ആ പദം യൗസേപ്പിതാവിന് അറിയില്ലായിരുന്നു, പക്ഷേ…. – Shalom Times Shalom Times |
Welcome to Shalom Times

ആ പദം യൗസേപ്പിതാവിന് അറിയില്ലായിരുന്നു, പക്ഷേ….

 

”നമ്മുടെ രക്ഷകന്‍ എമ്മാവൂസിലേക്ക് പോയ രണ്ട് ശിഷ്യന്മാരെ ഏതാനും നിമിഷങ്ങള്‍ മാത്രം അകമ്പടി സേവിച്ചപ്പോള്‍ അവര്‍ ദൈവിക സ്‌നേഹത്താല്‍ കത്തിജ്വലിച്ചെങ്കില്‍, യാത്രാമധ്യേ അവന്‍ നമ്മോട് സംസാരിച്ചപ്പോള്‍ നമ്മുടെ ഹൃദയം ജ്വലിച്ചില്ലേയെന്ന് അവര്‍ പറഞ്ഞെങ്കില്‍ ഈശോമിശിഹായുമായി മുപ്പത് കൊല്ലങ്ങളോളം സംഭാഷിച്ച, നിത്യജീവന്റെ വചസ്സുകള്‍ കേട്ട, വിശുദ്ധ യൗസേപ്പിതാവിന്റെ ഹൃദയം വിശുദ്ധമായ സ്‌നേഹാഗ്‌നിജ്വാലയില്‍ എത്രയധികം കത്തിജ്വലിച്ചിട്ടുണ്ടാകാം” (വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി).
ഈശോ വീടിനുപുറത്ത് അധ്വാനത്തിലോ യാത്രയിലോ ആണെങ്കിലും വീട്ടില്‍ മറിയത്തോടൊപ്പം ആയിരുന്ന ജോസഫിന് ദൈവികസാന്നിധ്യം അനുഭവവേദ്യമായിരുന്നു. ഞാനത് വിശദീകരിക്കാം. നിങ്ങള്‍ ഫീറ്റോമറ്റേണല്‍ മൈക്രോഷിമ്മറിസം (ളലീോമലേൃിമഹ ാശരൃീരവശാലൃശാെ) എന്ന ഒരു പദം കേട്ടിട്ടുണ്ടോ? വലിയ സങ്കീര്‍ണത നിറഞ്ഞ പദമാണെങ്കിലും അമ്മയും ശിശുവും തമ്മിലുള്ള അത്ഭുതാവഹമായ ശാരീരിക ബന്ധത്തെക്കുറിച്ച് ഇത് സൂചിപ്പിക്കുന്നുണ്ട്. ഒരു അമ്മയുടെ ശരീരത്തില്‍ ഗര്‍ഭാവസ്ഥയില്‍ ആയിരിക്കുന്ന കാലഘട്ടം കഴിഞ്ഞാലും ശിശുവിന്റെ ജീവനുള്ള കോശങ്ങള്‍ അവളുടെ ശരീരത്തില്‍ അവശേഷിക്കുന്നതായി ഇരുപതാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഈ പ്രതിഭാസത്തിന്റെ പേരാണ് ഫീറ്റോമറ്റേണല്‍ മൈക്രോഷിമ്മറിസം. ശാസ്ത്രജ്ഞരുടെ നിരീക്ഷണപ്രകാരം ഒരു സ്ത്രീ ഗര്‍ഭിണിയാകുമ്പോഴും അവള്‍ പ്രസവിച്ചുകഴിയുമ്പോഴും ശിശുവിന്റെ കോശങ്ങള്‍ അവളുടെ ശരീരത്തില്‍ കണ്ടെത്താനാകും. ഇങ്ങനെയുള്ള അനേകം കോശങ്ങള്‍ പിന്നീടുള്ള കാലത്തും ആ സ്ത്രീയുടെ ശരീരത്തില്‍ നിലനില്‍ക്കും. ശാസ്ത്രജ്ഞന്മാരും ഗവേഷകരും കണ്ടെത്തിയതുപ്രകാരം തിരിച്ചും സംഭവിക്കുന്നുണ്ട്. ഒരമ്മയുടെ കോശങ്ങള്‍ മക്കളുടെ ശരീരത്തിലേക്കും കൈമാറ്റം ചെയ്യപ്പെടുകയും അവരുടെ ശരീരത്തില്‍ ജീവിതകാലം മുഴുവന്‍ നിലനില്ക്കുകയും ചെയ്യുന്നു. ഇത് അത്ഭുതാവഹമാണ.്
