അതിരാവിലെ ലഭിച്ച ഫോണ്‍കോള്‍ ഹൃദയത്തിന്റെ ഭാരം കൂട്ടി. എന്റെ സുഹൃത്തിന്റെ സഹോദരന്റെ കുഞ്ഞ് ഐ.സി.യുവില്‍ ആണ്. നാല് വയസ്സ്മാത്രം പ്രായമുള്ള മകന്‍. അവളുടെ ഏങ്ങലടികള്‍ എന്റെ കാതുകളില്‍ മുഴങ്ങിക്കൊണ്ടിരുന്നു. ഒരു പനിയുടെ ആരംഭം ആയിരുന്നു. പിന്നീട് ന്യൂമോണിയ ആയി. മറ്റ് ശരീരഭാഗങ്ങളിലേക്കും ഇന്‍ഫെക്ഷന്‍ പടര്‍ന്നുപിടിച്ചു. ഇപ്പോള്‍ ഡയാലിസിസ് വേണം എന്ന് പറയുന്നു. ആദ്യത്തെ ഡയാലിസിസ് ഉച്ചയോടെ ആരംഭിക്കണം എന്നാണ് തീരുമാനം.
”നിന്റെ ഈശോയോട് ഒന്ന് പറയുമോ മരിയ’ എന്ന് അവള്‍ കണ്ണീരോടെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
കുറച്ചു നേരം ആ കുഞ്ഞിന് വേണ്ടി പ്രാര്‍ത്ഥിച്ചു. മനസ്സില്‍ വല്ലാത്ത വേദനയും ഈശോയോടു ചെറിയ കലിപ്പും.
ഈശോയുടെ ലോജിക്
അങ്ങനെ സമയം കടന്നു പോകുമ്പോള്‍ ഈശോ ഹൃദയത്തില്‍ സംസാരിക്കുകയാണ്, ”ദൈവ കരുണയുടെ ഒരു ചിത്രം ആ കുഞ്ഞിനരികില്‍ വയ്ക്കുക.” ഈശോയുടെ വാക്കുകള്‍ എന്നെ അത്ഭുതപ്പെടുത്തി . കാരണം എന്റെ സുഹൃത്ത് അക്രൈസ്തവയാണ്. ഞാന്‍ ദുബായില്‍ ഇരുന്നുകൊണ്ട് കേരളത്തില്‍ ഉള്ള അവളോട് ദൈവകരുണയുടെ ചിത്രം എങ്ങനെ കണ്ടെത്താന്‍ പറയും. ഈശോയേ നീ ഇങ്ങനെ ലോജിക് ഇല്ലാതെ സംസാരിക്കല്ലേ എന്ന് ഒരു വാണിങ് കൊടുത്തു …
വീണ്ടും ഹൃദയത്തില്‍ അതേ പ്രേരണ വന്നുകൊണ്ടിരുന്നു. എന്തായാലും ഈശോ പറഞ്ഞതല്ലേ. പുള്ളിക്കാരന്‍തന്നെ വഴി കണ്ടോളും എന്ന് വിശ്വസിച്ചു. എന്റെ സുഹൃത്തിനെ വിളിച്ച് കാര്യം പറഞ്ഞു. ഉടനെ അവള്‍ വാട്‌സാപ്പില്‍ ദൈവകരുണയുടെ ഈശോയുടെ ഫോട്ടോ അയച്ചുനല്കാന്‍ പറഞ്ഞു. ഞാന്‍ അവള്‍ക്ക് അയച്ചു കൊടുത്തു. ഏതെങ്കിലും ഷോപ്പില്‍ പോയി ഒരു പ്രിന്റ് എടുത്തു കൊള്ളാനും കുഞ്ഞിന്റെ ബെഡില്‍ ആ ചിത്രം വച്ചു കൊള്ളാനും അവളോട് ആവശ്യപ്പെട്ടു .
