2014 ഡിസംബര്‍ മാസം. ഞാന്‍ ബിസിനസിന്റെ ഭാഗമായി ആലുവയ്ക്കടുത്തുള്ള ഒബ്ലേറ്റ്‌സ് ഓഫ് സെന്റ് ജോസഫ് സെമിനാരിയില്‍ ഒരു വൈദികനെ കാണാന്‍ ചെന്നു. പക്ഷേ ആ വൈദികന്‍ അന്നവിടെ ഇല്ലായിരുന്നു. അതിനാല്‍ ഞാന്‍ മടങ്ങിപ്പോകാന്‍ വാഹനമെടുത്തു. പെട്ടെന്ന് ഒരാള്‍ പുറകില്‍നിന്ന് ഓടിവന്ന് വിളിക്കുന്നു! അത് ഒരു വൈദികനായിരുന്നു. അദ്ദേഹം ആശ്ചര്യത്തോടുകൂടി എന്നെ നോക്കിയിട്ട് അദ്ദേഹത്തിന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. എനിക്ക് ആ വൈദികനെ ഒട്ടും പരിചയമില്ല. അതിനാല്‍ത്തന്നെ എനിക്കൊന്നും മനസിലായതുമില്ല. ഞാന്‍ ചോദിച്ചു, ”എന്തിനാണ് എന്നെ വിളിച്ചത്?”
അദ്ദേഹം കാര്യം വിശദീകരിച്ചു. സെമിനാരിയില്‍ ക്രിസ്മസിനോടനുബന്ധിച്ച് യുവജനങ്ങള്‍ക്കുള്ള ഒരു പ്രോഗ്രാം നടക്കുന്നുണ്ട്. അതിന് ക്ലാസെടുക്കാന്‍ വരുമെന്നു പറഞ്ഞ വ്യക്തി പെട്ടെന്ന് ഒരു അസൗകര്യം പറഞ്ഞു. തീരെ കുറഞ്ഞ സമയത്തിനുള്ളില്‍ പെട്ടെന്നൊരാളെ സംഘടിപ്പിക്കാന്‍ പാടുപെട്ട് മാതാവിനോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു അച്ചന്‍. അപ്പോള്‍ പരിശുദ്ധ അമ്മ പറഞ്ഞു, ക്ലാസെടുക്കേണ്ട ആളാണ് ആ പോകുന്നതെന്ന്. അച്ചന്‍ തുടര്‍ന്നു, ”നിന്നെ ഇതിനുമുമ്പ് എനിക്കറിയില്ല, നീ ആരാണെന്നും അറിയില്ല. പക്ഷേ അമ്മ പറഞ്ഞു, നിന്നെ വിളിക്കാന്‍. നീ ആരാണ്?”
എന്റെ കണ്ണുകള്‍ നിറഞ്ഞുപോയി. സാവധാനം ഞങ്ങള്‍ പരസ്പരം പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ പേര് ഫാ. പ്രിന്‍സ് ഒ.എസ്.ജെ. ഞങ്ങള്‍ സംസാരിക്കാന്‍ തുടങ്ങി.
ആര്‍ക്കാണ് ക്രിസ്മസ്?
