പെട്ടെന്ന് ലക്ഷ്യത്തിലെത്താന്‍ – Shalom Times Shalom Times |
Welcome to Shalom Times

പെട്ടെന്ന് ലക്ഷ്യത്തിലെത്താന്‍

പുലര്‍ച്ചെ മൂന്നുമണിക്ക് ഉറക്കത്തില്‍നിന്ന് പെട്ടെന്ന് ഉണര്‍ന്നെഴുനേല്‍ക്കുന്ന അനുഭവം നമ്മളില്‍ കുറച്ചു പേര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടാകും. സമയം മൂന്നു മണി എന്ന് കാണുമ്പോള്‍ ഉറക്കം പോയതിന്റെ പരാതിയില്‍ വീണ്ടും തിരിഞ്ഞു കിടക്കാന്‍ നാം പരിശ്രമിക്കാറുമുണ്ട്. തുടര്‍ച്ചയായി മൂന്നു മണിക്ക് ഉറക്കത്തില്‍നിന്ന് എഴുന്നേല്‍ക്കുന്നവരാണ് നാമെങ്കില്‍ മനസ്സിലാക്കുക ഈശോ നമ്മെ വിളിച്ചുണര്‍ത്തിയതാണ്. അവിടുത്തേക്ക് നമ്മോട് എന്തൊക്കെയോ പറയാനുണ്ട്. തന്റെ വിളിക്ക് പ്രത്യുത്തരം നല്‍കും എന്ന് ഉറപ്പുള്ള തന്റെ പ്രിയപ്പെട്ടവരെയാണ് അവന്‍ വിളിക്കുന്നത്. അവനോടൊപ്പം നാം ആയിരിക്കണമെന്ന് സ്‌നേഹാര്‍ദ്രഹൃദയം ആഗ്രഹിക്കുന്നു.

യഹൂദപാരമ്പര്യത്തില്‍ രാത്രിയെ നാല് യാമങ്ങള്‍ ആയി തിരിച്ചിരിക്കുന്നു. വൈകുന്നേരം ആറ് മണി മുതല്‍ പുലര്‍ച്ചെ ആറ് മണി വരെയുള്ള മണിക്കൂറുകളെയാണ് നാല് യാമങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആറ് മുതല്‍ ഒമ്പതുവരെയുള്ള മണിക്കൂറുകള്‍ ഒന്നാം യാമവും ഒമ്പതുമുതല്‍ പന്ത്രണ്ടുവരെ രണ്ടാം യാമവും പന്ത്രണ്ടുമുതല്‍ മൂന്നുവരെ മൂന്നാം യാമവും മൂന്നുമുതല്‍ ആറ് വരെ നാലാം യാമവും ആയി കണക്കാക്കപ്പെട്ടിരുന്നു.
യേശു കടലിനു മീതെ നടക്കുന്ന സംഭവം മൂന്നു സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ”ജനസഞ്ചയത്തെ പിരിച്ചു വിടുമ്പോഴേക്കും തനിക്കു മുന്‍പേ വഞ്ചിയില്‍ കയറി മറുകരയ്ക്കു പോകാന്‍ അവന്‍ ശിഷ്യന്മാരെ നിര്‍ബന്ധിച്ചു. അവന്‍ ജനക്കൂട്ടത്തെ പിരിച്ചുവിട്ടതിനുശേഷം ഏകാന്തതയില്‍ പ്രാര്‍ത്ഥിക്കാന്‍ മലയിലേക്കു കയറി. രാത്രിയായപ്പോഴും അവന്‍ അവിടെ തനിച്ചായിരുന്നു. ഇതിനിടെ വഞ്ചി കരയില്‍നിന്ന് ഏറെ ദൂരം അകന്നുകഴിഞ്ഞിരുന്നു. കാറ്റ് പ്രതികൂലമായിരുന്നതിനാല്‍ തിരമാലകളില്‍ പെട്ട് അത് വല്ലാതെ ഉലഞ്ഞു. രാത്രിയുടെ നാലാം യാമത്തില്‍ അവന്‍ കടലിന്‍മീതെ നടന്ന് അവരുടെ അടുത്തേക്ക് ചെന്നു” (മത്തായി 14/22-25). ഇതേ സംഭവം മര്‍ക്കോസ് 6/45-48 ഭാഗത്തും യോഹന്നാന്‍ 6/17-21 വചനങ്ങളിലും വിവരിച്ചിരിക്കുന്നു.

