ജീവിതത്തിന്റെ കണക്ക് ശരിയാക്കാന്‍… – Shalom Times Shalom Times |
Welcome to Shalom Times

ജീവിതത്തിന്റെ കണക്ക് ശരിയാക്കാന്‍…

ബില്‍ വച്ച് പരിശോധിച്ചപ്പോഴാണ് കണക്ക് ശരിയായത്. അതുവരെ കൂട്ടിയും കുറച്ചും ഞാന്‍ കഷ്ടപ്പെട്ടു. പണം ഏതുവഴിക്കാണ് പോയതെന്ന് അറിയാതെ കുടുങ്ങിയിരിക്കുകയായിരുന്നു. ഏതായാലും ബില്‍ കയ്യിലെടുത്തുവച്ച് നോക്കിയപ്പോള്‍ കാഷ് ടാലിയായി.
പ്രിയപ്പെട്ട സുഹൃത്തേ, ഇതുപോലെ കണക്ക് ശരിയാവാതെ വിഷമിക്കുകയാണോ? ജീവിതത്തില്‍ എന്തെങ്കിലും തടസം താങ്കള്‍ അനുഭവിക്കുന്നുണ്ടോ? കാര്യങ്ങള്‍ ഒന്നും ശരിയാവുന്നില്ലേ? വിഷമിക്കണ്ട. ഒരു ടിപ് പറയാം.
വിശുദ്ധ ഗ്രന്ഥമെടുത്ത്, വായിക്കുന്ന ഓരോ വചനത്തിലൂടെയും ഒരു പരിശോധന നടത്താന്‍ തയ്യാറാണോ? കാര്യം ശരിയാവും.

വിശദമായി പറയാം.
ഉദാഹരണത്തിന്, ഹെബ്രായര്‍ പതിമൂന്നാം അധ്യായം വായിക്കുകയാണെന്നു വിചാരിക്കുക. അതിലെ ആദ്യത്തെ വചനം ഇപ്രകാരമാണ്. ‘സഹോദരസ്‌നേഹം നിലനില്‍ക്കട്ടെ, അതിഥിമര്യാദ മറക്കരുത്. ‘ഇത് വായിച്ചുകഴിഞ്ഞാല്‍ ഒരു നിമിഷം മനസ്സില്‍ ചോദിക്കണം. ഇതില്‍ ഞാന്‍ വീഴ്ച വരുത്തിയിട്ടുണ്ടോ ഇല്ലയോ എന്ന്. ഉണ്ടെങ്കില്‍ ഉടനെ നോട്ട് ചെയ്തുവയ്ക്കണം. തൊട്ടടുത്ത കുമ്പസാരത്തില്‍ ഏറ്റുപറയുകയും പ്രാവര്‍ത്തികമാക്കുകയും വേണം.
നമ്മള്‍ വെറുതെ നോക്കിയാല്‍ ഒരുപക്ഷേ നമ്മുടെ ജീവിതത്തിന് ഒരു കുറവും കണ്ടെന്നു വരില്ല. തെറ്റെന്ന് എടുത്തുപറയാന്‍ തക്കവിധം ഒന്നും ശ്രദ്ധയില്‍പ്പെട്ടെന്നും വരില്ല. എന്നാല്‍ വിശുദ്ധ ബൈബിള്‍ കയ്യിലെടുത്ത് അതിലെ ഓരോ വചനവും പരിശോധിച്ചാല്‍ നമ്മുടെ യഥാര്‍ത്ഥ അവസ്ഥ മനസ്സിലാകും. പ്രഭാഷകന്‍, സുഭാഷിതങ്ങള്‍ തുടങ്ങിയ പുസ്തകങ്ങളെല്ലാം നമ്മുടെ അനുദിനവ്യാപാരങ്ങളെ പരിശോധിക്കാന്‍ സഹായിക്കും. സത്യത്തില്‍ നാം ദൈവം പറഞ്ഞ കാര്യങ്ങള്‍ ഗൗരവമായി എടുക്കുന്നുണ്ടോ? വചനം പാലിക്കുന്നുണ്ടോ? ഏതൊക്കെയാണ് അറിവില്ലായ്മമൂലം ലംഘിക്കുന്നത്? അവയെല്ലാം കണ്ടെത്തി ഏറ്റുപറഞ്ഞു കുമ്പസാരിക്കാന്‍ തുടങ്ങാമോ? നമ്മുടെ ജീവിതത്തിന്റെ തടസം മാറും.

