അമേരിക്കയുടെ ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ എഴുതപ്പെട്ട ഒരു പേരാണ് എബ്രഹാം ലിങ്കണ്‍. അമേരിക്കയെ ഭരിച്ച അനേകം പ്രസിഡന്റുമാരുണ്ടെങ്കിലും ജനഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. രാജ്യഗാത്രത്തിലെ ഏറ്റവും കറുത്ത പാടായിരുന്ന അടിമക്കച്ചവടം തുടച്ചുനീക്കി എന്നതുകൊണ്ടുമാത്രമല്ല ലിങ്കണ്‍ ശ്രദ്ധേയനാവുന്നത്, ക്രിസ്തുവിന്റെ അഭൗമികമായ ആശയങ്ങള്‍ അനുപമമായ വിധത്തില്‍ സ്വജീവിതത്തില്‍ പകര്‍ത്തിയ ഒരു ജീവിതത്തിന്റെ ഉടമയായതുകൊണ്ടുകൂടെയാണ്. വിമര്‍ശിക്കുന്നവരെ അകറ്റിനിര്‍ത്തുക എന്നതാണ് സാധാരണ മനുഷ്യരുടെ സ്വഭാവം. എന്നാല്‍ ഇക്കാര്യത്തില്‍ തികച്ചും ക്രിസ്തീയമായ ഒരു സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്.
അദ്ദേഹത്തെ നിരന്തരം എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു എഡ്വിന്‍ സ്റ്റാന്റന്‍. ലിങ്കണ്‍ അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ചെയ്തതെന്താണെന്നോ? സ്റ്റാന്റനെ തന്റെ ടീമിലുള്‍പ്പെടുത്തി, സുപ്രധാനമായ ധനകാര്യവിഭാഗം അദ്ദേഹത്തെ ഏല്‍പിച്ചു. എല്ലാവരെയും അത്ഭുതപ്പെടുത്തിയ ഒരു തീരുമാനമായിരുന്നു ഇത്. കാരണം ഒരു ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ അഭിപ്രായ ഐക്യമുള്ളവരെയാണല്ലോ സാധാരണ ഉള്‍പ്പെടുത്താറുള്ളത്. ഭരണത്തില്‍ പങ്കാളിയായശേഷവും എല്ലാവരുടെയും പ്രതീക്ഷകളെ നിഷ്ഫലമാക്കിക്കൊണ്ട്, സ്റ്റാന്റന്‍ തന്റെ പഴയ വിമര്‍ശനസ്വഭാവം തുടര്‍ന്നു. അദ്ദേഹത്തെ ടീമില്‍നിന്ന് പുറത്താക്കണമെന്ന ആവശ്യമുയര്‍ന്നപ്പള്‍ ലിങ്കന്റെ മറുപടി ദൃഢമായ ഒരു ‘നോ’ ആയിരുന്നു. അതിന് കാരണമായി അദ്ദേഹത്തിന്റെ ഒരു കഴിഞ്ഞകാല അനുഭവം അദ്ദേഹം പങ്കുവച്ചു.
കുതിരപ്പുറത്തെ ഈച്ച
അദ്ദേഹം ഒരിക്കല്‍ തന്റെ സുഹൃത്തായ കൃഷിക്കാരനെ കാണുവാന്‍ ഒരു ഗ്രാമത്തില്‍പോയി. സംസാരത്തിനിടയില്‍ മുറ്റത്ത് കെട്ടിയിരുന്ന കര്‍ഷകന്റെ കുതിര വേദനകൊണ്ട് പുളയുന്നത് അദ്ദേഹം ശ്രദ്ധിച്ചു. അടുത്തുചെന്ന് നോക്കിയപ്പോള്‍ ലിങ്കണ്‍ കണ്ടത് ആ വയസന്‍ കുതിരയുടെ പുറത്ത് ഒരു വലിയ ഈച്ച (ഹോഴ്‌സ് ഫ്‌ളൈ) ഇരുന്ന് അതിന്റെ രക്തം ഊറ്റിക്കുടിക്കുന്നതാണ്. സഹതാപം തോന്നിയ ലിങ്കണ്‍ ആ ഈച്ചയെ ഓടിക്കുവാന്‍ ശ്രമിച്ചപ്പോള്‍ കര്‍ഷകന്‍ തടഞ്ഞു. ”സുഹൃത്തേ, നീ അത് ചെയ്യരുത്. കാരണം ഈ കുതിരയെ ജാഗ്രതയുള്ളതാക്കി നിര്‍ത്തുന്നത് ഈ ഈച്ചയാണ്. ഈ അനുഭവം ലിങ്കണ് വലിയൊരു പാഠം നല്‍കി. വിമര്‍ശിക്കുന്നവരും വേദനാജനകമെന്ന് തോന്നിയേക്കാവുന്ന ചില അനുഭവങ്ങളും നമുക്ക് ഉപരിനന്മ പ്രദാനം ചെയ്യുവാന്‍ ദൈവം നല്‍കുന്നതാണ്. സ്വന്തം കുറവുകള്‍ മനസിലാക്കുവാനും ദൈവത്തില്‍ കൂടുതല്‍ ശരണപ്പെടുവാനും അവര്‍ നമ്മളെ നിശ്ചയമായും സഹായിക്കുന്നു.
