ഉറങ്ങാന്‍ സമ്മതിക്കാതിരുന്നതാര്? – Shalom Times Shalom Times |
Welcome to Shalom Times

ഉറങ്ങാന്‍ സമ്മതിക്കാതിരുന്നതാര്?

ഏതാണ്ട് 30 വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ബസ്‌യാത്ര. തലേന്നത്തെ ജോലികളുടെ ഭാഗമായി ഉറക്കക്ഷീണമുണ്ടായിരുന്നു. യാത്രാസമയത്ത് സാധാരണ ചൊല്ലുന്ന പ്രാര്‍ത്ഥനയോടൊപ്പം 91-ാം സങ്കീര്‍ത്തനവും ചൊല്ലി. പതുക്കെ ഉറക്കത്തിലായി. രണ്ട് മണിക്കൂര്‍ എടുക്കുന്ന യാത്രയുടെ ഏതാണ്ട് ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പുറകില്‍നിന്നൊരു സ്വരം, ”എന്താ കമ്പിയില്‍ പിടിക്കാത്തത്? കമ്പിയില്‍ പിടിക്ക്.” എന്റെ പേരുവിളിച്ച് ഇങ്ങനെ പറയുന്നതാര് എന്ന് തിരിഞ്ഞുനോക്കി. അറിയുന്നവര്‍ ആരും ഇല്ല. ഞാന്‍ വീണ്ടും മയക്കത്തിലായി. ആ സ്വരം ആവര്‍ത്തിച്ചു. ‘ഒന്ന് ഉറങ്ങാനുംകൂടി പറ്റുന്നില്ലല്ലോ?’ എന്ന ചിന്തയാണ് മനസില്‍ വന്നത്. പക്ഷേ ഇതാ മൂന്നാം പ്രാവശ്യവും ആ സ്വരം!

ഏതായാലും ഉറക്കം പോകട്ടെ, കമ്പിയില്‍ ശക്തമായി പിടിച്ചു. ഞാന്‍ സഞ്ചരിക്കുന്ന വാഹനത്തിന് ഡോര്‍ ഇല്ല, വശങ്ങളില്‍ കമ്പിയും ഇല്ല. മുന്നിലെ കമ്പിമാത്രമേ പിടിക്കാനുള്ളൂ. അതുപിടിച്ച് ഇരുന്നു. പെട്ടെന്നതാ മറ്റൊരു വാഹനം തെറ്റായി എതിര്‍വശത്തുനിന്ന് മുന്നിലേക്ക് കയറിവരുന്നു. ഞങ്ങളുടെ വാഹനം സഡന്‍ ബ്രേക്ക് ഇട്ടു. പലരും വാഹനത്തില്‍ത്തന്നെ മറിഞ്ഞുവീണു. ഞാന്‍ കമ്പിയില്‍ പിടിച്ചില്ലായിരുന്നെങ്കില്‍ റോഡിലേക്ക് പോകുമായിരുന്നു. തീര്‍ച്ചയായും മൂന്നാമത്തെ അനുസരണം എന്നെ രക്ഷിച്ചു. എന്റെ പൊന്നുതമ്പുരാനാണ് എന്നെ പേരുചൊല്ലി വിളിച്ചത് എന്ന് എനിക്ക് വ്യക്തമായി.

റോസമ്മ ഡോമിനിക്, പാലാ