ഈ പദത്തെക്കുറിച്ച് വിശുദ്ധ യൗസേപ്പിതാവിന് ഒന്നുംതന്നെ അറിയില്ലെങ്കിലും അവന്‍ തന്റെ ഭാര്യ മറിയത്തിന്റെ സാന്നിധ്യത്തിലായിരുന്നപ്പോഴെല്ലാം ഈശോയുടെ സാന്നിധ്യത്താല്‍ ദൈവം അവനെ അനുഗ്രഹിക്കുന്നത് തുടര്‍ന്നു. മറിയത്തിന്റെ അടുത്ത് ഇരിക്കുന്നത് ഈശോയുടെ അടുത്ത് ആയിരിക്കുക എന്നതുതന്നെ. ഈശോ അവിടെ ജീവിക്കുന്നു. തന്റെ ദൈവിക സുതന്റെ സജീവകോശങ്ങള്‍ മറിയത്തിന്റെ ശരീരത്തിലുണ്ട്. ദൈവത്തിന്റെ സാന്നിധ്യത്തില്‍ ആയിരിക്കാന്‍വേണ്ടി വിശുദ്ധ യൗസേപ്പിതാവിന് നമ്മുടെ കര്‍ത്താവ് തന്റെ ഭവനത്തില്‍ സന്നിഹിതനാകേണ്ട ആവശ്യമില്ല. എവിടെയെല്ലാം മറിയം ഉണ്ടോ അവിടെയെല്ലാം ഈശോയുമുണ്ട്.
വിശുദ്ധ യൗസേപ്പിതാവിന്റെ ഭാര്യ ജീവിക്കുന്ന സക്രാരിയും ചലിക്കുന്ന സക്രാരിയും മറയ്ക്കപ്പെട്ട ദൈവാലയവുമായിരുന്നു. മറിയത്തിന്റെ അടുത്ത് വരാന്‍ പിശാചുകള്‍ ഭയപ്പെടുന്നുവെങ്കില്‍ നമ്മള്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല. അവളൊരിക്കലും ദൈവിക സാന്നിധ്യം ഇല്ലാതെ ജീവിച്ചിട്ടില്ല.
”ദൈവം അവളുടെ ശരീരത്തില്‍ ജീവിക്കുന്നു. ലില്ലി ഏതാനും ദിവസത്തേക്ക് മാത്രമാണെങ്കിലും സൂര്യപ്രകാശത്തിലും ചൂടിലും വയ്ക്കുകയാണെങ്കില്‍, കണ്ണഞ്ചുംവിധം മഹാപ്രഭയോടുകൂടിയ വെണ്മ നേടിയെടുക്കുന്നുവെങ്കില്‍, അനേകം വര്‍ഷങ്ങള്‍ നീതിസൂര്യന്റെ കിരണങ്ങള്‍ക്കുമുന്നിലും അവിടുന്നില്‍നിന്ന് (ഈശോ)തന്റെ ശോഭയെല്ലാം നേടിയെടുക്കുന്ന രഹസ്യാത്മക ചന്ദ്രന്റെ (പരിശുദ്ധ മറിയം) മുന്നിലുമായിരുന്ന വിശുദ്ധ യൗസേപ്പിതാവ് അസാധാരണമായ ശുദ്ധതയില്‍ എത്രത്തോളം ഉയര്‍ന്നെന്ന് ആര്‍ക്ക് ഗ്രഹിക്കാനാവും.” (വിശുദ്ധ ഫ്രാന്‍സിസ് ഡി സാലസ്)