നാലാം യാമത്തില്‍ സംഭവിക്കുന്നത്…
യഹൂദപാരമ്പര്യം അനുസരിച്ച് ഒന്നാം യാമത്തോടെ ജനങ്ങള്‍ വീടുകളിലേക്ക് തിരിച്ചെത്തും. അതനുസരിച്ച് ജനക്കൂട്ടത്തെ പിരിച്ചുവിട്ടശേഷം ഈശോ പ്രാര്‍ത്ഥനയില്‍ മുഴുകി. ഒന്നാം യാമംമുതല്‍ നാലാം യാമംവരെ ശിഷ്യന്മാര്‍ അനേകം പ്രതിസന്ധികളിലൂടെ കടന്നു പോവുകയായിരുന്നു. രാത്രിയായി. കാറ്റ് പ്രതികൂലം… വഞ്ചി കരയില്‍നിന്ന് ഏറെ ദൂരം അകന്നു കഴിഞ്ഞിരുന്നു. തിരമാലകളില്‍ പെട്ട് വഞ്ചി വല്ലാതെ ഉലഞ്ഞു… അവര്‍ വഞ്ചി തുഴഞ്ഞ് അവശരായി…. ഒന്നും രണ്ടും മൂന്നും യാമങ്ങളില്‍ പിതാവിനോട് ഏകാന്തതയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന യേശു തന്റെ ശിഷ്യന്മാരുടെ സകല പ്രതിസന്ധികളുടെയും മൂര്‍ദ്ധന്യാവസ്ഥയില്‍ നാലാം യാമത്തില്‍ അവരുടെ അടുക്കലേക്കു മലമുകളില്‍നിന്ന് ഇറങ്ങി വന്നു.

നമ്മുടെ ജീവിതങ്ങളിലും പ്രതികൂല കാറ്റുകള്‍ വീശാറുണ്ട്. ജീവിതനൗക ആടി ഉലയാറുണ്ട്. നടുക്കടലില്‍ അകപ്പെട്ടു പോയേക്കാം. മരണം മാത്രം അവസാനവഴിയെന്ന് ചിന്തിച്ചു പോകുന്ന, വിളക്കണഞ്ഞു പോകുന്ന, നിമിഷങ്ങള്‍. അവിടെ നമുക്ക് ലഭിക്കുന്ന പ്രത്യാശ, നാലാം യാമത്തില്‍ യേശു അടുക്കല്‍ വന്നുചേരും എന്ന ഉറപ്പാണ്. എന്റെ പ്രതികൂല കാറ്റുകളെ അവന്‍ ശാന്തമാക്കും.
എന്റെ വ്യക്തിജീവിതത്തിലെ അനേകം പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഈശോ സഹായിച്ചിട്ടുള്ളത് നാലാം യാമത്തിലെ വ്യക്തിപരമായ പ്രാര്‍ത്ഥനയുടെ മണിക്കൂറുകളിലാണ്. മനുഷ്യര്‍ ഗാഢനിദ്രയിലായിരിക്കുന്ന സമയമാണ് നാലാം യാമമായ പുലര്‍ച്ചെ മൂന്നു മണി സമയം. ആ സമയങ്ങളില്‍ നിദ്രയ്ക്ക് പ്രാധാന്യം കൊടുക്കാതെ ദൈവസന്നിധിയില്‍ ഉണര്‍ന്നിരിക്കാന്‍ തയ്യാറാണെങ്കില്‍ ശിഷ്യന്മാരുടെ അടുത്തേക്ക് വെള്ളത്തിന് മീതെ നടന്ന യേശു നമ്മുടെ ജീവിതപ്രശ്‌നങ്ങളിലേക്കും അതേ നാലാം യാമത്തില്‍ കടന്നുവരും.

