതിഫലം ലഭിക്കാതിരിക്കുകയില്ല” (പ്രഭാഷകന്‍ 2/8).
ബ്രദര്‍ അഗസ്റ്റിന്‍ ക്രിസ്റ്റി
കുറവിലങ്ങാട് PDM മോണാസ്റ്ററി