സംസാരത്തിനിടെ ക്രിസ്മസുമായി ബന്ധപ്പെട്ട് എന്തോ ഒരു കാര്യം പറഞ്ഞപ്പോള്‍ അച്ചന്റെ കണ്ണുനിറഞ്ഞ് ഒഴുകാന്‍ തുടങ്ങി. തുടര്‍ന്ന് അച്ചന്‍ സ്വന്തം അനുഭവം പങ്കുവച്ചു. കുറെ വര്‍ഷങ്ങള്‍ക്കുമുമ്പ് അച്ചന്‍ ബ്രദറായിരുന്നപ്പോള്‍ ഒരു ഒക്‌ടോബര്‍ മാസം അച്ചന്റെ കുടുംബത്തില്‍നിന്ന് കുറച്ചുപേര്‍ വേളാങ്കണ്ണി തീര്‍ത്ഥാടനത്തിനുപോയി. ആ യാത്രയ്ക്കിടെ വാഹനം അപകടത്തില്‍പ്പെട്ട് അച്ചന്റെ പെങ്ങള്‍ ഉള്‍പ്പെടെ പതിമൂന്നോളം പേര്‍ മരണപ്പെട്ടു. അങ്ങനെ വലിയ ദുഃഖത്തിലും ഭാരത്തിലും വേദനയിലും സഹനത്തിലും ആഴ്ന്നിരുന്ന വീട്ടിലേക്കാണ് അച്ചന്‍ ക്രിസ്മസ് അവധിക്ക് ചെന്നത്. അപ്പനും അമ്മയും ഒന്നും സംസാരിക്കുന്നില്ല. ആകെയൊരു മൂകത. ഇത്രയും വലിയൊരു ദുരന്തം സംഭവിച്ചതിനാല്‍ വീട്ടില്‍ ആഘോഷങ്ങളൊന്നുമില്ല.
ക്രിസ്മസിന്റെ തലേ ദിവസം വെറുതെ നോക്കിയപ്പോള്‍ വീടിന്റെ ഉമ്മറത്ത് പൊടിപിടിച്ച ഒരു നക്ഷത്രം കിടപ്പുണ്ട്. കഴിഞ്ഞ വര്‍ഷം തൂക്കിയിട്ടിരുന്നതാണ്. അച്ചന്‍ ആ നക്ഷത്രം അഴിച്ചെടുത്ത് തുടച്ച് വൃത്തിയാക്കി വീടിന്റെ വാതില്‍ക്കല്‍ കൊണ്ടുപോയി തൂക്കാന്‍ തുടങ്ങി. അപ്പോള്‍ അപ്പന്‍ ഓടിവന്ന് അച്ചനെ തള്ളിയിട്ട് ചോദിച്ചു, ‘നിനക്കെന്താ ഭ്രാന്താണോ? നീ ഒരു വൈദികനാകാന്‍ ഉള്ളതല്ലേ? ഇത്രയും വലിയ ദുരന്തം നമ്മുടെ വീട്ടില്‍ സംഭവിച്ചിട്ട് നീയെന്താ ക്രിസ്മസ് ആഘോഷിക്കാനാണോ ഇവിടെ വന്നിരിക്കുന്നത്?’ പെട്ടെന്ന് അച്ചന്‍ കരയാന്‍ തുടങ്ങി. എന്നിട്ട് അപ്പനോട് പറഞ്ഞു: ”നമുക്കാണ് അപ്പാ ഈ ക്രിസ്മസ്!”
ഈ സംഭവം പറഞ്ഞതിനുശേഷം അച്ചന്‍ പറഞ്ഞു: ”യഥാര്‍ത്ഥത്തില്‍, വേദനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും സഹിക്കുന്നവര്‍ക്കും ദുഃഖിക്കുന്നവര്‍ക്കും ദരിദ്രര്‍ക്കും പീഡിതര്‍ക്കുമാണ് ക്രിസ്മസ്!” ഇതുപറഞ്ഞ് കരഞ്ഞുകൊണ്ട് അച്ചനെന്നെ കെട്ടിപ്പിടിച്ചു. ദൈവസ്‌നേഹത്തിന്റെ വലിയൊരു ചൈതന്യം എന്നിലേക്ക് നിറയുന്ന അനുഭവമായിരുന്നു ആ ആലിംഗനം. സഹനത്തിലൂടെ വിരിഞ്ഞ പൂക്കള്‍ക്ക് സുഗന്ധം കൂടുതലായിരിക്കുമല്ലോ. അച്ചനും അങ്ങനെതന്നെയായിരുന്നു.