യേശുവിന്റെ വാക്കുകള്‍ വിശ്വസിച്ചുകൊണ്ട് വെള്ളത്തിനുമീതെ നടക്കുന്ന പത്രോസിനെ നാം സുവിശേഷത്തില്‍ കാണുന്നു. അല്പം ഭയം പത്രോസിന്റെ ഉള്ളില്‍ പ്രവേശിച്ചു. ഉള്ളിലെ ഭയം അവന്റെ വിശ്വാസത്തിന്റെ ശക്തി ക്ഷയിപ്പിച്ചു. ഉടനെ വെള്ളത്തിന് മുകളിലായിരുന്ന പത്രോസ് വെള്ളത്തിന്റെ ആഴങ്ങളിലേക്ക് താഴ്ന്നു പോയി. ജീവിതത്തിന്റെ പ്രതികൂലങ്ങള്‍ ഭയപ്പെടുത്തുന്നവയാണെങ്കിലും യേശുവിലുള്ള വിശ്വാസം നഷ്ടമാകരുത്. നമ്മുടെ പാദങ്ങള്‍ തിരമാലകള്‍ക്കടിയില്‍ പെട്ട് ആഴത്തില്‍ മുങ്ങിപ്പോകേണ്ടതല്ല. മറിച്ച് ആഞ്ഞടിക്കുന്ന തിരമാലകള്‍ക്കുമുകളിലൂടെ യേശുവിന്റെ അടുത്തേക്ക് നടന്നടുക്കേണ്ടവയാണ്.

മൂന്നുമണിയടിക്കുമ്പോള്‍…
വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ വായിക്കുന്നത് ഇപ്രകാരമാണ്. ”പെട്ടെന്ന് വള്ളം അവര്‍ ലക്ഷ്യം വച്ചിരുന്ന കരയ്ക്ക് അടുത്തു” (യോഹന്നാന്‍ 6/21). മൂന്നു മണി മുതല്‍ ആരംഭിക്കുന്ന നാലാം യാമ പ്രാര്‍ത്ഥനയ്ക്ക് വലിയ ശക്തിയുണ്ടെന്ന് തിരിച്ചറിയുക. ദൈവഹിതത്തോടുചേര്‍ന്ന നമ്മുടെ ലക്ഷ്യങ്ങളിലേക്ക് വളരെ വേഗം ചെന്നെത്താന്‍ മൂന്നു മണി പ്രാര്‍ത്ഥന നമ്മെ സഹായിക്കുന്നു. ”രാത്രിയില്‍, യാമങ്ങളുടെ ആരംഭത്തില്‍ എഴുന്നേറ്റ് ഉറക്കെ നിലവിളിക്കുക. കര്‍ത്താവിന്റെ സന്നിധിയില്‍ ജലധാരപോലെ നിന്റെ ഹൃദയത്തെ ചൊരിയുക” (വിലാപങ്ങള്‍ 2/19).

ഉച്ചതിരിഞ്ഞ് മൂന്നു മണി സമയം ദൈവകരുണയുടെ മണിക്കൂര്‍ എന്നാണല്ലോ അറിയപ്പെടുന്നത്.’യേശുവിന്റെ മരണം സംഭവിക്കുന്നത് ഉച്ച കഴിഞ്ഞു മൂന്നു മണിയെന്ന് മനസിലാക്കുന്നു. ”അപ്പോള്‍ ഏകദേശം ആറാം മണിക്കൂര്‍ ആയിരുന്നു. ഒന്‍പതാം മണിക്കൂര്‍ വരെ ഭൂമി മുഴുവന്‍ അന്ധകാരം വ്യാപിച്ചു. സൂര്യന്‍ ഇരുണ്ടു. ദേവാലയത്തിലെ തിരശീല നടുവേ കീറി. യേശു ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു: പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. ഇതു പറഞ്ഞ് അവന്‍ ജീവന്‍ വെടിഞ്ഞു” (ലൂക്കാ 23/44-46). നിത്യജീവന്റെ ഉറവ ആത്മാക്കള്‍ക്കായി അവിടുന്ന് തുറന്നു വിട്ട നിമിഷം. സര്‍വ്വലോകത്തിനുംവേണ്ടിയുള്ള കരുണാസാഗരം അവിടുത്തെ തിരുഹൃദയത്തില്‍നിന്ന് പൊട്ടിപ്പുറപ്പെട്ടു.