കുറച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ അവളുടെ വാട്ട്‌സാപ്പ് സന്ദേശം വീണ്ടും ലഭിച്ചു. ഫോട്ടോ ലഭിച്ചെന്നും ഐ.സി.യുവില്‍ കുഞ്ഞിന്റെ ബെഡില്‍ ദൈവകരുണയുടെ ചിത്രം ഒട്ടിച്ചുവച്ചെന്നും അറിയിച്ചു. കുഞ്ഞിന്റെ ക്രിയാറ്റിനിന്‍ ഉയര്‍ന്നിരിക്കുകയാണ്. ഡയാലിസിസ് ചെയ്താലും മുപ്പതു ശതമാനം മാത്രമേ കുഞ്ഞിന്റെ സൗഖ്യം പ്രതീക്ഷിക്കുന്നുള്ളൂ. അവരുടെ കുടുംബാംഗങ്ങള്‍ എല്ലാവരും തകര്‍ന്നിരിക്കുകയാണ്. എന്ത് പറഞ്ഞ് അവരെ ആശ്വസിപ്പിക്കും. ആ കുഞ്ഞ് കടന്നു പോകുന്ന വേദന എത്ര തീവ്രമാണ്!
ദുഖത്തിന്റെ തീവ്രതയില്‍ കരുണയുടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. സായാഹ്നമായപ്പോള്‍ വീണ്ടും ഫോണ്‍ സന്ദേശം. ഡയാലിസിസ് ചെയ്യുന്നത് നാളേക്ക് മാറ്റി. കാരണം ക്രിയാറ്റിനിന്‍ വീണ്ടും പരിശോധിച്ചപ്പോള്‍ കുറയുന്നതായി കണ്ടു. എന്റെ ഹൃദയമിടിപ്പുകള്‍ അല്പം സാധാരണഗതിയില്‍ ആകാന്‍ തുടങ്ങി. ഈശോയോട് വഴക്കിട്ടെങ്കിലും പാവം ഈശോ ഐ.സി.യുവില്‍ കുഞ്ഞിനടുത്താണല്ലോ എന്നോര്‍ത്തപ്പോള്‍ വല്ലാത്തൊരു ഫീലിംഗ്.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശ്വാസകോശത്തിലെ ഇന്‍ഫെക്ഷന്‍ നിരക്ക് കുറയാന്‍ തുടങ്ങി. ഓക്‌സിജന്‍ നല്‍കുന്ന അളവ് കുറച്ചു. ക്രിയാറ്റിനിന്‍ രക്തത്തില്‍ സാധാരണ നിലയില്‍ ആയി. മൂന്ന് ദിവസങ്ങള്‍ കൊണ്ട് കുഞ്ഞിനെ ഐ.സി.യുവില്‍നിന്ന് ഈശോ പുറത്ത് കൊണ്ടുവന്നു.
ചില സമയങ്ങളില്‍ ഈശോ പറയുന്നത് കേള്‍ക്കുമ്പോള്‍ ഒരു ലോജിക്കും ഇല്ലെന്നു തോന്നിയിട്ടുണ്ട്. പക്ഷേ പിന്നീട് ഈശോ തെളിയിച്ചുതരും അവന്റെ വഴികള്‍ എന്തായിരുന്നു എന്ന്… എന്റെ സുഹൃത്തിലൂടെ ഈശോ മറ്റൊരു കാര്യം കൂടി എന്നെ അറിയിച്ചു. തൊട്ടടുത്ത ഐ.സി.യു ബെഡില്‍ കിടന്നിരുന്ന കുഞ്ഞിന്റെ അമ്മ അവളോട് ചോദിച്ചു, ‘നിങ്ങളുടെ കുഞ്ഞിനെ സൗഖ്യപ്പെടുത്തിയ ആ ദൈവത്തെ എനിക്ക് തന്നിട്ട് പോകാമോ?!’ ദൈവകരുണയുടെ ചിത്രം ഈ കുഞ്ഞിനരികില്‍ വയ്ക്കുമ്പോള്‍ അവര്‍ അത് വീക്ഷിക്കുന്നുണ്ടായിരുന്നു. അവരും അക്രൈസ്തവയാണ്, പക്ഷേ മൂന്ന് ദിവസത്തിനുള്ളില്‍ ഈശോ ചെയ്ത വലിയ അത്ഭുതത്തിന് അവരും സാക്ഷിയാണല്ലോ. അതിനാല്‍, ദൈവകരുണയുടെ ഛായാചിത്രം അവള്‍ ആ അമ്മക്ക് കൈമാറി. അവര്‍ക്ക് പിന്നീട് എന്ത് സംഭവിച്ചു എന്നറിവില്ല. എങ്കിലും അവരുടെ വിശ്വാസം എന്റെ കണ്ണുകളെ ഈറനണിയിച്ചു.
