കര്‍ത്താവായ ഈശോയേ, മനുഷ്യരെ പിടിക്കുന്നവരാക്കാന് ആദ്യ ശിഷ്യരെ അങ്ങ് വിളിച്ചതുപോലെ, ‘എന്നെ അനുഗമിക്കൂ..’ എന്ന അങ്ങയുടെ മാധുര്യമേറിയ ക്ഷണം വീണ്ടും മുഴങ്ങട്ടെ. വിശുദ്ധരായ വൈദികരെയും സമര്‍പ്പിതരെയും തിരുസഭയ്ക്ക് നല്കണമേ. അതിനുവേണ്ടിയുള്ള അങ്ങയുടെ ക്ഷണത്തിന് ഉടന്‍ പ്രത്യുത്തരമേകാന്‍ യുവതീയുവാക്കള്‍ക്ക് കൃപയേകിയാലും. ഞങ്ങളുടെ കുടുംബങ്ങളെ വിശുദ്ധമായ ദൈവവിളികളാല്‍ സമ്പന്നമാക്കണമേ.
അങ്ങയുടെ വിളഭൂമികളിലേക്ക് ആത്മാക്കളുടെ രക്ഷയ്ക്കായി സുവിശേഷതീക്ഷ് ണതയുള്ള വൈദികരെയും സന്യസ്തരെയും അയയ്ക്കണമേ.. ലോകാന്ത്യത്തോളവും ദിനവും പരിശുദ്ധ കൂദാശകള്‍ പരികര്‍മം ചെയ്യുന്നതിന് ഭക്തരായ പുരോഹിതരെയും ആത്മീയ പരിപോഷണത്തിന് സമര്‍പ്പിതരെയും എക്കാലവും സഭയ്ക്ക്
പ്രദാനം ചെയ്യണമേ. വൈദികരുടെയും സന്യസ്തരുടെയും അഭാവത്താല്‍, വിശുദ്ധ കൂദാശകള്‍ സ്വീകരിക്കാതെയോ ആത്മീയസഹായം ലഭ്യമാകാതെയോ ഒരാത്മാവുപോലും നഷ്ടമാകാന്‍ അനുവദിക്കരുതേ.
ദൈവിക രക്ഷാ പദ്ധതിയില്‍ സഹകരിക്കാന്‍ നമ്മെ വിളിക്കുന്ന കര്‍ത്താവിനോട് ‘അതെ’ എന്ന് പറയാന്‍ എല്ലാ ദൈവവിളിയുടെയും മാതൃകയും സഭയുടെ മാതാവുമായ പരിശുദ്ധ കന്യാമറിയം നമ്മെ സഹായിക്കട്ടെ, ആമേന്‍