”ഓ വിശുദ്ധനായ പൂര്‍വ്വ പിതാവേ, മറിയത്തിന്റെ മനോഹരമായ ആന്തരികവും ബാഹ്യവുമായ സൗന്ദര്യം സന്തോഷത്തോടെ ആസ്വദിക്കുകയും ആനന്ദത്തോടെ ഈശോയെ ധ്യാനിക്കുകയും ചെയ്തുകൊണ്ട് അങ്ങ് ചെലവഴിച്ച സന്തോഷകരമായ മണിക്കൂറുകളെപ്രതി ഞാന്‍ അങ്ങയെ അഭിനന്ദിക്കുന്നു. നിരന്തരമായി അങ്ങ് അവരെ പഠിച്ചു, അവരുടെ ഹൃദയത്തില്‍നിന്ന് മാധുര്യവും ക്ഷമയും ആത്മപരിത്യാഗവും അങ്ങ് പഠിച്ചെടുത്തു.” (വാഴ്ത്തപ്പെട്ട അമലോത്ഭവത്തിന്റെ കാബ്രറ ഡി അര്‍മീഡാ)
വിശുദ്ധ യൗസേപ്പിതാവ് അനുഭവിച്ചത് സമാനമായി അനുഭവിക്കാനുള്ള സൗഭാഗ്യം പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും ഉണ്ട്. കാരണം എല്ലാ ആശ്രമങ്ങളിലും മഠങ്ങളിലും ദൈവികസാന്നിധ്യം വസിക്കുന്ന സക്രാരി ഉണ്ട്. എല്ലാ സക്രാരികളും അടിസ്ഥാനപരമായി മറിയത്തിന്റെ ശാരീരിക ദൈവാലയത്തിന്റെ ഒരു തനി പകര്‍പ്പാണ്. സക്രാരികള്‍ക്ക് മറയുണ്ടോ കവാടങ്ങള്‍ അടച്ചിട്ടുണ്ടോ എന്നുള്ളത് അത്ര പ്രാധാന്യമുള്ള കാര്യമല്ല, ഈശോയുടെ സാന്നിധ്യം അവിടെ ഇപ്പോഴുമുണ്ട്. നസ്രത്തിലെ വിശുദ്ധഭവനത്തിലും അത് അങ്ങനെതന്നെയായിരുന്നു. മറിയത്തില്‍ സദാസമയവും ദൈവം വസിച്ചു, വിശുദ്ധ യൗസേപ്പിതാവ് എല്ലായ്‌പോഴും ഈശോയുടെ സാന്നിധ്യത്തിലായിരുന്നു.
”പുല്‍ക്കൂട്ടിലെ ശിശുവിന്റെ ശരീരത്തിലുള്ള ദൈവികതയെയും അള്‍ത്താരയില്‍ അപ്പത്തിന്റെ രൂപത്തില്‍ ഇന്നും തുടരുന്ന ക്രിസ്തുവിനെയും നോക്കാനുള്ള സന്നദ്ധതയാണ് ക്രിസ്തീയതയുടെ അടയാളം” (ഫുള്‍ട്ടണ്‍ ജെ. ഷീന്‍)
ദൈവത്തിന്റെ സക്രാരിയായ മറിയത്തിന്റെ തനിപ്പകര്‍പ്പാണ് കത്തോലിക്കാ ദൈവാലയങ്ങളിലെ സക്രാരികള്‍. പലപ്പോഴും അതിനുമുന്നില്‍ ഇല്ലാത്തത് വിശുദ്ധ യൗസേപ്പിതാവിനെപ്പോലുള്ള ആത്മാക്കളാണ്, ആ സക്രാരിയില്‍ സന്നിഹിതനും മറഞ്ഞിരിക്കുന്നവനുമായ ഈശോയെ ആരാധിക്കുന്ന ആത്മാക്കള്‍. വിശുദ്ധ യൗസേപ്പിനെപ്പോലുള്ള അനേകം ആളുകളെ സഭയ്ക്ക് ആവശ്യമായിരിക്കുന്നു.
”നല്ല ആരാധകരെ ലഭിക്കാനായി നാം ദൈവത്തോട് യാചിക്കണം; വിശുദ്ധ യൗസേപ്പിതാവിന് പകരം വയ്ക്കാനും അദ്ദേഹത്തിന്റെ ആരാധനയുടെ ജീവിതം അനുകരിക്കാനും ദിവ്യകാരുണ്യനാഥന് അങ്ങനെയുള്ളവരെ ആവശ്യമുണ്ട്” (വിശുദ്ധ പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡ്).
