കൊവിഡ്‌നിമിത്തം ശ്വസനം വിഷമകരമായിത്തീര്‍ന്നതിനാല്‍ ഫ്രാന്‍സിസ്‌കോയെ ഇന്‍ട്യൂബേറ്റ് ചെയ്യാനൊരുങ്ങുന്ന സമയം. തന്നെ പരിചരിച്ചുകൊണ്ടിരുന്ന പ്രിയപ്പെട്ട നഴ്‌സായ റൂബന്‍ അരികിലുണ്ട്. കൈയിലുണ്ടായിരുന്ന ജപമാല റൂബന് നല്കിക്കൊണ്ട് ഫ്രാന്‍സിസ്‌കോ പറഞ്ഞു, ”ഇത് കൈയില്‍ വയ്ക്കണം. ഞാന്‍ സുബോധത്തിലേക്ക് തിരിച്ചുവരികയാണെങ്കില്‍ തിരികെ നല്കുക. അല്ലാത്തപക്ഷം നീയിത് സ്വന്തമായി എടുത്തുകൊള്ളുക.” ഒരു മിഷനറിയായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നയാളാണ് ബ്രസീലില്‍നിന്നുള്ള ഫ്രാന്‍സിസ്‌കോ ബ്രിട്ടോ. വിവാഹിതനും നാല് കുട്ടികളുടെ പിതാവുമായ അദ്ദേഹത്തിന് ആശുപത്രിക്കിടക്കയിലും കരുത്തുപകര്‍ന്ന മരുന്നായിരുന്നു ജപമാലപ്രാര്‍ത്ഥന.
എന്നാല്‍ ഇരുപത്തഞ്ചുകാരനായ നഴ്‌സ് റൂബന്‍ കാവല്‍കാന്റെയുടെ ഹൃദയം തൊട്ട ആ ജപമാല പിന്നീട് അവന്റെ സ്വന്തമായിത്തീരുകയാണുണ്ടായത്. കാരണം ഫ്രാന്‍സിസ്‌കോ മരണത്തിലേക്ക് നടന്നുപോയി. പക്ഷേ അദ്ദേഹം സമ്മാനിച്ച ജപമാല റൂബന്റെ വിശ്വാസജീവിതത്തിന് പുതിയ ഉണര്‍വ് നല്കുകയാണ്. റൂബന്‍തന്നെയാണ് ഈ സംഭവം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചതും. ”നിര്‍ഭാഗ്യവശാല്‍, ഈ ലോകത്തുവച്ച് നിങ്ങള്‍ക്ക് ഈ ജപമാല തിരികെനല്കാന്‍ എനിക്ക് കഴിയില്ല. പക്ഷേ, പരിശുദ്ധ മാതാവ് നിങ്ങളെ സ്വര്‍ഗത്തില്‍ സ്വീകരിക്കുമെന്ന് എനിക്കറിയാം,” റൂബന്‍ തന്റെ കുറിപ്പില്‍ എഴുതി. അദ്ദേഹം പറഞ്ഞ വചനം ഉദ്ധരിച്ചാണ് റൂബന്‍ അവസാനിപ്പിക്കുന്നത്,
ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് അവിടുന്ന് എല്ലാം നന്മയ്ക്കായി മാറ്റുന്നു (റോമാ 8/28)