”കരുണയുടെ ഉറവിടത്തില്‍നിന്ന് കൃപകള്‍ സ്വീകരിക്കാന്‍ സമീപിക്കേണ്ട ഒരു പാത്രമാണ് ഞാന്‍ മനുഷ്യര്‍ക്ക് നല്‍കുന്നത്. ആ പാത്രം ഈശോയേ ഞാന്‍ അങ്ങില്‍ ശരണപ്പെടുന്നു എന്ന കയ്യൊപ്പോടു കൂടിയ ഈ ചിത്രമാണ്” (വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി, ഖണ്ഡിക 327)
അമ്മയെ നോക്കിയ ഈശോ
മറ്റൊരു അനുഭവം. അക്രൈസ്തവയായ ഒരു സുഹൃത്തിന്റെ അമ്മ സ്‌ട്രോക്ക് വന്നത് മൂലം അതിതീവ്രപരിചരണ വിഭാഗത്തില്‍ ഒന്നിനോടും പ്രതികരണമില്ലാതെ ആഴ്ചകളായി കിടപ്പിലായിരുന്നു. എല്ലാ ദിവസവും അവള്‍ എനിക്ക് കണ്ണീരോടെ മെസ്സേജ് അയക്കും. ആ നാളുകളില്‍ എന്റെ ശാരീരിക അവസ്ഥ യാത്ര ചെയ്യാന്‍ സാധിക്കാത്തവിധം പരിമിതപ്പെട്ടിരുന്നു. എങ്കിലും ഒരു ദിവസം പരിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുത്ത ശേഷം അവരെ സന്ദര്‍ശിക്കാന്‍ പോയി. കയ്യില്‍ ചെറിയൊരു ദൈവകരുണയുടെ ഛായാചിത്രം എടുത്തിരുന്നു. ആശുപത്രിയിലെ ചിലരുടെ സഹായത്താല്‍ ഐ.സി.യുവില്‍ കയറി അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചു. വിളിച്ചിട്ടും അമ്മ പ്രതികരിച്ചില്ല. ഒടുവില്‍ ദൈവകരുണയുടെ ഛായാചിത്രം കട്ടിലിന്റെ വലതുവശത്ത് അമ്മയുടെ മുഖത്തേക്ക് ഈശോ നോക്കുംവിധം ഒട്ടിച്ചുവച്ചു . പിറ്റേന്ന് രാവിലെ എനിക്ക് ലഭിച്ച ഫോണ്‍ സന്ദേശം ഇപ്രകാരമായിരുന്നു. ആ രാത്രിയില്‍ അമ്മ തന്റെ മകനെ തിരിച്ചറിയാന്‍ തുടങ്ങി എന്ന്. ദിവസങ്ങള്‍ക്കുശേഷം അമ്മയെ ഡിസ്ചാര്‍ജ് ചെയ്തു വീട്ടില്‍ കൊണ്ടുപോയി.
സകല മഹത്വവും ദൈവകരുണക്ക് മാത്രം!
”നീ കാണുന്നതുപോലെ ഒരു ഛായാചിത്രം ഈശോയേ അങ്ങയില്‍ ഞാന്‍ ശരണപ്പെടുന്നു എന്ന കയ്യൊപ്പോടെ വരയ്ക്കുക. ഈ ചിത്രം ആദ്യം നിങ്ങളുടെ ചാപ്പലിലും (പിന്നീട്) ലോകം മുഴുവനിലും വണങ്ങപ്പെടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഈ ഛായാചിത്രം വണങ്ങുന്ന ആത്മാവ് ഒരിക്കലും നശിച്ചുപോകുകയില്ലെന്നു ഞാന്‍ വാഗ്ദാനം ചെയ്യുന്നു. ഈ ലോകജീവിതത്തിലും പ്രത്യേകിച്ച് മരണ സമയത്തും ആ ആത്മാവിന് (അതിന്റെ) ശത്രുക്കളുടെമേല്‍ വിജയം നല്‍കുമെന്ന് കൂടി ഞാന്‍ വാഗ്ദാനം ചെയ്യുന്നു. എന്റെ സ്വന്തം മഹത്വമായി ഞാന്‍ അതിനെ സംരക്ഷിക്കും” വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി, ഖണ്ഡിക 47-48).