വിശുദ്ധ ഫൗസ്റ്റീനയുടെ
വെളിപ്പെടുത്തലുകള്‍
”മൂന്നു മണിക്ക് എന്റെ കരുണക്കായി പ്രാര്‍ത്ഥിക്കണം. പ്രത്യേകിച്ച് പാപികളുടെ ആത്മാക്കള്‍ക്ക് വേണ്ടി എന്റെ പീഡാനുഭവത്തെക്കുറിച്ച് അല്‍പ സമയമെങ്കിലും ധ്യാനിക്കണം. പ്രത്യേകമായും വേദനയുടെ ആധിക്യത്തിലും ഞാന്‍ നടത്തിയ സമര്‍പ്പണത്തെപ്പറ്റി. സര്‍വ്വലോകത്തിനും ഇത് കരുണ പ്രാപിക്കുവാനുള്ള മണിക്കൂറാണ്. എന്റെ ശാരീരിക പീഡകളില്‍ പങ്കു ചേരുവാന്‍ ഞാന്‍ നിന്നെ അനുവദിക്കും. ഈ മണിക്കൂറില്‍ എന്റെ പീഡാനുഭവത്തിന്റെ യോഗ്യതയാല്‍ എന്നോട് അപേക്ഷിക്കുന്ന ഒരു കാര്യവും ആത്മാക്കള്‍ക്ക് ഞാന്‍ നിഷേധിക്കുകയില്ല.” (വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി 1320).

1935 സെപ്റ്റംബര്‍ 13-നാണ് ദൈവ കരുണയുടെ ജപമാല വിശുദ്ധ ഫൗസ്റ്റീനക്ക് വെളിപ്പെടുത്തപ്പെട്ടത്. 89 വര്‍ഷങ്ങള്‍ തികഞ്ഞിരിക്കുന്നു. ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് ദൈവകരുണയുടെ ജപമാല മനുഷ്യാത്മാക്കളുടെ മനസാന്തരത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് ഈശോ ആഗ്രഹിക്കുന്നു.
”എന്റെ മകളേ ഓര്‍ക്കുക. ക്ലോക്കില്‍ മൂന്നു മണി അടിക്കുന്നത് കേള്‍ക്കുമ്പോഴൊക്കെയും എന്റെ കരുണയെ ആരാധിച്ചു പുകഴ്ത്തിക്കൊണ്ട് നീ അതില്‍ പൂര്‍ണ്ണമായി നിമഗ്‌നയായി ലോകം മുഴുവനും വേണ്ടി പ്രത്യേകിച്ച്, കഠിനപാപികള്‍ക്കുവേണ്ടി കരുണയുടെ സര്‍വ്വശക്തി യാചിക്കുക. ഈ നിമിഷമാണ് എല്ലാ ആത്മാക്കള്‍ക്കും വേണ്ടി കരുണയുടെ കവാടം മലര്‍ക്കെ തുറക്കപ്പെട്ടത്. ഈ മണിക്കൂറില്‍ നിനക്കും മറ്റുള്ളവര്‍ക്കും വേണ്ടി ചോദിക്കുന്നതെല്ലാം ലഭിക്കുന്നു. ലോകത്തിനു മുഴുവനുംവേണ്ടിയുള്ള കൃപയുടെ മണിക്കൂറാണ് ഇത്. നീതിയുടെ മേല്‍ കരുണ വിജയം വരിച്ച സമയം.

