പാഴ്‌സല്‍ വാങ്ങിയപ്പോള്‍ കേട്ട സ്വരം – Shalom Times Shalom Times |
Welcome to Shalom Times

പാഴ്‌സല്‍ വാങ്ങിയപ്പോള്‍ കേട്ട സ്വരം

പതിവുപോലെ ജോലി കഴിഞ്ഞു മുറിയിലെത്തിയപ്പോഴാണ് എസി പ്രവര്‍ത്തിക്കുന്നില്ലെന്നു കണ്ടത്. ചൂട് കാലം ആണ് ദുബായില്‍ .മുറിയില്‍ എസി ഇല്ലാതെ ഒരു നിമിഷം ആയിരിക്കുക ദുസ്സഹമാണ്. ടെക്നിഷ്യനെ പല തവണ ഫോണില്‍ വിളിച്ചു. അവസാനം അവര്‍ വന്നു എ സി പരിശോധിക്കാമെന്ന് ഉറപ്പു നല്‍കി. മണിക്കൂറികള്‍ കടന്നു പോയി കൊണ്ടിരുന്നു . ചെറിയൊരു ഫാന്‍ മുറിയില്‍ ഉണ്ടായിരുന്നെങ്കിലും അപ്പോഴത്തെ ചൂടിനെ ശമിപ്പിക്കാന്‍ കഴിഞ്ഞില്ല. രാത്രി എട്ടു മണിയോടെ ടെക്നീഷ്യന്മാര്‍ എത്തിച്ചേര്‍ന്നു. തകരാറെന്താണെന്നു പറഞ്ഞു മനസ്സിലാക്കി. കുറച്ചു സമയം എടുക്കും റിപ്പയറിങ് തീരാന്‍ എന്ന് അവരുടെ മറുപടി.

തൊട്ടടുത്ത ദിനം ഓണ ദിവസമാണ്. മലയാളി ഹോട്ടലുകളിലെല്ലാം ഓണസദ്യ ആയിരിക്കും ലഭിക്കുക. മുന്‍കൂട്ടി ബുക്ക് ചെയ്താലേ ഭക്ഷണം കിട്ടുകയുള്ളൂ. മുറിയില്‍ ആണെങ്കില്‍ ഭക്ഷണമൊന്നും പാകപ്പെടുത്തുന്നുമില്ല. എ.സി റിപ്പയറിങ് തീരുമ്പോഴേക്കും വിളിച്ചു സദ്യ ഓര്‍ഡര്‍ ചെയ്യാം എന്ന് കരുതിയതാണ്. പക്ഷേ എല്ലാം കഴിഞ്ഞപ്പോള്‍ രാത്രി പതിനൊന്നു മണി. പരിസരത്തുള്ള ഹോട്ടലുകള്‍ അടച്ചു കഴിഞ്ഞു. ഈശോയോടു കുറച്ചു കലിപ്പില്‍ ആയി. നാളെ പട്ടിണി കിടക്കണമെന്നാണോ നിന്റെ ആഗ്രഹം എന്ന് ചോദിച്ചു ഈശോയോടു വഴക്കിട്ടു. യൗസേപ്പിതാവിന്റെ രൂപത്തില്‍ നോക്കി വഴക്കു തുടര്‍ന്നു.

സ്വന്തം ആയി ഒരു മകള്‍ ഇല്ലാത്ത അദ്ദേഹത്തിന്റെ വിഷമം വിസ്തരിച്ചു പറഞ്ഞു കേള്‍പ്പിക്കുകയാണ് ഞാന്‍. യൗസേപ്പിതാവിനെ എളുപ്പത്തില്‍ സെന്റിയാക്കുന്ന മാജിക് ആണത്. മകളായി ഞാന്‍ ഉണ്ടല്ലോ എന്ന ആശ്വാസ വാക്കുകളും കൂടി ആകുമ്പോള്‍ എല്ലാം സെറ്റ്. രാവിലെ ജോലിക്കു പോകാന്‍ ഇറങ്ങുകയാണ്… വീണ്ടും ഈശോക്കും യൗസേപ്പിതാവിനും റിമൈന്‍ഡര്‍, ‘കുറച്ചു പായസമെങ്കിലും കിട്ടാന്‍ വഴിയുണ്ടോ?’ മുറിയില്‍ പൂര്‍ണ്ണ നിശബ്ദത. എന്ത് സംഭവിച്ചാലും തിരിച്ചു വന്നിട്ട് കാണാം എന്ന് പറഞ്ഞുകൊണ്ട് മുറിയില്‍ നിന്ന് ഞാന്‍ ഡ്യൂട്ടിക്കായി ആശുപത്രിയിലേക്ക് ഇറങ്ങി. ഇന്ന് പട്ടിണിയെന്നതില്‍ യാതൊരു തര്‍ക്കവുമില്ല.