കാലുപിടിച്ച് ക്ഷമ ചോദിച്ച വൈദികന്‍
കുറെ വര്‍ഷങ്ങള്‍ക്കുശേഷം 2020 ഡിസംബറില്‍ അച്ചനോടൊപ്പം മറ്റൊരു ക്രിസ്മസ് ഓര്‍മ്മയും കര്‍ത്താവ് സമ്മാനിച്ചു. ആ നാളുകളിലൊന്നില്‍, പ്രിയപ്പെട്ട ഒരു കുടുംബത്തില്‍നിന്ന് അവിടത്തെ അമ്മ എന്നെ വിളിച്ച് സങ്കടം പങ്കുവച്ചു. ആ കുടുംബത്തിലെ പപ്പ ഭയങ്കര മദ്യപാനിയാണ്. ജോലിക്കു പോകില്ല, ഭക്ഷണം കഴിക്കില്ല, മുഴുവന്‍ സമയവും മദ്യപാനം. അമ്മ ചോദിച്ചു, ”മോനേ, എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ? പപ്പ മദ്യപിച്ച് ഒടുവില്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റാകും. പിന്നെ മാലയോ വളയോ പണയം വയ്ക്കുകയോ വില്‍ക്കുകയോ ചെയ്യണം ഹോസ്പിറ്റല്‍ ബില്ലടയ്ക്കാന്‍. വേറെ വരുമാനമാര്‍ഗങ്ങള്‍ ഒന്നുമില്ല. ഇനിയൊരു കൊച്ചിനെ കെട്ടിക്കാനുമുണ്ട്. എന്തു ചെയ്യും? പപ്പ ഇങ്ങനെ കുടിച്ചു നശിച്ചുകൊണ്ടിരിക്കുകയാണ്, ആരോഗ്യവും നശിക്കുന്നു.”
പെട്ടെന്നെനിക്ക് പ്രിന്‍സച്ചന്റെ മുഖം ഓര്‍മവന്നു. ഞാന്‍ അച്ചനോട് ആ പപ്പയെ അച്ചനടുത്തേക്ക് വിട്ടാല്‍ ഒന്നു പ്രാര്‍ത്ഥിക്കാന്‍ പറ്റുമോ എന്നു ചോദിച്ചു. അച്ചന്റെ സമ്മതം കിട്ടിയപ്പോള്‍ ആ വീട്ടില്‍ചെന്നു. ഏറെ നിര്‍ബന്ധിച്ചിട്ടാണ് പപ്പ വരാന്‍ തയാറായത്. വന്നപ്പോള്‍പ്പോലും നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു. സഹനം നിറഞ്ഞ ഒരു യാത്രയായിരുന്നു അത്. ഒടുവില്‍ അച്ചനരികിലെത്തി.
പപ്പയെ കണ്ടുകഴിഞ്ഞപ്പോഴേ അച്ചന്‍ ചെയ്തത് അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ്, ക്ഷമ ചോദിച്ചുകൊണ്ട് ആ മനുഷ്യന്റെ കാലില്‍ വീഴുക!! ഞാന്‍ ആകെ ആശ്ചര്യപ്പെട്ടുപോയി. ഉടനെ ആ പപ്പ കരയാന്‍ തുടങ്ങി. ഇരുവരും പരസ്പരം ആലിംഗനം ചെയ്തുനിന്നു. തുടര്‍ന്ന് പപ്പതന്നെ അച്ചനോട് പറഞ്ഞു, ”എനിക്ക് മദ്യപാനം നിര്‍ത്തണം. അതിന് അച്ചന്‍ എന്നെ സഹായിക്കുമോ?”
പ്രാര്‍ത്ഥനയെല്ലാം കഴിഞ്ഞ് ഞാന്‍ അച്ചനെ കണ്ടപ്പോള്‍ ചോദിച്ചു, ”എന്താണച്ചാ ഉണ്ടായത്?”