എന്റെ മകളേ നിന്റെ ചുമതലകള്‍ നിന്നെ അനുവദിക്കുമെങ്കില്‍ ഈ മണിക്കൂറില്‍ കുരിശിന്റെ വഴി നടത്താന്‍ ശ്രമിക്കുക. കുരിശിന്റെ വഴി നടത്താന്‍ സാധ്യമല്ലെങ്കില്‍ ഒരു നിമിഷനേരത്തേക്ക് ചാപ്പലില്‍ പ്രവേശിച്ചു കരുണയാല്‍ നിറഞ്ഞിരിക്കുന്ന എന്റെ ഹൃദയം തന്നെയായ പരിശുദ്ധ കുര്‍ബ്ബാനയെ ആരാധിക്കുക. ചാപ്പലില്‍ പോകാന്‍ നിനക്ക് സാധ്യമാകുന്നില്ലെങ്കില്‍ നീ എവിടെയിരിക്കുന്നുവോ അവിടെത്തന്നെ കുറച്ചു നേരത്തേക്കെങ്കിലും പ്രാര്‍ത്ഥനയില്‍ മുഴുകുക. എല്ലാ സൃഷ്ടികളില്‍നിന്നും പ്രത്യേകിച്ച് എന്റെ കരുണയുടെ രഹസ്യം ഏറ്റവും ആഴത്തില്‍ ഗ്രഹിക്കാനുള്ള വരം ലഭിച്ച നിന്നില്‍നിന്ന് എന്റെ കരുണ ആരാധന അര്‍ഹിക്കുന്നു” (വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി 1572).

ദൈവത്തിനു മനുഷ്യാത്മാക്കളോടുള്ള അടങ്ങാത്ത സ്‌നേഹാഗ്‌നിയില്‍ ഹൃദയം കുത്തിത്തുറന്ന് കരുണയുടെ കവാടം അവന്റെ ചങ്കില്‍നിന്ന് തുറന്നു തന്ന യേശുവിനോടൊപ്പം ആയിരിക്കാന്‍ മൂന്നു മണി സമയങ്ങളില്‍ പരിശ്രമിക്കാം. നമ്മുടെമേലും ലോകം മുഴുവനുമുള്ള ആത്മാക്കളുടെമേലും ദൈവകരുണ ഒഴുകിയിറങ്ങാന്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ ഇടയാക്കട്ടെ.

പുലര്‍ച്ചെ മൂന്നു മണിക്ക് ഉറക്കമുണരുമ്പോള്‍ നാം മനസ്സിലാക്കേണ്ടത് പ്രാര്‍ത്ഥനയെന്ന ആയുധം പേറി സാത്താന്റെ സാമ്രാജ്യത്തിനെതിരായുള്ള ഒരു യുദ്ധത്തിന് യേശു നമ്മെ ക്ഷണിക്കുന്നു എന്നാണ്. എനിക്ക് ദാഹിക്കുന്നു എന്ന യേശുവിന്റെ നിലവിളിക്ക് ദാഹജലമായി മാറാന്‍ വിളിക്കപ്പെട്ടവരാണല്ലോ നാം. മൂന്നുമണി സമയം പ്രാര്‍ത്ഥനയില്‍ ആയിരിക്കുമ്പോള്‍ ഇരട്ടി കൃപകളാണ് നമ്മില്‍ നിറയപ്പെടുന്നത്. അവന്റെ വിളിക്കായി കാതോര്‍ക്കുക… ഒരു മനുഷ്യന്റെ മാനസാന്തരമോ ജീവിതത്തില്‍ ദൈവിക ഇടപെടലോ ഒക്കെ ആഗ്രഹിക്കുന്നവര്‍ മൂന്നുമണി സമയങ്ങളില്‍ തുടര്‍ച്ചയായി പ്രാര്‍ത്ഥിക്കുക. നിന്റെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരവുമായി നാലാം യാമത്തില്‍ അവന്‍ വരും. ഭയപ്പെടേണ്ട എന്ന് നിന്നോട് പറയും. നീ ലക്ഷ്യം വച്ചിരിക്കുന്ന കരയില്‍ പെട്ടെന്ന് എത്തിച്ചേരാന്‍ ഇടവരുത്തും.

ആന്‍ മരിയ ക്രിസ്റ്റീന