കുഞ്ഞുഡീഗോയുടെ മൂന്നുമണി പ്രാര്‍ത്ഥന – Shalom Times Shalom Times |
Welcome to Shalom Times

കുഞ്ഞുഡീഗോയുടെ മൂന്നുമണി പ്രാര്‍ത്ഥന

മെക്‌സിക്കോ ഉള്‍പ്പെടെ ലാറ്റിന്‍ അമേരിക്കയിലെങ്ങും നിത്യാരാധനാചാപ്പലുകള്‍ സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങിയ പുരോഹിതനാണ് പട്രീഷിയോ ഹിലീമെന്‍. അദ്ദേഹം പങ്കുവച്ച, എട്ടുവയസ്സുള്ള മെക്‌സിക്കന്‍ ബാലന്റെ അനുഭവം.
യുക്കാറ്റിനിലെ മിര്‍ദിയായില്‍ നിത്യാരാധനാ ചാപ്പലിലെ ദിവ്യബലിക്കിടെ ഫാ. പട്രീഷിയോ പറഞ്ഞു, ”അതിരാവിലെ ഉണര്‍ന്ന് പ്രാര്‍ത്ഥിക്കുന്നവരെ യേശൂ നൂറുമടങ്ങ് അനുഗ്രഹിക്കും. പ്രാര്‍ത്ഥനയുടെ മണിക്കൂറിനായി യേശു നിങ്ങളെ ക്ഷണിക്കുന്നു. ഒരു മണിക്കൂര്‍ നിങ്ങള്‍ക്ക് എന്റെ ഒപ്പം ഉണര്‍ന്നിരിക്കുവാന്‍ കഴിയുകയില്ലേയെന്ന് യേശു നിങ്ങളോട് ചോദിക്കുന്നു.”

എട്ടുവയസുകാരന്‍ ഡീഗോ ആ വാക്കുകള്‍ ഹൃദയത്തില്‍ ഏറ്റെടുത്തു. പിതാവിന്റെ മദ്യപാനം, കുടുംബത്തിലെ ദാരിദ്ര്യം എന്നിവ മാറാനും വീട്ടില്‍ സന്തോഷമുണ്ടാകാനുമായി രാവിലെ മൂന്ന് മണിക്ക് ചാപ്പലില്‍ ജാഗരിച്ച് പ്രാര്‍ത്ഥിക്കാന്‍ അവന്‍ തീരുമാനിച്ചു. അമ്മയുടെ പിന്തുണയും കിട്ടിയതോടെ ആ തീരുമാനം പ്രാവര്‍ത്തികമായി.
ഒരാഴ്ച പ്രാര്‍ത്ഥിച്ചപ്പോള്‍ അവന്‍ അപ്പനെയും കൂടെ ക്ഷണിച്ചു. പക്ഷേ അദ്ദേഹം ക്ഷണം നിരസിക്കുകയാണുണ്ടായത്. പക്ഷേ ഡീഗോ പ്രാര്‍ത്ഥന തുടര്‍ന്നു. ആ പ്രാര്‍ത്ഥന ഫലം കണ്ടു! ഒരു മാസം കഴിഞ്ഞപ്പോള്‍ അവന്റെ അപ്പനും ചാപ്പലില്‍ വരാന്‍ തുടങ്ങി. പതിയെ അദ്ദേഹം മദ്യപാനം നിര്‍ത്തി. കുടുംബത്തില്‍ സന്തോഷം വന്നു. അതോടൊപ്പം ദാരിദ്ര്യത്തില്‍നിന്നും അവര്‍ കരകയറി.

”കര്‍ത്താവേ! എളിയവരുടെ അഭിലാഷം അവിടുന്ന് നിറവേറ്റും; അവരുടെ ഹൃദയത്തിന് ധൈര്യം പകരും; അവിടുന്ന് അവര്‍ക്ക് ചെവികൊടുക്കും” (സങ്കീര്‍ത്തനങ്ങള്‍ 10/17)