ജോലി ആരംഭിച്ചത് മുതല്‍ സ്വര്‍ഗ്ഗത്തിന്റെ ഇന്നത്തെ പെര്‍ഫോമന്‍സ് ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഡ്യൂട്ടി തീരാന്‍ ഏകദേശം ഒരു മണിക്കൂര്‍ അവശേഷിക്കുമ്പോള്‍ ഒരു ഫോണ്‍ കാള്‍ ലഭിച്ചു. എന്റെ സുഹൃത്തും സഹപ്രവര്‍ത്തകയും ആണ് അവള്‍. ഫോണിലൂടെ സ്‌നേഹാന്വേഷണങ്ങള്‍ നടത്തി. ജോലി കഴിഞ്ഞു പോകുമ്പോള്‍ അവളുടെ ഹോസ്റ്റലിന്റെ അടുത്തൊന്നു വന്നിട്ട് പോകാന്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ ചോദിച്ചു, ‘പായസം തരാന്‍ വേണ്ടിയാണോ?’ അവള്‍ ചിരിച്ചുകൊണ്ട് അല്ലെന്നു മറുപടി പറഞ്ഞു.
എന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റ പോലെ… എന്തായാലും അവളുടെ അടുത്ത് ചെന്നു. ഒരു വലിയ പാര്‍സല്‍ ബോക്‌സ് അവള്‍ എന്റെ നേരെ നീട്ടി. അതിനു മുകളില്‍ ഓണസദ്യ എന്ന് സ്റ്റിക്കര്‍!!

അവളുടെയും എന്റെയും കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടായിരുന്നു. ഇനി കഥയിലെ ട്വിസ്റ്റിലേക്കു പോകാം. തലേ ദിവസം അവള്‍ ഒരു പാര്‍സല്‍ സദ്യ അവള്‍ക്കു വേണ്ടി ഓര്‍ഡര്‍ ചെയ്തിട്ടുണ്ടായിരുന്നു. ഓണദിനത്തില്‍ പാഴ്‌സല്‍ വാങ്ങാന്‍ താഴേക്കു ഗോവണിപ്പടികള്‍ ഇറങ്ങി വരുമ്പോള്‍ അവളുടെ കാതില്‍ ആരോ ആന്‍ മരിയ എന്ന് മൂന്നു തവണ പറഞ്ഞു അത്രേ…. ഞാന്‍ സദ്യ ഓര്‍ഡര്‍ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് അവള്‍ക്കറിയില്ല. എങ്കിലും കാതില്‍ കേട്ട സ്വരം മൂലം പാഴ്‌സല്‍ കൊണ്ടു വന്ന ആളോട് മറ്റൊരു പാഴ്‌സല്‍ കൂടി തരാന്‍ ഉണ്ടാകുമോ എന്ന് ചോദിച്ചു. ഡെലിവറി ബോയ് മറുപടി പറഞ്ഞതിപ്രകാരമാണ്, ”ഞങ്ങള്‍ ഇന്ന് ഓര്‍ഡര്‍ ആദ്യം തരാന്‍ വന്നത് നിങ്ങളുടെ അടുത്താണ്. അതിനാല്‍ കുറച്ചു പാഴ്‌സല്‍ എക്‌സ്ട്രാ വച്ചിട്ടുണ്ട്. ഒടുവിലാണ് ഇവിടെ വരുന്നതെങ്കില്‍ പാഴ്‌സല്‍ തീര്‍ന്നുപോയിട്ടുണ്ടാകും.” അദ്ദേഹം ഉടനെ ഒരു എക്‌സ്ട്രാ പാര്‍സല്‍ മുന്‍കൂര്‍ ഓര്‍ഡര്‍ ഇല്ലാതെ തന്നെ അവള്‍ക്കു നല്‍കി…

കവിഞ്ഞൊഴുകുന്ന നാല് കണ്ണുകള്‍ക്ക് പിറകിലെ രഹസ്യം ഇതായിരുന്നു… എത്രയും പെട്ടെന്ന് വീട്ടിലെത്തണമെന്നു മാത്രമായിരുന്നു എന്റെ ചിന്ത ഈശോയുടെ അടുത്തേക്ക് ഓടിച്ചെന്നു. സദ്യ ഈശോക്ക് മുന്‍പില്‍ വച്ചു. ഈശോക്ക് ചന്നം പിന്നം ചക്കര ഉമ്മകള്‍… പാവം യൗസേപ്പിതാവിനെ കണ്ടപ്പോള്‍ എന്ത് പറയണം എന്നറിയാതെ വിഷമിച്ചു. നീണ്ട താടിയില്‍ അല്‍പ നേരം തലോടിക്കൊണ്ട് യൗസേപ്പിതാവിനും ഉമ്മ കൊടുത്തു… മകള്‍ ഇല്ലാത്ത വിഷമം മാറിയില്ലേ എന്ന് ചോദിക്കുമ്പോള്‍ യൗസേപ്പിതാവിന്റെ മുഖം പുഞ്ചിരിയോടെ ചോദിക്കുന്നത് പോലെ…. ‘നീ ഇത് എത്രാമത്തെ തവണയാ എന്നെ സെന്റിയാക്കി കാര്യം നേടുന്നത്?’

