”ആപ്കാ ഘര്‍ കഹാം ഹേ?”
”കല്‍ക്കട്ട മേം.”
”മദര്‍ നെ സംജാ? മദര്‍ തെരേസാ ഓഫ് കല്‍ക്കട്ട.”
”ജി ഹാം.”
ഒപ്പം യാത്ര ചെയ്ത സഹോദരനോട് സംഭാഷണം തുടങ്ങിയത് ഇങ്ങനെയായിരുന്നു. നാലേ നാലു മിനിറ്റാണ് കയ്യിലുള്ളത്. അതുകൊണ്ട് വ്യാകരണപ്പിശകൊന്നും നോക്കാന്‍ നേരമില്ല. താമസിക്കുന്ന സ്ഥലത്തേക്ക് ബസ്സില്‍ യാത്ര ചെയ്യുകയായിരുന്നു. അപ്പോഴാണ് ജോലി കഴിഞ്ഞ് നന്നേ ക്ഷീണിതരായ ഏതാനും പേരെ കാണുന്നത്. മലയാളികളല്ലെന്ന് മനസിലായി. ‘ഈ സഹോദരങ്ങള്‍ യേശുവിനെ അറിഞ്ഞുകാണുമോ?’ ഉള്ളില്‍ ആദ്യം വന്ന ചോദ്യമിതായിരുന്നു.
ഇനി ഒരിക്കല്‍ക്കൂടി ഈ ബസ്സില്‍ ഈ നേരത്ത് ഞാന്‍ കയറാനും ഇവരെയെല്ലാം ഒരിക്കല്‍ക്കൂടി കാണാനും സാധ്യത കുറവാണ്. ഇവര്‍ യേശുവിനെ കേള്‍ക്കാനും അവരോട് പറയുവാനും എനിക്ക് സ്വര്‍ഗ്ഗം വച്ചുനീട്ടിയ ഏതാനും മിനിറ്റുകള്‍ മാത്രമാണ് മുമ്പിലുള്ളത്. ഈ ചിന്തകളെല്ലാം പെട്ടെന്നുതന്നെ മനസ്സില്‍ കടന്നുകൂടി.
‘ഇവര്‍ ജോലിചെയ്തു ക്ഷീണിച്ചവര്‍ തന്നെ, ശരിയാണ്. എന്നാല്‍ നീ നിന്റെ ജോലി ചെയ്യാന്‍ ഇനിയും ആരംഭിക്കുന്നുപോലുമില്ലേ?’ ഒരു ചോദ്യവും മനസ്സില്‍ മുഴങ്ങി. ബസ് വളവ് തിരിഞ്ഞു. അടുത്ത സ്റ്റോപ്പില്‍ എനിക്കിറങ്ങണം.
വേഗം, അടുത്തിരുന്ന കല്‍ക്കട്ടക്കാരനോട് ”ആപ്കാ ഘര്‍ കഹാം ഹേ” എന്ന ആദ്യത്തെ ചോദ്യം ചോദിച്ചു. ഹിന്ദിയില്‍ കേട്ടയുടനെ നല്ല സൗമ്യമായ മറുപടി തിരിച്ചു കിട്ടി. സംഭാഷണം ചുരുങ്ങിയ വാക്കുകളില്‍ തുടര്‍ന്നു. ചെറിയ ക്ലാസില്‍ പഠിച്ചിരുന്നപ്പോള്‍ കിട്ടിയ ഹിന്ദിയൊക്കെ ഉപയോഗിച്ച് വ്യാകരണമൊന്നും നോക്കാതെ ആശയം വ്യക്തമാക്കാന്‍ തുടങ്ങി.
”യേശു ഹമാരാ ഭഗവാന്‍ ഹേ. ഹമാരാ രക്ഷക് ഹേ. അനുഗ്രഹങ്ങള്‍ ഉണ്ടാകും.” ബസ്സ് എനിക്ക് ഇറങ്ങേണ്ടിടത്തെത്താറായി. വേഗം ബാഗ് തുറന്നു ഹിന്ദിയിലുള്ള ‘യേശുനാമ ശക്തി’ എന്ന പുസ്തകം കയ്യില്‍ക്കൊടുത്തിട്ട്, എടുത്തോളാനും വായിക്കണമെന്നും കണ്ണുകൊണ്ട് ആംഗ്യം കാണിച്ചിട്ട് ചാടിയിറങ്ങി.