ഇത്തരത്തില്‍ കുമ്പസാരത്തിന് ഒരുങ്ങിനോക്കൂ. വചനം വായിക്കാനും തുടങ്ങൂ. വലിയ വ്യത്യാസം നമ്മുടെ ജീവിതത്തിനുണ്ടാകും. ആത്മീയ വളര്‍ച്ചയും സാധ്യമാകും, ഉറപ്പ്!
ഇതോടൊപ്പം മനസിലിരിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം, പലരും പറയുന്നു: ‘ഞാന്‍ അത്യധികം തിന്മ ചെയ്തു. കര്‍ത്താവിന് എന്നോടു ക്ഷമിക്കാന്‍ സാധിക്കുകയില്ല.’ അത് കടുത്ത ദൈവദൂഷണമാണ്. കാരണം, അത് ദൈവത്തിന്റെ കാരുണ്യത്തിന് നാം അതിര് നിശ്ചയിക്കുന്നു. വാസ്തവത്തില്‍ ദൈവകാരുണ്യത്തിന് അതിരില്ല. അത് അനന്തമാണ്.

”നമ്മുടെ പ്രിയപ്പെട്ട കര്‍ത്താവിന്റെ കാരുണ്യത്തെപ്പറ്റി സംശയിക്കുകയെന്നതുപോലെ അവിടത്തെ ദ്രോഹിക്കുന്ന മറ്റൊന്നുമില്ല” (വിശുദ്ധ ജോണ്‍ വിയാനി). കരുണയുടെ അപ്പസ്‌തോലയായ വിശുദ്ധ ഫൗസ്റ്റീനയിലൂടെയും ഈശോ ഇതുതന്നെയാണ് പലയാവര്‍ത്തി പറഞ്ഞിട്ടുള്ളത്.
നമ്മുടെ കുമ്പസാരങ്ങള്‍ ഒരേ കാര്യത്തിന്റെ ആവര്‍ത്തനമാകുന്നതുകൊണ്ടാകാം ഒരുപക്ഷേ അതില്‍ അനുഭവം ഇല്ലാതെയും സാധ്യമായ കൃപ കരസ്ഥമാക്കാതെയും പോകുന്നത്. സാരമില്ല, നമ്മുടെ സമീപനരീതി മാറ്റാം. ഈ രീതി ഒന്ന് പരീക്ഷിച്ചുനോക്കണം. വിജയമാണെന്നുകണ്ടാല്‍ മറ്റുള്ളവരോടും പറഞ്ഞുകൊടുക്കണം, തയാറാണോ?
”എന്റെ പ്രിയപ്പെട്ടവരേ, നിങ്ങള്‍ എപ്പോഴും അനുസരണയോടെ വര്‍ത്തിച്ചിട്ടുള്ളതുപോലെ, എന്റെ സാന്നിധ്യത്തില്‍മാത്രമല്ല, ഞാന്‍ അകന്നിരിക്കുന്ന ഈ സമയത്തും പൂര്‍വാധികം ഭയത്തോടും വിറയലോടുംകൂടെ നിങ്ങളുടെ സ്വന്തം രക്ഷയ്ക്കുവേണ്ടി അധ്വാനിക്കുവിന്‍. എന്തെന്നാല്‍, തന്റെ അഭീഷ്ടമനുസരിച്ച് ഇച്ഛിക്കാനും പ്രവര്‍ത്തിക്കാനും നിങ്ങളെ ഉത്തേജിപ്പിക്കുന്നതു ദൈവമാണ് (ഫിലിപ്പി 2/12-13).

ബ്രദര്‍ അഗസ്റ്റിന്‍ ക്രിസ്റ്റി PDM