അച്ചന്‍ മറുപടി നല്കി, ”ആ പപ്പയെ കണ്ടപ്പോള്‍ ഈശോ എന്നോട് പറഞ്ഞു, ഇദ്ദേഹത്തിന് വൈദികരുമായി ഏറെ പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ കുടിക്കുന്നത്. ആ മേഖലയില്‍ പപ്പയ്ക്ക് സൗഖ്യത്തിന്റെ ആവശ്യമുണ്ട് എന്ന്. അതിനാലാണ് വൈദികര്‍ക്കുവേണ്ടി ഞാന്‍ പപ്പയുടെ കാലുപിടിച്ച് ക്ഷമ ചോദിച്ചത്!!”
മടക്കയാത്രയില്‍ ഞാന്‍ പപ്പയോട് ചോദിച്ചു ”എന്തെങ്കിലും പ്രശ്‌നമുണ്ടോ?”
എന്റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം ഏറെ കാര്യങ്ങള്‍ പങ്കുവച്ചു. അദ്ദേഹം നേരിട്ട പ്രശ്‌നങ്ങളാണ് ആ മനുഷ്യനെ മദ്യപാനത്തിന് അടിമയാക്കിയത്. എന്തൊക്കെയാണെങ്കിലും ആ ഒരൊറ്റ പ്രാര്‍ത്ഥനയോടുകൂടി വര്‍ഷങ്ങള്‍ നീണ്ട മദ്യപാനം പൂര്‍ണമായും നിര്‍ത്തി. അതിനുശേഷം ക്രിസ്മസ്ദിനത്തില്‍ വൈകിട്ട് ആ കുടുംബത്തിലെ അമ്മ എന്നെ ഫോണ്‍ ചെയ്യുകയുണ്ടായി. നന്ദി പറയാനാണ് വിളിച്ചത്. അവരുടെ വിവാഹം കഴിഞ്ഞിട്ട് 37 വര്‍ഷമായി. ഈ 37 വര്‍ഷത്തിനുള്ളില്‍ ആദ്യമായിട്ടാണ് ഒരു ക്രിസ്മസ് ഇത്ര സന്തോഷപൂര്‍വം ആ വീട്ടില്‍ ആഘോഷിച്ചതെന്ന് അമ്മ സന്തോഷത്തോടെ പറഞ്ഞു. പപ്പ മദ്യപിക്കാത്ത ആദ്യത്തെ ക്രിസ്മസ്!
ദൈവം നമ്മെ ഒരു നിയോഗം ഏല്‍പിച്ചിരിക്കുന്നു. ആ നിയോഗം തിരിച്ചറിഞ്ഞ് കര്‍ത്താവിനുവേണ്ടി നാം അത് ഏറ്റെടുത്തു ചെയ്തു കഴിയുമ്പോള്‍ പല ഭവനങ്ങളെയും നമുക്കൊരു പുല്‍ക്കൂടാക്കി മാറ്റാന്‍ പറ്റും. അവിടെ ഈശോ ജനിക്കട്ടെ. പ്രിന്‍സച്ചന്റെ വീട്ടിലെ സഹനത്തിന്റെ മധ്യത്തില്‍, സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സദ്‌വാര്‍ത്തയായി ഈശോ ജനിച്ചതുപോലെ…. മദ്യപാനത്തിലൂടെ തകര്‍ച്ചയുടെ വക്കിലിരുന്ന ആ അമ്മയുടെ വീട് ഒരു പുല്‍ക്കൂടായി മാറിയതുപോലെ…
വേദനിക്കുന്നവര്‍ക്കും ദരിദ്രര്‍ക്കുമായി കര്‍ത്താവിന്റെ സദ്‌വാര്‍ത്ത അറിയിക്കാന്‍ നമുക്ക് സാധിക്കട്ടെ. ”ഇതാ സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്‌വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു ഇന്ന് ജനിച്ചിരിക്കുന്നു” (ലൂക്കാ 2/10-11). ഈശോ അവിടെ ജനിക്കാനുള്ള സാഹചര്യം ഒരുക്കാന്‍ നമുക്ക് പരിശ്രമിക്കാം.
ജോര്‍ജ് ജോസഫ്