ഇറങ്ങിയിട്ട് പുറത്തുനിന്നും നോക്കുമ്പോള്‍ കയ്യിലിരിക്കുന്ന ‘യേശുനാമ ശക്തി’ എടുത്ത് വീശിക്കൊണ്ട് എനിക്ക് അവര്‍ യാത്ര പറയുന്നുണ്ടായിരുന്നു. ഏറെ സന്തോഷത്തോടെ ഞാന്‍ നടന്നുനീങ്ങി. ഇതെല്ലാം വീക്ഷിച്ചുകൊണ്ട് ഒരു അപ്പച്ചന്‍ എന്റെയൊപ്പം അതേ സ്റ്റോപ്പില്‍ ഇറങ്ങി. ഞങ്ങള്‍ പരസ്പരം സംസാരിച്ചില്ല. പക്ഷേ, യേശുവിനെക്കുറിച്ച് പറ്റുന്നതുപോലെയൊക്കെ പറയാന്‍ ശ്രമിക്കണമെന്ന് അദ്ദേഹത്തിനും വ്യക്തമായെന്ന് അദ്ദേഹത്തിന്റെ ശരീരഭാഷയില്‍നിന്ന് മനസിലായി. സത്യത്തില്‍ നാലേ നാലുമിനിറ്റാണ് ഇതിനെല്ലാത്തിനും വേണ്ടി എടുത്തത്.
”നിങ്ങള്‍ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍” എന്നാണല്ലോ കര്‍ത്താവ് നമ്മോട് പറഞ്ഞിരിക്കുന്നത്. നാം ഇതിനെ സങ്കീര്‍ണമാക്കരുത്. എല്ലാം ശരിയായിട്ട്, സമയം ലഭിച്ചിട്ട്, കേള്‍ക്കാന്‍ ശ്രോതാക്കളെ ഒരുക്കിയിട്ട്… ഒക്കെ സുവിശേഷം പറയാനിരുന്നാല്‍, എന്നെങ്കിലും സാധിക്കുമോ? ബസ്‌സ്റ്റോപ്പും ഷോപ്പിംഗ് മാളും ബാര്‍ബര്‍ ഷോപ്പുമൊക്കെ നമുക്ക് പ്രസംഗവേദികള്‍ ആകണം. തട്ടുകടയില്‍ വച്ചുപോലും ക്രിസ്തുവിനെ പങ്കുവയ്ക്കാനുള്ള മനസ്സ് നമുക്കുണ്ടാകണം. പരസ്യമായി പറ്റിയില്ലെങ്കിലും വ്യക്തിപരമായി ആളുകളോട് സംവദിക്കാമല്ലോ. ഒരു പുഞ്ചിരിയില്‍, പരിചയപ്പെടലില്‍, കുശലാന്വേഷണത്തില്‍, സഹായ വാഗ്ദാനത്തില്‍, സ്വന്തം അനുഭവത്തിന്റെ വിവരണത്തില്‍, കേട്ടറിവില്‍ നിന്നും, വായിച്ചറിഞ്ഞവയില്‍ നിന്നുമെല്ലാം യേശുവിനെക്കുറിച്ച് നമുക്ക് സംസാരിക്കാമല്ലോ. ഭാഷയോ സംസ്‌കാരമോ നിറമോ ജാതിയോ തടസ്സമാകാതിരിക്കട്ടെ. കണ്ണ് തുറന്ന് ചുറ്റും നോക്കുക. എങ്ങും നാം എത്തിയിട്ടില്ല.
”നാലു മാസം കൂടി കഴിഞ്ഞാല്‍ വിളവെടുപ്പായി എന്നു നിങ്ങള്‍ പറയുന്നില്ലേ? എന്നാല്‍ ഞാന്‍ പറയുന്നു, നിങ്ങള്‍ കണ്ണുകളുയര്‍ത്തി വയലുകളിലേക്കു നോക്കുവിന്‍. അവ ഇപ്പോള്‍ത്തന്നെ വിളഞ്ഞുകൊയ്ത്തിനു പാകമായിരിക്കുന്നു. കൊയ്യുന്നവനു കൂലി കിട്ടുകയും അവന്‍ നിത്യജീവിതത്തിലേക്കു ഫലം ശേഖരിക്കുകയും ചെയ്യുന്നു. അങ്ങനെ, വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒപ്പം സന്തോഷിക്കുന്നു” (യോഹന്നാന്‍ 4/35-36).
ഹിമാചലിലോ ആഫ്രിക്കയിലോ ഒന്നും പോകാതെതന്നെ ഒരു മിഷണറിയാകുവാന്‍ വേണമെങ്കില്‍ നമുക്ക് സാധിക്കും. സുവിശേഷം പ്രസംഗിക്കുന്നതിന് അടിസ്ഥാനമായി വേണ്ടത് ആഗ്രഹമാണ്. തുടര്‍ന്ന് അനുകമ്പ വേണം. അതുകഴിഞ്ഞാണ് പരിശ്രമത്തിലേക്ക് കടക്കാനാകുക. അതിനാല്‍… ആഗ്രഹിക്കണം, അനുകമ്പ തോന്നണം, പരിശ്രമിക്കണം.
ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോള്‍?
ബ്രദര്‍ അഗസ്റ്റിന്‍ ക്രിസ്റ്റി PDM