2022 ജൂണ്‍ മുതല്‍ 2025 മുഴുവനും സാധാരണക്കാരനായ ഒരു യുവാവ് സാര്‍വത്രികസഭയുടെ ശ്രദ്ധാ കേന്ദ്രമാവുകയാണ്. 2025 വിശുദ്ധ ജൂബിലി വര്‍ഷത്തിനുവേണ്ടിയുള്ള ലോഗോ മത്സരത്തില്‍ വിജയംകൊയ്യാന്‍ കഴിഞ്ഞുവെന്നതാണ് ഇദ്ദേഹത്തിന്റെ അപൂര്‍വത. ജ്യാകോമോ എന്ന ഈ യുവാവിനെ തെല്ലൊന്നുമല്ല ഇത് അമ്പരപ്പിച്ചത്. അപ്രതീക്ഷിതമായ ഈ നേട്ടത്തെക്കുറിച്ച് അദ്ദേഹം ഒരു ഇന്റര്‍വ്യുവില്‍ പങ്കുവച്ചു:
ഞാന്‍ ഡിസൈന്‍ ചെയ്ത ലോഗോ വിശുദ്ധ ജൂബിലിക്കുവേണ്ടി തിരഞ്ഞെടുക്കപ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. 48 രാജ്യങ്ങളില്‍ നിന്ന് 294 പേര്‍ പങ്കെടുത്ത മത്സരം. എന്നിട്ടും ഈ അന്താരാഷ്ട്ര മത്സരത്തില്‍, ആദ്യം തെരഞ്ഞെടുക്കപ്പെട്ട 10 പേരില്‍ ഞാനും എത്തിപ്പെട്ടു. അതെനിക്ക് ചെറിയ പ്രതീക്ഷയേകി. ദിവസങ്ങള്‍ കഴിഞ്ഞു, പിന്നീട് അറിവൊന്നും ലഭിച്ചതുമില്ല.
ആ നാളുകളില്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത ക്ലേശങ്ങളിലൂടെ കടന്നുപോവുകയായിരുന്നു ഞാന്‍. മത്സരത്തിലെ പ്രതീക്ഷയുമറ്റു. സകലവിധത്തിലും പ്രത്യാശ നഷ്ടമായ അവസ്ഥ. പ്രത്യാശയെക്കുറിച്ച് ലോഗോ ഡിസൈന്‍ ചെയ്ത എനിക്കുതന്നെ പ്രത്യാശ കൈമോശം വരുന്നുവോ? പ്രശ്‌നസങ്കീര്‍ണമായ ദിനങ്ങളിലൊന്നില്‍ മോണ്‍സിഞ്ഞോര്‍ ഫിസികെല്ലായുടെ ഫോണ്‍ കോളെത്തി, അഭിനന്ദനങ്ങളുമായി.. ‘സമര്‍പ്പിക്കപ്പെട്ട ലോഗോകളില്‍നിന്ന് മൂന്നെണ്ണം തിരഞ്ഞെടുത്ത് മാര്‍പാപ്പയ്ക്ക് സമര്‍പ്പിച്ചു. ഫ്രാന്‍സിസ് പാപ്പാ, ജ്യാകോമോ ഡിസൈന്‍ ചെയ്ത ലോഗോ ജൂബിലിക്കുവേണ്ടി തിരഞ്ഞെടുത്തിരിക്കുന്നു…’ മോണ്‍സിഞ്ഞോര്‍ പറഞ്ഞതുകേട്ട് ഞാന്‍ ഞെട്ടിപ്പോയി. തികച്ചും അവിശ്വസനീയം..! ഏന്നാല്‍, അതോടെ എന്റെ ആശങ്കകളെല്ലാം പോയ്മറഞ്ഞു. ഞാനും അങ്ങനെ പ്രത്യാശയുടെ തീര്‍ത്ഥാടകനായി മാറി.
2025 പുതുവര്‍ഷം-ജൂബിലി വര്‍ഷം പ്രത്യാശയുടെ വര്‍ഷമായി മാര്‍പാപ്പ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. സന്തോഷത്തിന്റെയും പ്രത്യാശയുടെയും ഒട്ടനവധി അനുഭവങ്ങളാല്‍ ദൈവം ഈ വര്‍ഷത്തെ സമ്പുഷ്ടമാക്കും. എന്നാല്‍, ഹാപ്പി ന്യൂ ഇയറും പ്രത്യാശയുടെ ജൂബിലിയും ആശംസിക്കുമ്പോഴും വര്‍ഷം മുഴുവന്‍ സന്തോഷവും പ്രത്യാശയും ലഭിച്ചുകൊള്ളണമെന്നില്ല; വിപരീതമായവയും നേരിട്ടേക്കാം. എങ്കിലും അത്തരം അനുഭവങ്ങളിലും ക്രിസ്തുവാകുന്ന ആനന്ദത്തിന്റെയും പ്രത്യാശയുടെയും നിധിമറഞ്ഞിരിപ്പുണ്ട് എന്നത് മറക്കരുത്.
വിലമതിക്കാനാകാത്ത ആ നിധി കണ്ടെത്താന്‍ കഴിഞ്ഞാല്‍ ഈ വര്‍ഷംമുഴുവന്‍ ആനന്ദിക്കാനും പ്രത്യാശിക്കാനും സാധിക്കും, ജ്യാകോമോയെപ്പോലെ. അതിനാല്‍ 2025 യേശുവെന്ന അമൂല്യ നിധിവേട്ടയുടെ വര്‍ഷമാക്കണം. നമുക്കുചുറ്റും എന്തൊക്കെ സംഭവിച്ചാലും യേശു നമുക്കൊപ്പമുണ്ടെങ്കില്‍ ആനന്ദവും പ്രത്യാശയും നമ്മെ ചൂഴ്ന്നുനില്ക്കും.
”ഈ പ്രത്യാശ നമ്മുടെ ആത്മാവിന്റെ സുരക്ഷിതവും സുസ്ഥിരവുമായ നങ്കൂരംപോലെയാണ്” (ഹെബ്രായര്‍ 6/19).
നമുക്കു ചുറ്റും പ്രത്യാശയുടെ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് മറ്റുള്ളവരെയും ചേര്‍ത്തുപിടിച്ച് സുസ്ഥിരമായ ആ നങ്കൂരത്തിലേക്ക് തീര്‍ത്ഥയാത്ര ചെയ്യാം. പ്രത്യാശപകരുന്ന നമ്മുടെ വാക്കുകളും പ്രവൃത്തികളും മറ്റുള്ളവര്‍ക്ക് ക്രിസ്തുവില്‍ നങ്കൂരമിടാന്‍ നിദാനമാകട്ടെ.
കര്‍ത്താവേ, ഈ ജൂബിലി വര്‍ഷത്തില്‍ പ്രതികൂലങ്ങളിലും അങ്ങാകുന്ന പ്രത്യാശയുടെ നിധിശേഖരം കണ്ടെത്താനും അങ്ങിലേക്ക് മറ്റുള്ളവരോടൊപ്പം തീര്‍ത്ഥാടനം നടത്താനും സഹായിക്കണമേ, ആമ്മേന്‍.