അടുത്തടുത്ത് പള്ളികളില്ലാത്ത കാലം. ഇടവകാതിര്‍ത്തി വളരെ വിസ്തൃതമായിരുന്ന സമയത്ത് മാനന്തവാടി ലത്തീന്‍ ഇടവകയില്‍ താത്കാലിക വികാരിയായി നിയമിക്കപ്പെട്ടു. ഓരോ സ്റ്റേഷന് പള്ളികളിലും ഓരോ ദിവസം പോയി വിശുദ്ധ കുര്‍ബാന ചൊല്ലും. കുമ്പസാരം, വീടുവെഞ്ചരിപ്പ് എല്ലാം കഴിഞ്ഞ് മടങ്ങുമ്പോള്‍ സന്ധ്യയാകും. ഒരിക്കല്‍ അങ്ങനെ മാനന്തവാടിയില്‍ തിരികെയെത്തിയപ്പോള്‍ ഗവണ്മെന്റ് ആശുപത്രിയില്‍നിന്ന് ആരോ അന്ത്യകൂദാശ ആവശ്യപ്പെട്ടുവന്നിരുന്നു എന്നറിഞ്ഞു. ഉടനെ വിശുദ്ധ കുര്ബാനയുമെടുത്ത് തിടുക്കത്തില്‍ പോയി.
പക്ഷേ അവിടെച്ചെന്നപ്പോള്‍ ആവശ്യക്കാരെ ആരെയും കണ്ടില്ല. എത്ര ചോദിച്ചിട്ടും ആരും കുമ്പസാരിക്കാനോ വിശുദ്ധ കുര്‍ബാന സ്വീകരിക്കാനോ ആഗ്രഹം കാണിച്ചില്ല. പിറ്റേന്ന് രാവിലെ ഒരു തമിഴ്ബാലന്‍ വന്ന് പറയുകയാണ്. അവന്റെ അച്ഛന് ആശുപത്രിയില്‍വച്ച് മരിച്ചെന്ന്. ഞാന്‍ ദിവ്യകാരുണ്യവും വഹിച്ച് ചെന്നപ്പോള്‍ അയാള്‍ ആശുപത്രിയിലുണ്ടായിരുന്നു. എന്നാല്‍ കുമ്പസാരിക്കാനോ വിശുദ്ധ കുര്‍ബാന സ്വീകരിക്കാനോ അയാള്‍ ആഗ്രഹിച്ചില്ല.
അതിന് കുറച്ച് ദിവസങ്ങള്‍ക്കുമുമ്പ് ഞാന്‍ അയാളുടെ വീട്ടില്‍ ചെന്നുകണ്ട് പള്ളിയില്‍ വരണമെന്നെല്ലാം പറഞ്ഞതാണ്. അന്ന് രോഗം ഉണ്ടായിരുന്നില്ല. മരണദിവസംമാത്രമാണ് അയാള്‍ക്ക് രോഗമായത്. ഞാന്‍ വിശുദ്ധ കുര്‍ബാനയുമായി തിരികെപ്പോന്നശേഷം അയാള്‍ മരിച്ചു. ഇത്ര നല്ല അവസരം ദൈവം കൊടുത്തിട്ടും അത് പ്രയോജനപ്പെടുത്താന്‍ ആ മനുഷ്യന് കഴിഞ്ഞില്ല. ജീവിതകാലത്ത് ദൈവികകാര്യങ്ങളില്‍ യാതൊരു താത്പര്യവുമില്ലാത്ത വ്യക്തിയുടെ അവസാനം!
(പുണ്യസ്മരണാര്‍ഹനായ മോണ്‍.സി.ജെ. വര്‍ക്കിയുടെ ആത്മകഥയില്‍നിന്ന്)