നമ്മുടെ ജീവിതത്തിലും ഇത്തരം ചില ഈച്ചകളെ ദൈവം നല്‍കാറുണ്ട്. അവ മാറിപ്പോകുവാന്‍ നാം ആഗ്രഹിച്ചാലും പോകുന്നില്ല, മാത്രവുമല്ല നമുക്ക് കഠിനമായ വേദന നല്‍കിക്കൊണ്ട് നമ്മുടെകൂടെ വസിക്കുന്നു. ചിലര്‍ക്കത് അവരുടെ ജീവിതപങ്കാളിതന്നെയായിരിക്കാം. എത്ര സ്‌നേഹം നല്‍കിയാലും തിരിച്ച് ഒരു തരി സ്‌നേഹംപോലും നല്‍കുകയില്ല. കുത്തുവാക്കുകള്‍ക്ക് ഒരു കുറവുമില്ല. എപ്പോഴും പരാതിയും പരിഭവങ്ങളുംമാത്രം. നിങ്ങളുടെ മനസ് പലപ്പോഴും തളര്‍ന്നുപോകുന്നു. അപ്പോള്‍ ഓര്‍ക്കുക, നിങ്ങള്‍ ദൈവത്തില്‍ കൂടുതല്‍ ശരണപ്പെടുവാന്‍ ദൈവം നല്‍കിയ ഒരു സഹായി ആണ് ആ വ്യക്തി.
ചിലപ്പോള്‍ നിങ്ങളുടെ അടുത്ത സഹപ്രവര്‍ത്തകരായിരിക്കാം ഈ ഹോഴ്‌സ് ഫ്‌ളൈ. ഒരു തരത്തിലും ഒത്തുപോകുവാന്‍ കഴിയാത്ത സ്വഭാവരീതികളുള്ള ഒരു വ്യക്തി. നിങ്ങളെക്കുറിച്ച് കുറ്റങ്ങളും അപവാദങ്ങളും പ്രചരിപ്പിക്കുന്നു. അസ്വസ്ഥനാകേണ്ട, കാരണം ദൈവം അനുവദിച്ചതാണ്. എങ്കില്‍ ഉപരിനന്മ ആയിരിക്കും ആത്യന്തികഫലം.
മറ്റുചിലര്‍ക്ക് അയല്‍ക്കാരായിരിക്കാം ഹോഴ്‌സ് ഫ്‌ളൈയുടെ രൂപത്തില്‍ വരുന്നത്. എപ്പോഴും തര്‍ക്കവും വഴക്കുംമാത്രം. അസ്വസ്ഥമാകുന്ന മനസിനോട് ‘ശാന്തമാവുക’ എന്ന് പറയുക. കാരണം സര്‍വശക്തനായ ദൈവം ഈ സാഹചര്യത്തെയും നിങ്ങള്‍ക്ക് അനുരൂപമായി പ്രയോജനപ്പെടുത്തും.
ഉള്ളില്‍ ഒരു ഈച്ച
ചിലപ്പോള്‍ നിങ്ങളുടെതന്നെ ഉള്ളിലായിരിക്കും ഈ ഈച്ച കടന്നുകൂടിയിരിക്കുന്നത്. നിങ്ങളുടെ വ്യക്തിത്വത്തിലെ ചില കുറവുകള്‍, വൈകല്യങ്ങള്‍. കുമ്പസാരത്തില്‍ കൂടെക്കൂടെ ഏറ്റുപറയുന്നു, മാറ്റണമെന്ന് തീവ്രമായ ആഗ്രഹമുണ്ട്. പക്ഷേ ഫലമില്ല. എന്നാല്‍ ജാഗ്രതയുള്ളവനായിരിക്കണം. ഈ വൈകല്യം നിങ്ങളെ കീഴ്‌പ്പെടുത്താന്‍ അനുവദിക്കരുത്. നിങ്ങളുടെ നിരന്തരമായ പോരാട്ടംതന്നെ ദൈവതിരുമുമ്പില്‍ വളരെ സ്വീകാര്യമാണ്, വലിയ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ അത് നിങ്ങളെ സജ്ജരാക്കുകയും ചെയ്യുന്നുണ്ട്. പോരാടി മനസ് തളരുമ്പോള്‍ ഒരു മൃദുസ്വരം നിങ്ങള്‍ക്കും കേള്‍ക്കാന്‍ കഴിയും: ”നിനക്ക് എന്റെ കൃപ മതി.”
