സൊസൈറ്റി ഓഫ് ജീസസ് സമൂഹാംഗമായ ഫാ. റോവിംഗ്ലിയോണ്‍ പറഞ്ഞ സംഭവമാണിത്.
ഒരു യുവാവിന് ഏഴ് വാളുകളാല്‍ ഹൃദയം തുളയ്ക്കപ്പെടുന്ന വ്യാകുലമാതാവിന്റെ തിരുസ്വരൂപം പതിവായി വണങ്ങുന്ന ശീലമുണ്ടായിരുന്നു. ഒരിക്കല്‍ ആ യുവാവ് ഒരു മാരകപാപം ചെയ്തു. പിറ്റേന്നും പതിവുപോലെ പരിശുദ്ധ മാതാവിനെ സന്ദര്‍ശിക്കാനെത്തിയ അയാള്‍ പതിവില്ലാത്ത ഒരു കാഴ്ച കണ്ടു. തിരുസ്വരൂപത്തിന് മറ്റ് മാറ്റങ്ങളൊന്നുമില്ലെങ്കിലും ആ വിമലഹൃദയത്തില്‍ തുളച്ചുകയറുന്ന വാളുകളുടെ എണ്ണം ഇപ്പോള്‍ എട്ടാണ്! ഉറപ്പുവരുത്താനായി അയാള്‍ വീണ്ടും വീണ്ടും എണ്ണിനോക്കി, ഇല്ല തെറ്റിയിട്ടില്ല!
നിറഞ്ഞുതുളുമ്പുന്ന ആ തിരുമിഴികളിലേക്ക് നോക്കി അത്ഭുതപ്പെട്ട് നിന്ന അയാള്‍ ഹൃദയത്തിന്റെ ആഴങ്ങളില്‍ ഒരു സ്വരം കേട്ടു, ”അമ്മയുടെ ഹൃദയം തുളയ്ക്കുന്ന എട്ടാമത്തെ വ്യാകുലവാള്‍ നിന്റെ മാരകപാപമാണ്!”
പെട്ടെന്നുതന്നെ, താന്‍ ചെയ്തുപോയ മാരകപാപത്തെക്കുറിച്ചുള്ള പാപബോധം അയാളിലുണ്ടായി. വ്യാകുലമാതാവ് അയാള്‍ക്ക് ആഴമായ അനുതാപത്തിനുള്ള കൃപ നേടിക്കൊടുത്തു. അതിസ്വാഭാവികമായ ജീവന്‍ അയാള്‍ക്ക് തിരികെ ലഭിക്കുകയും അയാള്‍ അനുഗ്രഹപ്രദമായ, പരിഹാരത്തിന്റെ ഒരു ജീവിതം നയിക്കുകയും ചെയ്തു.