വിശുദ്ധ യൗസേപ്പിതാവിനെപ്പോലെ ആകാന്‍ നിങ്ങളും ക്രിസ്തുവിനെ ആരാധിക്കുന്നവരാകണം. ശരീരത്തിലും രക്തത്തിലും ആത്മാവിലും ദൈവത്വത്തിലും ഈശോ ദിവ്യകാരുണ്യമായി സന്നിഹിതനായിരിക്കുന്ന അടുത്തുള്ള കത്തോലിക്ക ദൈവാലയങ്ങളില്‍ നിനക്ക് പോകാന്‍ കഴിയും. ദിവ്യകാരുണ്യം യേശുക്രിസ്തുവാണ്. ക്രൈസ്തവവിശ്വാസത്തിന്റെ ഉറവിടവും ഉച്ചകോടിയും ഈ പരിശുദ്ധ കൂദാശയാണ്. അതിനാല്‍ത്തന്നെ ദിവ്യകാരുണ്യത്തിലെ ഈശോയുമായി നിന്നെ ആഴമായ ബന്ധത്തിലേക്ക് നയിക്കാന്‍ വിശുദ്ധ യൗസേപ്പിതാവ് ആഗ്രഹിക്കുന്നു.
1997-ല്‍ പോളണ്ടിലെ കലിസയിലുള്ള വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് മാര്‍പാപ്പ എന്ന നിലയില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ഒരു സന്ദര്‍ശനം നടത്തി. അന്ന് അവിടെ ഉണ്ടായിരുന്ന ജനത്തോട് താന്‍ ഓരോ ദിവസവും ബലിയര്‍പ്പിക്കുന്നതിന് മുമ്പ് വിശുദ്ധ യൗസേപ്പിതാവിനോട് ഇങ്ങനെ ഒരു പ്രാര്‍ത്ഥന അര്‍പ്പിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തി.
”അനേകം രാജാക്കന്മാര്‍ കാണാനും ശ്രവിക്കുവാനും ആഗ്രഹിച്ചിട്ടും സാധിക്കാതിരുന്ന ദൈവത്തെ കാണാനുള്ള സൗഭാഗ്യം കിട്ടിയ ഭാഗ്യവാനായ വിശുദ്ധ യൗസേപ്പിതാവേ, അങ്ങ് അവിടുത്തെ കാണുകയും കേള്‍ക്കുകയും മാത്രമല്ല അവിടുത്തെ കരങ്ങളില്‍ എടുക്കുകയും ചുംബിക്കുകയും അവനെ വസ്ത്രം ധരിപ്പിക്കുകയും പരിപാലിക്കുകയും ചെയ്തു.
രാജകീയ പൗരോഹിത്യം ഞങ്ങളെ ഭരമേല്‍പ്പിച്ച ദൈവമേ, വെടിപ്പുള്ള ഹൃദയത്തോടെയും കുറ്റമറ്റ മനസ്സാക്ഷിയോടെയും ഭാഗ്യപ്പെട്ട വിശുദ്ധ യൗസേപ്പിതാവ് കന്യകാമറിയത്തില്‍ നിന്ന് ജനിച്ച അങ്ങയുടെ ഏകജാതനെ വഹിച്ചത് പോലെ അങ്ങയുടെ വിശുദ്ധമായ അള്‍ത്താരയില്‍ ശുശ്രൂഷിക്കാനുള്ള കൃപ നല്കണമേ. അങ്ങേ ദിവ്യസുതന്റെ തിരുശരീരരക്തങ്ങള്‍ യോഗ്യതയോടെ സ്വീകരിക്കുവാന്‍ ഇന്നേ ദിവസം ഞങ്ങളെ യോഗ്യരാക്കേണമേ. വരാനിരിക്കുന്ന യുഗത്തില്‍ നിത്യമായ പ്രതിഫലം നേടാന്‍ ഒരുക്കണമേ, ആമ്മേന്‍.”