എല്ലാം ദൈവത്തിന്റെ കൃപയാണെന്ന് തിരിച്ചറിയാന്‍ നമ്മെ ഇങ്ങനെ ഒരുക്കുന്ന ദൈവത്തെ കാണുവാന്‍ ശ്രമിക്കുക; നമ്മുടെ മനസ് എപ്പോഴും ആനന്ദഭരിതവും പ്രത്യാശാപൂര്‍ണവുമായിരിക്കും. നിങ്ങളുടെ നിസാരതയെ പ്രഘോഷിക്കുന്ന ഈ വ്യക്തികളെയും സാഹചര്യങ്ങളെയും ഓര്‍ത്ത് ദൈവത്തിന് സ്‌തോത്രം പാടിയാല്‍ മാത്രം മതി. തന്റെ ഇല്ലായ്മയെ തിരിച്ചറിയുന്ന വ്യക്തികളെയാണ് ദൈവം എക്കാലത്തും അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. അവരിലേക്ക് തന്റെ അപരിമേയമായ ശക്തി ഒഴുക്കിക്കൊണ്ട് ലോകത്തെ ചലിപ്പിക്കുവാന്‍, കീഴ്‌മേല്‍ മറിക്കുവാന്‍ തന്നെ, അവരെ ദൈവം ഉപയോഗിക്കും.
അതിനാല്‍ ഉപദ്രവകാരികളെന്ന് തോന്നുന്ന ഇത്തരത്തിലുള്ള ഈച്ചകളെ ഓടിക്കാന്‍ ശ്രമിക്കേണ്ട. നിങ്ങള്‍ വീണാലുടയുന്ന വെറും മണ്‍പാത്രങ്ങളാണെന്നും ഈ നിധി സ്വീകരിക്കുവാന്‍ നിങ്ങള്‍ക്ക് യോഗ്യതയില്ലെന്നും അവ നിരന്തരം ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഈ അനുഭവത്തിലൂടെ കടന്നുപോയ വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ നമുക്ക് എന്നും മനസില്‍ സൂക്ഷിക്കാം. ”എന്നാല്‍, പരമമായ ശക്തി ദൈവത്തിന്റേതാണ്, ഞങ്ങളുടേതല്ല എന്നു വെളിപ്പെടുത്തുന്നതിന് ഈ നിധി മണ്‍പാത്രങ്ങളിലാണ് ഞങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളത്” (2 കോറിന്തോസ് 4/7). ഈ ബോധ്യത്തില്‍ നിലനില്‍ക്കുവാന്‍ നമുക്ക് ഇപ്പോള്‍ത്തന്നെ പ്രാര്‍ത്ഥിക്കാം.
കര്‍ത്താവേ, ഞങ്ങളുടെ ജീവിതത്തിലെ ചില വ്യക്തികളെയും സാഹചര്യങ്ങളെയും സ്വീകരിക്കുവാന്‍ ഞങ്ങള്‍ ഏറെ ക്ലേശിക്കുന്നണ്ടെന്ന് അങ്ങേക്കറിയാമല്ലോ. മാറ്റുവാന്‍ ഞങ്ങള്‍ ആഗ്രഹിച്ചിട്ടും പ്രാര്‍ത്ഥിച്ചിട്ടും അവ മാറുന്നില്ല. അങ്ങ് അത് ഞങ്ങള്‍ക്ക് അനുഗ്രഹകാരണമായി നല്‍കിയതാണെന്ന ബോധ്യം അങ്ങയുടെ പരിശുദ്ധാത്മാവുവഴി നല്‍കണമേയെന്ന് ഞങ്ങള്‍ തീക്ഷ്ണമായി പ്രാര്‍ത്ഥിക്കുന്നു. തികച്ചും വിപരീത സാഹചര്യങ്ങളില്‍ ദൈവകരം എപ്പോഴും ദര്‍ശിച്ച പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമേ, ആമ്മേന്‍.
കെ.ജെ. മാത്യു