”ഈ ചിത്രത്തിലൂടെ ഞാന്‍ അനവധി കൃപകള്‍ ആത്മാക്കളിലേക്കു ഒഴുക്കും. അതിനാല്‍ എല്ലാ ആത്മാക്കള്‍ക്കും അതിനെ സമീപിക്കാന്‍ സാധിക്കട്ടെ” (വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി, ഖണ്ഡിക 570)
നില്‍ക്കുന്നിടത്ത് പുതുവഴി
പഴയ നിയമത്തില്‍ ദൈവമായ കര്‍ത്താവിനെ കോപാലുവും ശിക്ഷിക്കുന്നവനും കരുണയില്ലാത്തവനും ഒക്കെ ആയി നമുക്ക് തോന്നിയിട്ടുണ്ടാകാം. എന്നാല്‍, ഈജിപ്തിന്റെ അടിമത്തത്തില്‍നിന്ന് ഇസ്രായേല്‍ ജനത്തെ വിടുവിച്ച ദൈവം എത്രയോ കരുണാമയനാണ്! പത്ത് മഹാമാരികള്‍ ഒന്നിന് പിറകെ ഒന്നായി അയച്ചിട്ടും ഫറവോ കഠിനചിത്തനാകുമെന്ന് കര്‍ത്താവു മുന്‍കൂട്ടി അറിഞ്ഞിരുന്നു. ഫറവോ എതിര്‍ക്കുമ്പോഴെല്ലാം മോശയെ ദൈവം പുതിയ ശക്തിയും അഭിഷേകവുമായി അയച്ചുകൊണ്ടേ ഇരുന്നു.
ഒടുവില്‍ ഈജിപ്തില്‍നിന്ന് മോചിപ്പിക്കപ്പെട്ട ഇസ്രായേല്‍ജനത്തെ അവിടുന്ന് നയിച്ചത് മരുഭൂമിയിലൂടെ ചെങ്കടലിനു മുന്നിലേക്കാണെങ്കിലും അവിടുന്ന് അവരെ കൈവെടിഞ്ഞില്ല. പകല്‍ മേഘസ്തംഭമായും രാത്രി അഗ്‌നിസ്തംഭമായും ദൈവത്തിന്റെ സാന്നിധ്യം ഇസ്രായേല്‍ജനത്തിന് മുന്‍പില്‍നിന്ന് മാറാതെ നിന്നു. ദൈവകരുണ എന്നത് സ്‌നേഹത്തിന്റെ അഭേദ്യമായൊരു സംരക്ഷണവലയം കൂടിയാണ്. ജീവിതത്തില്‍ ഞെരുക്കങ്ങളും തകര്‍ച്ചകളും മരുഭൂമി അനുഭവവും ഒക്കെ ഉണ്ടായാലും ദൈവം ആണ് നമ്മോടു മരുഭൂമിയിലേക്കും ചെങ്കടലിനരികിലേക്കും പോകാന്‍ പറയുന്നതെങ്കില്‍ നീ നില്‍ക്കുന്നിടത്തു നിനക്കുവേണ്ടി വഴി വെട്ടുന്നവനാണ് യേശു. ചെങ്കടലിനു മുന്‍പില്‍ അവന്റെ കരുണയില്‍ ശരണപ്പെട്ടു കൊണ്ട് നില്‍ക്കുക മാത്രം ചെയ്യുക. നീ നില്‍ക്കുന്നിടത്തു തുറക്കുന്ന ഒരൊറ്റ വഴി കൊണ്ട് അവന്‍ നിന്നെ രക്ഷിക്കുകയും നിന്റെ ശത്രുക്കളെ തകര്‍ത്തു കളയുകയും ചെയ്യും.
”നിങ്ങള്‍ ഭയപ്പെടാതെ ഉറച്ചു നില്‍ക്കുവിന്‍. നിങ്ങള്‍ക്കുവേണ്ടി ഇന്ന് കര്‍ത്താവു ചെയ്യാന്‍ പോകുന്ന രക്ഷാകൃത്യം നിങ്ങള്‍ കാണും. കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്തുകൊള്ളും. നിങ്ങള്‍ ശാന്തരായിരുന്നാല്‍ മതി” (പുറപ്പാട് 14/13-14).
ആന്‍ മരിയ ക്രിസ്റ്റീന