ദിവ്യകാരുണ്യ സന്നിധിയില്‍ ധാരാളം സമയം ചെലവഴിക്കുക. നിങ്ങളുടെ താമസസ്ഥലത്ത് നിത്യാരാധന ചാപ്പല്‍ ഉണ്ടെങ്കില്‍ എല്ലാ ആഴ്ചയും ദിവ്യകാരുണ്യ സന്നിധിയില്‍ ആയിരിക്കാന്‍ സമയം കാണുക. നിങ്ങളുടെ താമസസ്ഥലത്ത് ദൈവാലയത്തോട് ചേര്‍ന്ന് നിത്യാരാധന നടത്തുന്ന ചാപ്പല്‍ ഇല്ലെങ്കില്‍ ഒരുപക്ഷേ ദൈവാലയത്തില്‍ ഒരു ദിവസത്തില്‍ ഏതാനും മണിക്കൂറുകളോ അഥവാ ആഴ്ചയില്‍ ഒരു പ്രത്യേകദിവസമോ ദിവ്യകാരുണ്യാരാധന ഉണ്ടായിരിക്കാം. അവിടെപ്പോവുക! ഇനി ദിവ്യകാരുണ്യം എഴുന്നള്ളിച്ചു വച്ചിരിക്കുന്ന ഒരു ദൈവാലയം നിങ്ങള്‍ക്ക് കണ്ടെത്താനായില്ലെങ്കില്‍ വെറുതെ ഒരു കത്തോലിക്കാ ദൈവാലയം സന്ദര്‍ശിച്ച് അവിടെ സക്രാരിയുടെ മുന്നില്‍ ഇരുന്നു പ്രാര്‍ത്ഥിക്കുക. ഈശോ പകലും രാവും അവിടെയുണ്ടല്ലോ. അവിടുന്ന് നിനക്കായി കാത്തിരിക്കുന്നു. ഈശോയ്ക്കും മറിയത്തിനും വേണ്ടി മറ്റൊരു യൗസേപ്പ് ആവുക.
”നീ ദിവ്യകാരുണ്യ സന്ദര്‍ശനം നടത്തുമ്പോള്‍ അനുഗൃഹീതകന്യകയുടെയും വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ യോഹന്നാന്‍ ശ്ലീഹായുടെയുടെയും സ്‌നേഹത്തോടുകൂടി ഈശോയെ സമീപിക്കുക” (വിശുദ്ധ ജോസഫ് സെബാസ്റ്റ്യന്‍ പെല്‍ജര്‍)
”ഓ, വാഴ്ത്തപ്പെട്ട യൗസേപ്പിതാവേ അവതരിച്ച വചനത്തിന്റെ ആദ്യ വാക്കുകള്‍ കൊണ്ട് ഞാന്‍ അങ്ങയോടൊത്ത് ആരാധിക്കുന്നു. അവിടുത്തെ ആരാധ്യപാദങ്ങള്‍ ആദ്യമായി പതിഞ്ഞതിന്റെ പാടുകള്‍ ആദരവോടെ ചുംബിക്കാന്‍ അങ്ങയോടൊപ്പം ഞാനും കമിഴ്ന്നു വീഴുന്നു. അനന്തനന്മസ്വരൂപനായിരിക്കുന്ന ദൈവമേ, ഞങ്ങള്‍ക്ക് ശക്തി പകരാന്‍ വേണ്ടി അങ്ങ് ദുര്‍ബലനായി. സ്വര്‍ഗ്ഗത്തിലെ ഭാഷ സംസാരിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കാനായി അങ്ങ് കുഞ്ഞുങ്ങളെപോലെ സംസാരിക്കാന്‍ ആഗ്രഹിച്ചു! വിശുദ്ധ യൗസേപ്പിതാവേ ഈശോയോട് അങ്ങേയ്ക്കുണ്ടായിരുന്ന സ്‌നേഹവായ്പ് എന്നില്‍ ജനിപ്പിക്കണമേ. അങ്ങയെപ്പോലെ ദൈവത്തെ സ്‌നേഹിക്കാന്‍ എനിക്ക് കൃപ വാങ്ങിത്തരേണമേ. (വാഴ്ത്തപ്പെട്ട ബാര്‍ത്തലോ ലോംഗോ)
വിശുദ്ധ യൗസേപ്പിനോടുള്ള പ്രതിഷ്ഠ, നമ്മുടെ ആത്മീയപിതാവിന്റെ വിസ്മയങ്ങള്‍ എന്ന ഗ്രന്ഥത്തില്‍നിന്ന്‌

ഫാ. ഡൊണാള്‍ഡ് കാലോവേ