മറ്റൊരു സംഭവം കൂടി പറയാം. ശനിയാഴ്ചകളില്‍ മാത്രമാണ് പരിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കാന്‍ സാധിക്കുന്നത്. അന്ന് രാവിലെ ദേവാലയത്തിലേക്ക് പോകുമ്പോഴാണ് ഒരു മസാലദോശ അനുഭവം ഓര്‍ത്തത്. ഉടനെ ആ ഷോപ്പില്‍നിന്നും മസാലദോശ വാങ്ങിക്കണമെന്ന് ആഗ്രഹം തോന്നി. പക്ഷേ ഷോപ്പ് കുറച്ചു ദൂരെ ആണ്. എനിക്ക് വഴി അറിയുകയില്ല. സ്വന്തമായി വാഹനവും ഇല്ല… പരിശുദ്ധ കുര്‍ബ്ബാന സ്വീകരിച്ചു ഇരിപ്പിടത്തില്‍ വന്നിരുന്നപ്പോള്‍ ഞാന്‍ ഈശോയോടു പറഞ്ഞു… ”അങ്ങ് ഹൃദയത്തില്‍ വന്നിരിക്കുന്ന ഏറ്റവും വിലപ്പെട്ട ഈ സമയത്തു ചോദിക്കേണ്ടതാണോ എന്നെനിക്കറിയില്ല. എങ്കിലും ഒരു കാര്യം പറയുവാ ഈശോയേ… എനിക്ക് മസാലദോശ വേണമെന്ന് തോന്നുവാണല്ലോ, നമ്മള്‍ പണ്ട് പോയിട്ടുള്ള ഷോപ്പില്‍നിന്നും…” സ്വര്‍ഗ്ഗത്തിലുള്ളവര്‍ ഒരുപക്ഷേ എന്നെത്തന്നെ നിരീക്ഷിക്കുകയായിരിക്കും. പരിശുദ്ധ കുര്‍ബ്ബാന സ്വീകരിച്ച ശേഷം മസാലദോശ വേണമെന്ന് പറയുന്ന ഈ കാന്താരി പ്പെണ്ണിനെ…ഒടുവില്‍ ദൈവാലയത്തിന് പുറത്തിറങ്ങി പാര്‍ക്കിംഗ് സ്ഥലത്ത് എത്തിയപ്പോള്‍ സുഹൃത്തിന്റെ ഫോണ്‍കാള്‍, ”പത്തുമിനിട്ടു കാത്തു നിന്നാല്‍ ഒരു മസാലദോശ വാങ്ങിത്തരാം. വീട്ടില്‍ കൊണ്ടുപോയി വിടുകയും ചെയ്യാം.

” അവിടെനിന്ന് കരഞ്ഞാല്‍ ആളുകള്‍ കാണും എന്നതുകൊണ്ട് നിറഞ്ഞൊഴുകുന്ന മിഴികളോടെ ഞാന്‍ കുറച്ചു ദൂരം മുന്നോട്ടു നടന്നു… ഒടുവില്‍ പത്തുമിനിറ്റ് കഴിഞ്ഞപ്പോള്‍ സുഹൃത്തിനൊപ്പം കടയില്‍ പോയി മസാലദോശ കഴിച്ചു. ഞാന്‍ ആഗ്രഹിച്ച അതേ കടയില്‍നിന്നുതന്നെ… ഈശോ എന്ത് പാവമാണല്ലേ??? വലിയ കാര്യങ്ങള്‍ ചെയ്തു തരുന്ന ഈശോയെക്കാള്‍ എന്റെ ചെറിയ കാര്യങ്ങള്‍ കണ്ടറിഞ്ഞു ചെയ്യുന്ന ഈശോയെയാണ് ഞാന്‍ കൂടുതല്‍ സ്‌നേഹിക്കുന്നത്. അവനോടൊപ്പം ഉള്ള ജീവിതം എത്രയോ മാധുര്യമുള്ളതാണ്. തന്നോട് കൂടെ ആയിരിക്കാന്‍ അവന്‍ നമ്മെ വിളിക്കുന്നു… എപ്പോഴും ഈശോയുമായി സംസാരിക്കുക. നമ്മുടെ എല്ലാ കാര്യങ്ങളിലേക്കും അവനെ ക്ഷണിക്കുക. നസ്രായനാകട്ടെ നമ്മുടെ ബെസ്റ്റി…. ”കര്‍ത്താവില്‍ ആശ്രയിക്കുന്നവനെ അവിടുത്തെ സ്നേഹം വലയം ചെയ്യും” (സങ്കീര്‍ത്തനങ്ങള്‍ 32/10).

ആന്‍ മരിയ ക്രിസ്റ്റീന