ഏതാനും നാളുകള്‍ക്കുമുമ്പ് ഞാനൊരു ബന്ധുവീട് സന്ദര്‍ശിക്കാന്‍ ഇടയായി. ഒരു അമ്മച്ചിയും അപ്പച്ചനും മാത്രമാണ് അവിടെയുള്ളത്. കുറച്ചു ദൂരെത്തേയ്ക്ക് കല്യാണം കഴിപ്പിച്ചയച്ച രണ്ട് പെണ്‍മക്കളും കുടുംബവും രണ്ട് മാസം കൂടുമ്പോള്‍ ഏതാനും ദിവസം നില്ക്കാന്‍ വരുമത്രേ. അതാണ് ഏറ്റവും കാത്തിരിക്കുന്ന ദിവസങ്ങള്‍ എന്നവര്‍ പങ്കുവച്ചു. ബന്ധുക്കളോ കുഞ്ഞുമക്കളോ ആരെങ്കിലുമൊക്കെ ഇടയ്ക്ക് വീട്ടില്‍ വരുന്നതുതന്നെ സന്തോഷമാണെന്നും അവര്‍ പറഞ്ഞു. പ്രായത്തിന്റെ അസ്വസ്ഥതകളും ചിന്തകളും തമ്പുരാനോട് പറഞ്ഞും പ്രാര്‍ത്ഥിച്ചും സമാധാനം കണ്ടെത്തുമെന്നും എന്തെങ്കിലും അസുഖം വന്നാലും ഒരുപാട് ദൂരെയല്ലാതെ ഒരു ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ ഉള്ളത് ആശ്വാസമാണെന്നും… അങ്ങനെയങ്ങനെ അമ്മച്ചി വിശേഷങ്ങള്‍ തുടരുകയാണ്.
നടുവേദനയും മുട്ടുവേദനയുമൊക്കെ ഉണ്ടെങ്കിലും രണ്ട് പശുക്കളെ വളര്‍ത്തുന്നുണ്ട്. അവയ്ക്ക് പുല്ലു ചെത്തിയും പാല്‍ കറന്നും കൂടാതെ വീട്ടിലേക്ക് എന്നും ആവശ്യമായ കുറച്ചു പച്ചക്കറികള്‍ പറമ്പില്‍ത്തന്നെ നട്ടുവളര്‍ത്തിയും അവരങ്ങനെ കഴിയുന്നു. വളരെ കുറച്ചു പരാതികളും ഒരുപാട് സന്തോഷവും നിറഞ്ഞ അവരുടെ ജീവിതം എനിക്കും ഒരു പ്രചോദനമായി.
തൊഴുത്തില്‍ നിറവയറുമായി നില്‍ക്കുന്ന പശു ഒന്ന് കരഞ്ഞപ്പോഴാണ് അങ്ങോട്ട് ശ്രദ്ധിച്ചത്. അവിടെ ഒരു ബള്‍ബ് പോലുമില്ല. ”രാവിലെ അഞ്ച് മണിക്ക് തൊഴുത്ത് വൃത്തിയാക്കാന്‍ വരുമ്പോള്‍ ഇരുട്ടല്ലേ അമ്മച്ചീ… പശു പ്രസവിക്കാറാവുകയും ചെയ്തല്ലോ?”
ആ ചോദ്യത്തിന് അമ്മച്ചി നിസാരമായി മറുപടി നല്കി: ”വര്‍ഷം കുറെ ആയില്ലേ, ഇപ്പോള്‍ ശീലമായി. അതുകൊണ്ട് ഇരുട്ടൊന്നും പ്രശ്‌നമല്ല കൊച്ചേ…”
എന്നാലും എന്റെ മനസിന് ആകെ ഒരു അസ്വസ്ഥത. അവിടൊരു ബള്‍ബ് ഉണ്ടെങ്കില്‍ അവര്‍ക്കത് ഒരുപാട് ഉപകാരപ്പെടും എന്നത് തീര്‍ച്ച.
അവരുടെ കൃഷിത്തോട്ടത്തിലെ കുറെ പച്ചക്കറികളും തന്ന്, ഇനിയും വരണേ എന്ന് പറഞ്ഞു യാത്രയാക്കിയപ്പോഴേക്കും ഒരു പരിഹാരം മനസ്സില്‍ തെളിഞ്ഞിരുന്നു.
വീട്ടില്‍ വന്ന് വിശേഷങ്ങള്‍ പറയുന്ന കൂട്ടത്തില്‍, ‘അവിടെയൊരു ബള്‍ബ് ഇട്ടുകൊടുക്കാനുള്ള വയറിങ്ങ് ഒക്കെ അറിയില്ലേ, നമുക്കത് ചെയ്ത് കൊടുത്താലോ’ എന്ന് ഭര്‍ത്താവിനോട് ചോദിച്ചപ്പോള്‍ അദ്ദേഹവും തയാര്‍. അടുത്തൊരു ദിവസം തന്നെ എല്‍.ഇ.ഡി ബള്‍ബും അനുബന്ധ സാമഗ്രികളുമായി പോയി. തൊഴുത്തിലേക്ക് ഇലക്ട്രിക് കണക്ഷന്‍ ചെയ്തുകൊടുത്ത് ബള്‍ബും ഇട്ടു. തുടര്‍ന്ന് വര്‍ത്തമാനവും പറഞ്ഞ് കാപ്പിയും കുടിച്ച് ഇറങ്ങുമ്പോള്‍ ഇരുകൂട്ടരുടെയും മനസും മുഖവും സന്തോഷംകൊണ്ട് നിറഞ്ഞിരുന്നു.
ഈയിടെ ഇക്കാര്യം ഓര്‍മയില്‍ വന്നപ്പോള്‍ പുല്‍ക്കൂട്ടിലെ ഉണ്ണീശോ എന്നോട് പുഞ്ചിരിയോടെ പറയുന്നതുപോലെ ഒരു തോന്നല്‍: ”എന്റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന് നിങ്ങള്‍ ഇത് ചെയ്തുകൊടുത്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തുതന്നത്” (മത്തായി 25/40).
ട്രീസ ടോം ടി.